Sorry, you need to enable JavaScript to visit this website.

സർക്കാർ സ്ഥാപനത്തിൽ പൂജ; സി.പി.ഐ നേതാവിനെതിരെ വിമർശം

കൊല്ലം - പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം ഏരൂരിലെ ഫാക്ടറി മുറ്റത്ത് പൂജ നടത്തിയതായി വിമർശം. വിളവെടുപ്പിന്റെ ഭാഗമായി ശേഖരിച്ച എണ്ണപ്പനയുടെ പഴക്കുലകളുമായി എത്തിയ വാഹനം കമ്പനി ചെയർമാനും സി.പി.ഐ സംസ്ഥാന നേതാവുമായ വി.ഇ വിദ്യാധരൻ പൂജ നടത്തി സ്വീകരിച്ചുവെന്നാണ് വിമർശം. 
 വാഹനത്തിന് മുന്നിൽ ആരതി ഉഴിയുന്ന വിദ്യാധരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതേ തുടർന്ന് സി.പി.എം നേതാക്കൾ അടക്കമുളളവർ സംഭവത്തെ വിമർശിച്ചു. സർക്കാർ സ്ഥാപനത്തിൽ മതപരമായ ചടങ്ങുകൾക്ക് കൂട്ടുനിൽക്കുന്നത് ശരിയല്ലെന്ന് വിമർശകർ പറയുന്നു. ഇങ്ങനെ ഓരോ മതവിശ്വാസികളും തങ്ങളുടെ വിശ്വാസാചാരങ്ങൾ സർക്കാർ സ്ഥാപനങ്ങളിലേക്ക് കടത്തിക്കൂട്ടിയാൽ അത് ഭാവിയിൽ പ്രയാസങ്ങളുണ്ടാക്കും. വിശ്വാസവും അവിശ്വാസവുമെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്. പക്ഷേ, അത് സർക്കാർ സ്ഥാപനങ്ങളിൽ ചടങ്ങുകളാക്കി കുത്തിക്കയറ്റുന്നത് തെറ്റായ സന്ദേശമാണെന്നും വിമർശകർ ഓർമിപ്പിക്കുന്നു. 
 എന്നാൽ ഇത് മതപരമായ ചടങ്ങല്ലെന്നാണ് ഓയിൽപാമിലെ ഉദ്യോഗസ്ഥരുടെ വാദം. വിളവെടുപ്പ് നടത്തി വരുമ്പോൾ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നത് എല്ലാ വർഷവും പതിവാണെന്ന് സി.പി.ഐ നേതാക്കളും പറയുന്നു. ആരതി ഉഴിഞ്ഞുള്ള പൂജ ഇഷ്ടമുള്ളവർക്ക് നടത്താം, നടത്താതിരിക്കാം. പക്ഷേ, സർക്കാർ സ്ഥാപനത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൂജയോ മറ്റ് എന്ത് മതാചാരമായാലും പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് വിയോജിപ്പുള്ളവരും വ്യക്തമാക്കി. സംഭവം വളരെ നിസ്സാരമാണെന്നും സി.പി.എം ബോധപൂർവം വിവാദമുണ്ടാക്കുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

 

നീലഗിരിയിൽ മലയാളി പാറാവുകാരനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധം

- ആന ഓടിച്ച് പിടിച്ച് നൗഷാദിനെ ചവിട്ടിക്കൂട്ടുകയായിരുന്നു. ഭയന്നോടിയ ജമാൽ കൊക്കയിൽ വീണ് ഒടിവും ചതവുമായി ചികിത്സയിൽ
 
ഗൂഡല്ലൂർ -
കട്ടാനായുടെ ആക്രമണത്തിൽ മലയാളി പാറാവുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർ നീലഗിരിയിലെ ഓവാലി പഞ്ചായത്തിൽ  സീഫോർത്തിലെ നൗഷാദലിയാണ് കൊല്ലപ്പെട്ടത്. നൗഷാദലി ഇന്നലെ വൈകീട്ട് കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകവെ അതിർത്തിപ്രദേശമായ നീലഗിരിയിൽ വച്ച് കാട്ടാന പിന്നാലെ ഓടിച്ച് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പാറാവുകാരൻ ജമാലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 'ജോലിസ്ഥലത്തേക്ക് നീങ്ങുമ്പോൾ ആന ഓടിച്ച് പിടിച്ച് നൗഷാദിനെ ചവിട്ടിക്കൂട്ടുകായിരുന്നു. ജമാലിന് ഓട്ടത്തിനിടയിൽ വീണ് ഒടിവും ചതവുമായി ചികിത്സയിലാണ്. അമ്പിളിമല സ്വദേശികളായ ഇരുവരും ഓ വാലിയിലെ പ്ലാന്റേഷനിൽ വാച്ചർമാരാണെന്നും നാട്ടുകാർ പ്രതികരിച്ചു. 
 മുതുമലയിൽ നിന്നിറങ്ങിയ ബാലകൃഷ്ണൻ എന്ന കാട്ടാനയാണ് ആക്രമിച്ചത്.  
ഇരുവരേയും ഒരു കിലോമീറ്ററോളം കാട്ടാന ഓടിച്ചു. നൗഷാദിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. ജമാൽ സമീപത്തെ കൊക്കയിലേക്ക് വീണതിനാൽ കാട്ടാനയ്ക്ക് ആക്രമിക്കാനായില്ല. വീഴ്ചയിലാണ് ജമാലിന് പരിക്കേറ്റത്.
 നിരന്തരം വന്യമൃഗശല്യമുണ്ടായിട്ടും വനംവകുപ്പ് നടപടികളെടുക്കുന്നില്ലെന്ന് പറഞ്ഞ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിക്കുകയാണിപ്പോൾ. മൃതദേഹം പോസ്റ്റമോർട്ടത്തിന് നൽകാതെയാണ് പ്രതിഷേധം. കാര്യങ്ങൾ അന്വേഷിക്കാനെത്തിയ ഡി.എഫ്.ഒ, ഡി.എസ്.പി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ നാട്ടുകാർ തടഞ്ഞുവെച്ചു. രണ്ടു കുട്ടികളുള്ള നൗഷാദിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Latest News