ഉടുമ്പിനെ കറിവെച്ചു കഴിച്ച നാലുപേര്‍ റിമാന്റില്‍

കോതമംഗലം- ഉടുമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാളറ അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ പൊന്നപ്പന്‍ (52), കെയ്യിക്കല്‍ കെ. എം. ബാബു(50), തൈപ്പറമ്പില്‍ ടി. കെ. മനോഹരന്‍, മകന്‍ മജേഷ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ആറു കിലോഗ്രാമിലധികം തൂക്കമുള്ള ഉടുമ്പിനെ ജനുവരി 26നാണ് ഇവര്‍ കലുങ്ക് ഭാഗത്തു നിന്നും വേട്ടയാടി പിടികൂടിയത്. പിന്നീട് നാല് പേരും ചേര്‍ന്ന് ഇറച്ചി വീതം വെച്ച് കറി വെച്ച് കഴിക്കുകയായിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ആയുധങ്ങളും കറി വെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ബാക്കി വന്ന ഇറച്ചിയും അന്വേഷണ സംഘം പിടൂകിട. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News