റിയാദ് - സൗദിയിൽ കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2022 ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് വ്യാപാര മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം 235.3 ബില്യൺ റിയാലായി ഉയർന്നു. കൊറോണ മഹാമാരിക്ക് മുമ്പുള്ള തോത് വ്യാപാര മേഖല മറികടന്നു. എണ്ണയിതര മൊത്തം ആഭ്യന്തരോൽപാദനത്തിൽ വ്യാപാര മേഖലയുടെ സംഭാവന 20.1 ശതമാനവും രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ മൊത്ത, ചില്ലറ വ്യാപാര മേഖലയുടെ സംഭാവന 7.8 ശതമാനവുമാണ്. കഴിഞ്ഞ കൊല്ലം രണ്ടും മൂന്നും പാദങ്ങളിൽ വ്യാപാര മേഖല വലിയ വളർച്ചക്കാണ് സാക്ഷ്യം വഹിച്ചത്. തുടർച്ചയായി ഏഴാം പാദത്തിലാണ് വ്യാപാര മേഖലയിൽ വളർച്ച രേഖപ്പെടുത്തുന്നത്.
മൂന്നാം പാദത്തിൽ വ്യാപാര മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം 82.6 ബില്യൺ റിയാലായിരുന്നു. 2021 മൂന്നാം പാദത്തിൽ ഇത് 75.9 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം വ്യാപാര മേഖലയിൽ 16 ലക്ഷം ജീവനക്കാരുണ്ട്. സൗദിയിൽ ഏറ്റവുമധികം പേർ ജോലി ചെയ്യുന്ന രണ്ടാമത്തെ മേഖലയാണ് മൊത്ത, ചില്ലറ വ്യാപാര മേഖല. ഒന്നാം സ്ഥാനത്ത് നിർമാണ മേഖലയാണ്. വ്യാപാര മേഖലയിൽ സൗദിവൽക്കരണം 25.6 ശതമാനമായി ഉയർന്നിട്ടുണ്ട്. വ്യാപാര മേഖല ജീവനക്കാരിൽ 4,20,300 ഓളം പേർ സ്വദേശികളാണ്. ഇക്കൂട്ടത്തിൽ 1,89,900 ഓളം പേർ വനിതകളാണ്.
വ്യാപാര മേഖലയിൽ കഴിഞ്ഞ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയെങ്കിലും ഇതിന് ആനുപാതികമായി വ്യാപാര മേഖലക്കുള്ള വായ്പകൾ വർധിച്ചില്ല. ഒരു വർഷത്തിനിടെ വ്യാപാര മേഖലക്ക് ധനകാര്യ സ്ഥാപനങ്ങൾ അനുവദിച്ച വായ്പകളിൽ 4.9 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം മൂന്നാം പാദാവസാനത്തോടെ വ്യാപാര മേഖലക്ക് ധനകാര്യ സ്ഥാപനങ്ങൾ അനുവദിച്ച ആകെ വായ്പകൾ 207.4 ബില്യൺ റിയാലായി.
കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദിയിലെ മൊത്തം ആഭ്യന്തരോൽപാദനം 2.1 ട്രില്യൺ റിയാലായിരുന്നു. 2021 ഇതേ കാലയളവിൽ ഇത് 1.9 ട്രില്യൺ റിയാലായിരുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ 41.8 ശതമാനം എണ്ണയിതര മേഖലയുടെ സംഭാവനയാണ്. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് എണ്ണയിതര മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം 880 ബില്യൺ റിയാലാണ്.






