Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

ആഗോള റബർ മാർക്കറ്റിൽ വില ഉയരാൻ സാധ്യത

ലൂണാർ പുതുവത്സരാഘോഷങ്ങൾ അവസാനിച്ചതോടെ ചൈനീസ് ടയർ കമ്പനികൾ അന്താരാഷ്ട്ര റബർ വിപണിയിൽ ഈ വാരം തിരിച്ചെത്തും. ഇതോടെ ആഗോള റബർ മാർക്കറ്റിൽ വില മുന്നേറാൻ സാധ്യതയുണ്ട്.  ചൈനീസ് വ്യവസായികളുടെ വൻ ഓർഡറുകളെ ഉറ്റുനോക്കുകയാണ് ബാങ്കോക്ക് കയറ്റുമതിക്കാർ. ബാങ്കോക്കിൽ ജനുവരി തുടക്കത്തിൽ കിലോ 134 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 155 രൂപയായി ഉയർന്നു. ജാപ്പനീസ് എക്‌സ്‌ചേഞ്ചിൽ റബർ അവധി കിലോ 220 യെന്നിലെത്തി. ചൈനയിൽ റബർ കിലോ 160 രൂപയിലാണ്.   സംസ്ഥാനത്ത് വാരമധ്യം അപ്രതീക്ഷിതമായി മഴ ലഭ്യമായത് റബർ ഉൽപാദകർക്ക് അനുഗ്രഹമായി. അടുത്ത മാസം പകൽ ചൂടു ഉയരുന്നതോടെ മരങ്ങൾ പാൽ ചുരത്തുന്നത് കുറയുമെന്നാണ് കാർഷിക മേഖലയുടെ വിലയിരുത്തൽ. സ്ഥിതിഗതികൾ അനുകൂലമല്ലെന്ന തിരിച്ചറിവിൽ ഉൽപാദകർ പുതിയ ഷീറ്റ് ഓഫ് സീസണിലെ ഉയർന്ന വിലയ്ക്കായി മാറ്റുകയാണ്. പകൽ ചൂട് കണക്കിലെടുത്താൽ ഫെബ്രുവരി പകുതിയോടെ ടാപ്പിങ് പുർണമായി നിലയ്ക്കും. നാലാം ഗ്രേഡ് റബറിന് 200 രൂപ വർധിച്ച് 14,300 രൂപയായി. അഞ്ചാം ഗ്രേഡ് 13,500-14,100 ലേക്ക് കയറി. 


ഉത്തരേന്ത്യയിൽ നിന്നുള്ള ഔഷധ, കറിമസാല വ്യവസായികളും കയറ്റുമതിക്കാരും മഞ്ഞളിനായി രംഗത്തുണ്ട്. വിളവെടുപ്പ് വേളയായതിനാൽ താഴ്ന്ന വിലക്ക് ചരക്ക് സംഭരിക്കാനുള്ള ശ്രമത്തിലാണ് വാങ്ങലുകാർ. കേരളത്തിൽ മാത്രമല്ല, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും മഞ്ഞൾ വിളവെടുപ്പ് പുരോഗമിക്കുന്നു. ചെറുകിട കർഷകർ പലരും വീട്ടാവശ്യത്തിനുള്ള മഞ്ഞൾ മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ. വിത്ത് ഇറക്കുന്ന വേളയിലെ ഉയർന്ന വില വിളവെടുപ്പിൽ ഉറപ്പ് വരുത്താനാവാത്തത് കർഷകരെ സാമ്പത്തികമായി തളർത്തി. മഞ്ഞളിന് ആഭ്യന്തര വിദേശ ഡിമാന്റുണ്ട്. കുർക്കുമിൻ അംശം ഉയർന്ന മഞ്ഞൾ സത്ത് നിർമാതാക്കൾ ശേഖരിച്ചു. കൊച്ചിയിൽ മഞ്ഞൾ വില 8800-9100 രൂപ. 


ടെർമിനൽ മാർക്കറ്റിലേക്കുള്ള കുരുമുളക് വരവ് ചുരുങ്ങിയത് അന്തർ സംസ്ഥാന വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. വിളവെടുപ്പ് വേളയായതിനാൽ കുറഞ്ഞ വിലക്ക് കൂടുതൽ മുളക് സംഭരിക്കാമെന്ന കണക്കൂകൂട്ടലിലായിരുന്നു പലരും. എന്നാൽ ജനുവരി അവസാനമായിട്ടും ചരക്ക് സംസ്‌കരിക്കുന്നതല്ലാതെ വിൽപനക്ക് ഇറക്കാൻ കർഷകരും ഉത്സാഹിച്ചില്ല. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 49,600 രൂപ. പുതിയ ചരക്കുമായി കർഷകർ ഒന്നിച്ച് വിൽപനക്ക് ഇറങ്ങിയാൽ അത് വിലയെ ബാധിക്കും. അറബ് രാജ്യങ്ങളിൽ നിന്നും ലഭിച്ച ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ജാതിക്ക, ജാതിപത്രി സംഭരിക്കുന്ന തിരക്കിലാണ്. മധ്യകേരളത്തിലെ വിപണികളിൽ വരവ് ചുരുങ്ങിയതിനാൽ വാങ്ങൽ താൽപര്യം വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഉത്തരേന്ത്യൻ ഔഷധ വ്യവസായികളും കറി മസാല നിർമാതാക്കളും ചരക്കിനായി രംഗത്തുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 340 രൂപയായും ജാതിപ്പരിപ്പ് 640 രൂപ വരെയും ഉയർന്നു. 


നാളികേര മേഖലയിൽ വിളവെടുപ്പ് പുരോഗമിച്ചെങ്കിലും കൊപ്രയാട്ട് മില്ലുകാരുടെ സാന്നിധ്യം കുറവാണ്. ഇത് മൂലം ഉയർന്ന വിലക്ക് നാളികേരം ശേഖരിക്കാനാരുമില്ല. കൊച്ചിയിൽ കൊപ്ര 8400 രൂപയിലാണ്. ബഹുരാഷ്ട്ര കമ്പനികൾ കൊപ്ര വില താഴ്ത്തി ക്വട്ടേഷൻ ഇറക്കുന്നതിനാൽ ചെറുകിട മില്ലുകാർ ചരക്ക് സംഭരണം കുറച്ചു. വെളിച്ചെണ്ണ വില ഇടിയുമോയെന്ന ആശങ്കയും മില്ലുകാരിലുണ്ട്. ശബരിമല സീസൺ അവസാനിച്ചതിനാൽ കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങക്ക് ആവശ്യക്കാരില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 13,100 രൂപയിലും തമിഴ്‌നാട്ടിൽ 11,700 രൂപയിലുമാണ്. 
കേരളത്തിൽ സ്വർണം സർവകാല റെക്കോർഡ് പ്രകടനം കാഴ്ചവെച്ച ശേഷം തളർന്നു. പവൻ 41,800 ൽ നിന്നും റെക്കോർഡായ 42,480 രൂപ വരെ കയറിയ ശേഷം വെളളിയാഴ്ച 42,000 ലേക്ക് താഴ്‌ന്നെങ്കിലും വാരാന്ത്യം പവൻ 42,120 രൂപയിലാണ്. ഗ്രാമിന് വില 5265 രൂപ. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News