Sorry, you need to enable JavaScript to visit this website.

ബി.ബി.സി ഡോക്യുമെന്ററിയും പ്രതിഛായ നഷ്ടവും

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒന്നര വർഷം കാത്തിരിക്കേണ്ടതുണ്ട്. ഏത് വിധേനയും അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും മറ്റു സംഘപരിവാർ സംഘടനകളുമെല്ലാം ഇപ്പോൾ തന്നെ അരയും തലയും മുറുക്കി രംഗത്തുണ്ട്. 
മോഡിയെ താഴെയിറക്കാനുള്ള വഴികൾ ആലോചിച്ച് പ്രതിപക്ഷവും തലപുകയ്ക്കാൻ തുടങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായി നരേന്ദ്ര മോഡിക്കെതിരെയുള്ള കനലുകൾ എരിഞ്ഞു തുടങ്ങിയിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വസ്യതയുള്ള മാധ്യമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ബി.സി 2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡിയെ തെളിവുകളുമായി പ്രതിക്കൂട്ടിൽ നിർത്തി ഡോക്യുമെന്ററിയിലൂടെ വിചാരണ ചെയ്യുമ്പോൾ അതിലെ വലിയ അപകടം തിരിച്ചറിയാൻ ബുദ്ധിയുള്ളവരാണ് കേന്ദ്ര ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്. 
ഇന്ത്യയിലെ നീതിന്യായ സംവിധാനത്തെയാകെ ഭീഷണിപ്പെടുത്തിയും അട്ടിമറിച്ചുകൊണ്ടും ഗുജറാത്ത് കലാപത്തിൽ മോഡിയും കൂട്ടരും നേടിയ ക്ലീൻ ചിറ്റ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതായിരിക്കുകയാണ്. ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദിത്തത്തിൽ നിന്ന് മോഡിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഇന്ത്യയിലെ മതേതര വിശ്വാസികളായ ജനതയാകെ ഒറ്റക്കെട്ടായി വിരൽ ചൂണ്ടി പറഞ്ഞപ്പോഴും അതിനെ അധികാരത്തിന്റെ അഹന്ത കൊണ്ട് ചെറുക്കാൻ കഴിഞ്ഞിരുന്നു. ഒടുവിൽ ഒരു വിദേശ മാധ്യമത്തിലൂടെയാണെങ്കിലും ഗുജറാത്ത് വംശഹത്യയുടെ സത്യങ്ങൾ ഓരോന്നായി പുറത്ത് വരുമ്പോൾ ബി.ജെ.പിയുടെയും അവരുടെ പരിവാരങ്ങളുടെയും കോട്ടകൊത്തളങ്ങൾ ഞെട്ടി വിറയ്ക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കർശന തീട്ടൂരമിറക്കിയത്. 
ഇന്ത്യ: ദ മോഡി ക്വസ്റ്റിയൻ (ഇന്ത്യ: മോഡി എന്ന ചോദ്യം) എന്ന ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചതിലൂടെ യഥാർത്ഥത്തിൽ അത് കൂടുതൽ ആളുകളിലേക്ക് എത്തുകയും വ്യാപകമായ ചർച്ചയാകുകയുമാണ് ചെയ്യുന്നത്. ചില സത്യങ്ങൾ എത്ര മൂടിവെച്ചാലും പുറത്തെത്തുക തന്നെ ചെയ്യുമെന്നതിന്റെ തെളിവാണ് ബി.ബി.സിയുടെ ഈ ഡോക്യുമെന്ററി.
ഇന്ത്യ രാജ്യത്തിന്റെയും ഇവിടുത്തെ പ്രധാനമന്ത്രിയുടെയും പ്രതിഛായ തകർക്കുന്നതിന് വേണ്ടി വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.ബി.സി ഗുജറാത്ത് കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കിയതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 
ഈ ആരോപണത്തിന് യാതൊരു യുക്തിയുമില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷ് സർക്കാരിന്റെ കൈവശമുള്ള രേഖകളുടെയും കൃത്യമായ അന്വേഷണത്തിന്റെയും കലാപത്തിന് ഇരയായവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയതെന്ന് ബി.ബി.സി അധികൃതർ വ്യക്തമാക്കിയതോടെ നരേന്ദ്ര മോഡിയുടെ എല്ലാ മുട്ടാപ്പോക്ക് വാദങ്ങളും തകർന്നടിയുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ബി.ബി.സിക്കെതിരെ ചില നീക്കങ്ങൾ നടത്താൻ മോഡി ശ്രമം നടത്തിയെങ്കിലും അതും വിലപ്പോയില്ല. തങ്ങളുടെ നിലപാടിൽ ബി.ബി.സി പൂർണമായും ഉറച്ചു നിന്നതുകൊണ്ടാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രക്ഷേപണം ചെയ്യുന്നത് തടയാൻ പോലും നരേന്ദ്ര മോഡിക്കും കൂട്ടർക്കും കഴിയാതിരുന്നത്.
അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഛായ നേടിയെടുക്കുകയെന്നത് നരേന്ദ്ര മോഡിയുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയതു മുതൽ തന്നെ ഇതിനുള്ള തീവ്രശ്രമങ്ങൾ അദ്ദേഹം നടത്തുകയും ചെയ്തു. ബി.ബി.സി ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ അന്താരാഷ്ട്ര തലത്തിൽ വ്യാജമായി മോഡി പടുത്തുയർത്തിയ പ്രതിഛായക്ക് വലിയ തോതിൽ മങ്ങലേറ്റിരിക്കുകയാണ്. ഗുജറാത്ത് കലാപത്തിലെ മുസ്‌ലിം വംശഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കൃത്യമായ തെളിവുകൾ ബ്രിട്ടീഷ് സർക്കാരിന്റെയും ബി.ബി.സിയുടെയും കൈയിലുണ്ടെന്ന ബോധ്യം നരേന്ദ്ര മോഡിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാരുമായും ബി.ബി.സിയുമായും ഒരു തർക്കത്തിന് പ്രധാനമന്ത്രി മുതിരാതിരിക്കുന്നത്. 
ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ പങ്ക് എന്തായിരുന്നുവെന്ന് അന്വേഷിക്കാനായി സുപ്രീം കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാൻ മാത്രമുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ അന്വേഷണ സംഘത്തിന് കിട്ടാതെ പോയ തെളിവുകളാണ് ബ്രിട്ടീഷ് സർക്കാരിന് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തം. അതിന്റെ പിൻബലത്തിലാണ് ഒരു രാജ്യത്തിലെ പ്രധാനമന്ത്രിക്കെതിരെ ഡോക്യുമെന്ററി തയാറാക്കാൻ ബി.ബി.സി ധൈര്യം കാണിച്ചത്.
ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിൽ സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്ത്  കാടത്തം ഉപയോഗിച്ചും നടപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ബി.ജെ.പി അടക്കമുള്ള സംഘപരിവാർ സംഘടനകൾ അക്രമത്തിലൂടെ തടയുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഒരു അന്താരാഷ്ട്ര മാധ്യമത്തിലൂടെ വെളിപ്പെട്ട സത്യം ജനങ്ങളിലേക്കെത്തിപ്പെടാതിരിക്കേണ്ടത് മോഡിയുടെയും ബി.ജെ.പിയുടെയും ആവശ്യമാണ്. പന്ത് ഇപ്പോൾ പ്രതിപക്ഷ പാർട്ടികളുടെ കോർട്ടിലാണ്. പ്രധാനമന്ത്രിയുടെ മുഖംമൂടി വലിച്ചുമാറ്റാൻ പ്രതിപക്ഷത്തിന് കിട്ടിയ ഏറ്റവും മികച്ച അവസരമാണിത്. അതിനെ അവർ എങ്ങനെ വിനിയോഗിക്കുന്നു എന്നതനുസരിച്ചിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ  പ്രതിപക്ഷത്തിന്റെ ഭാവി.
ഗുജറാത്ത് വംശഹത്യയിൽ മോഡിയുടെ പങ്ക് തെളിയിക്കാനായി ശ്രമിച്ചവരെയല്ലാം കേന്ദ്ര ഭരണകൂടവും സംഘപരിവാറും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനായി നീതിപീഠങ്ങളെപ്പോലും വരുതിയിലാക്കുന്നു. ഗുജറാത്ത് കലാപത്തിന്റെ ഭാഗമായുള്ള ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന ഇഹ്‌സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, അവരെ നിയമ പോരാട്ടത്തിന് സഹായിച്ച ടീസ്റ്റ സെത്തിൽവാദ്, ഗുജറാത്ത് കാഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങിയവരെയെല്ലാം മോഡി ഭരണകൂടം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സത്യം ഒരു കാലത്തും പുറത്ത് വരരുതെന്ന ദാർഷ്ട്യത്തിൽ മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് ബി.ബി.സി ഡോക്യുമെന്ററി സത്യത്തിന്റെ തുറന്നു പറച്ചിലുമായി എത്തിയത്. മോഡി ഭരണകൂടം എന്താണ് ചെയ്തതെന്നും ഇനി എന്താണ് ചെയ്യുന്നതെന്നുമെല്ലാം രാജ്യത്തെ ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാനുള്ള സുവർണാവസരമാണ് ഇപ്പോഴുള്ളത്. അതിന്റെ ഉത്തരവാദിത്തം രാജ്യത്തിലെ പ്രതിപക്ഷ കക്ഷികൾക്കാണ്. അത് അവർ ഏറ്റെടുക്കുമെന്ന് തന്നെ കരുതാം.

Latest News