Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പ്രസിഡന്റ് സുരേന്ദ്രന്റെ രാഹുല്‍ വിമര്‍ശനത്തിന് ലൈക്കടിച്ച് അനില്‍ ആന്റണി

തിരുവനന്തപുരം- രാാഹുല്‍ ഗാന്ധിയെ  വിമര്‍ശിച്ചുകൊണ്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ട്വീറ്റിന് അനില്‍ ആന്റണിയുടെ ലൈക്ക്.  രാഹുല്‍ഗാന്ധിയും കൂട്ടരും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്. ബിബിസിക്കെതിരായ അനില്‍ ആന്റണിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.
ഗുജറാത്ത് വംശഹത്യയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ രംഗത്തുവന്നാണ് എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണി വിവാദം സൃഷ്ടിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി വിമര്‍ശിച്ചതോടെ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചു.
ബിബിസിക്കെതിരെ അനില്‍ ആന്റണി വീണ്ടും ഇന്ന് രംഗത്ത് വന്നിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും അനില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ കൂടാതെ ജയ്‌റാം രമേശ് ,സുപ്രിയ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് അനില്‍ ആന്റണിയുടെ ട്വീറ്റ്. ബിബിസി ഡോക്യുമെന്ററിയെ അനുകൂലിച്ച കോണ്‍ഗ്രസ് നിലപാടിനെ പരിഹസിക്കുകയാണ് അനില്‍ ആന്റണി.
അതിനിടെ കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബി.ബി.സിയെന്ന  അനില്‍ കെ ആന്റണിയുടെ പ്രസ്താവനക്ക്  എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു മറുപടി നല്‍കി  ഇവിടെ ചര്‍ച്ച ചെയ്യുന്നത് ബി.ബി.സിയെ കുറിച്ചല്ലെന്നും ഇന്ത്യയില്‍ നടന്ന ഒരു വംശഹത്യയെ കുറിച്ചാണെന്നും വി.പി സാനു പറഞ്ഞു.
 ഗുജറാത്ത് വംശഹത്യയുമായും മറ്റും ബന്ധപ്പെട്ട് ബി.ബി.സി കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ രാജ്യത്ത് ചര്‍ച്ച ചെയ്തിട്ടുള്ള, ജനങ്ങള്‍ക്ക് അറിയാവുന്ന വസ്തുതകള്‍ മാത്രമാണ് ബി.ബി.സി പറഞ്ഞത്. എന്നാല്‍ കോടതിയുടെ മുമ്പില്‍ എത്താതെ പോയ സത്യങ്ങളാണ് അവ.
 ബി.ബി.സി കശ്മീര്‍ ഉള്‍പ്പെടുത്താതെ ഭൂപടം വരച്ചത് പ്രശ്‌നം തന്നെയാണ്. എന്നാല്‍ ബി.ബി.സിയെ വിശ്വസിക്കാന്‍ കൊള്ളാം എന്ന് പറഞ്ഞതു പോലും നരേന്ദ്ര മോദിയാണെന്നും സാനു തുറന്നടിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം എത്രത്തോളം തടയുന്നുവോ അത്രത്തോളം പ്രദര്‍ശനവുമായി മുന്നോട്ടുപോകും. അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ തലവനായിരുന്നിട്ടുകൂടി ഭാരത് ജോഡോ യാത്രയെപ്പറ്റി ഒരു വരി പോലും ട്വിറ്ററില്‍ കുറിച്ചില്ലെന്നും അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നും വി.പി സാനു പ്രതികരിച്ചു.
 പാര്‍ലമെന്റില്‍ ഉണ്ടായിരുന്നപ്പോള്‍ പോലും എ.കെ ആന്റണി ബി.ജെ.പിക്കെതിരെ ഒരു വാക്കുപോലും ഉയര്‍ത്തിയിട്ടില്ലെന്നും എന്നാല്‍, എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പറയാന്‍ ആന്റണിക്കു നാവ് പൊങ്ങിയിരുന്നുവെന്നും സാനു ഓര്‍മിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News