എത്യോപ്യയിൽ നിന്ന് സൗദിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വൈകാതെ പുനരാരംഭിക്കും

റിയാദ് - എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വൈകാതെ പുനരാരംഭിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. ആഴ്ചകൾക്കുള്ളിൽ എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് മന്ത്രാലയം അനുമതി നൽകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴിയുള്ള ഇ-തൊഴിൽ കരാറുകൾക്കു പകരം പേപ്പറിൽ കൈകൊണ്ട് തയാറാക്കുന്ന തൊഴിൽ കരാറുകൾ തന്നെ വേണമെന്ന് എത്യോപ്യ കടുംപിടിത്തം കാണിച്ചതിനെ തുടർന്ന് 2019 മെയ് മുതലാണ് എത്യോപ്യയുമായുണ്ടാക്കിയ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മരവിപ്പിച്ചത്.
എത്യോപ്യയിൽ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാവുന്ന കൂടിയ നിരക്ക് ആയി 7500 റിയാൽ മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. എത്യോപ്യൻ ഗാർഹിക തൊഴിലാളികളുടെ വേതനം 950 റിയാൽ മുതൽ ആയിരം റിയാൽ വരെയായും നിർണയിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഏതാനും രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ ഈടാക്കാവുന്ന പരമാവധി നിരക്കുകൾ കഴിഞ്ഞയാഴ്ച മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഉഗാണ്ടയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ 9500 റിയാലും തായ്‌ലന്റിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ 10,000 റിയാലും കെനിയയിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ 10,800 റിയാലും ബംഗ്ലാദേശിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ 13,000 റിയാലും ഫിലിപ്പൈൻസിൽ നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ 17,300 റിയാലുമാണ് കൂടിയ നിരക്കുകളായി മന്ത്രാലയം നിർണയിച്ചിരുന്നത്. മൂല്യവർധിത നികുതി ഉൾപ്പെടാതെയുള്ള നിരക്കുകളാണിത്. ഈ നിരക്കുകൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിലും ഉയർന്ന തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags

Latest News