Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

സ്വപ്‌നങ്ങളിലേക്ക് സൗദി

ഇറ്റാലിയൻ സൂപ്പർ കപ്പിൽ എ.സി മിലാനും ഇന്റർ മിലാനും ഏറ്റുമുട്ടുന്നതു കാണാൻ ഈ മാസം 18 ന് റിയാദ് കിംഗ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലെത്തിയ ഫുട്‌ബോൾ പ്രേമികൾക്കെല്ലാം ഒരു എൽ.ഇ.ഡി റിസ്റ്റ് ബാന്റ് ലഭിച്ചു. ഓരോ ഗോൾ വീഴുമ്പോഴും അതിൽ ചുവപ്പോ നീലയോ (ടീമുകളുടെ നിറങ്ങൾ) ഓട്ടോമാറ്റിക്കായി തെളിയും. 3-0 വിജയത്തിൽ ഓരോ തവണ ഇന്റർ ഗോളടിച്ചപ്പോഴും സ്‌റ്റേഡിയത്തിൽ നീല വെളിച്ചം തുള്ളിക്കളിച്ചു. തണുത്ത മരുഭൂ രാവിന്റെ ഇരുളിൽ മനോഹരമായ കാഴ്ചയായി അത്. ആ മത്സരം സംഘടിപ്പിക്കാൻ 80 ലക്ഷം ഡോളർ സൗദി അറേബ്യക്ക് ചെലവായി എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. പക്ഷേ ഫുട്‌ബോളിന്റെ പുതിയ ആകാശത്തേക്ക് പറന്നുയരാൻ ഒരു ചെലവും വലുതല്ല എന്നാണ് സൗദി അറേബ്യ ലോകത്തോട് പറയുന്നത്. ഈ വർഷം തുടങ്ങിയതു മുതൽ ഫുട്‌ബോൾ ലോകത്തിന്റെ കണ്ണ് സൗദിയിലാണ്. വർഷങ്ങളോളം ശ്രദ്ധാകേന്ദ്രമായി തുടരണമെന്നു തന്നെയാണ് സൗദി ആഗ്രഹിക്കുന്നത്.  
ജനുവരി 15 ന് റിയാദിൽ തന്നെയാണ് ബാഴ്‌സലോണയും റയൽ മഡ്രീഡും തമ്മിലുള്ള സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ അരങ്ങേറിയത്. അതിന്റെ അലയടങ്ങും മുമ്പെ ഇന്റർ മിലാനും എ.സി മിലാനുമെത്തി. 24 മണിക്കൂർ കഴിയുമ്പോഴേക്കും ലിയണൽ മെസ്സി-ക്രിസ്റ്റിയാനൊ റൊണാൾഡൊ പോരാട്ടം അരങ്ങേറി. അതിന് പിന്നാലെ അന്നസ്ർ ജഴ്‌സിയിൽ റൊണാൾഡോയുടെ അരങ്ങേറ്റം. 
ഒരാഴ്ചക്കിടയിൽ യൂറോപ്പിലെ നാല് മുൻനിര ക്ലബ്ബുകൾ സൗദിയിൽ ഏറ്റുമുട്ടി. ചരിത്രത്തിലെ തന്നെ രണ്ട് മികച്ച കളിക്കാർ മുഖാമുഖം വന്നു. ഭൂമുഖത്തെ ഏറ്റവും പ്രശസ്തനായ കളിക്കാരിലൊരാൾ സൗദി ക്ലബ്ബിന്റെ ജഴ്‌സിയിൽ കളത്തിലിറങ്ങി. ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താൻ ഇപ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് മടിയില്ല. ഭാവി കൂടുതൽ ശോഭനമാണ്. സൗദി എന്നും ഫുട്‌ബോൾ ഭ്രമത്തിന് പേരെടുത്ത രാജ്യമാണ്. പക്ഷേ സമീപകാല നീക്കങ്ങൾ അതിനെ ഫുട്‌ബോൾ ലോകത്തിന്റെ നേർമധ്യത്തിലേക്ക് കൊണ്ടുവരും. 2030 ലെ ലോകകപ്പ് സൗദിയിൽ അരങ്ങേറുന്നതിലേക്കാണ് എല്ലാം നയിക്കുകയെന്ന് പലരും കരുതുന്നു.  
സൗദി നിക്ഷേപം ഫുട്‌ബോളിൽ മാത്രം ഒതുങ്ങുന്നില്ലെന്നതാണ് യാഥാർഥ്യം. ആന്റണി ജോഷ്വ ഉൾപ്പെട്ട രണ്ട് ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടങ്ങൾ സൗദിയിൽ സംഘടിപ്പിക്കപ്പെട്ടു, 2019 ൽ ദിർഇയയിലും 2022 ൽ ജിദ്ദയിലും. എൽ.ഐ.വി സീരീസ് ഗോൾഫിൽ കൊടുങ്കാറ്റിളക്കി -ആദ്യ സീസണിലെ ചെലവ് 80 കോടി ഡോളറായിരുന്നു, ഈ വർഷം 100 കോടി ഡോളർ കടക്കും. ഗോൾഫിന്റെ അധികാര ശ്രേണിയെ അത് തകിടം മറിച്ചു. പ്രൊഫഷനൽ ഗോൾഫ് അസോസിയേഷന്റെ ഭീഷണി അവഗണിച്ച് മുൻനിര താരങ്ങൾ എൽ.ഐ.വി സീരീസിന്റെ ഭാഗമായി. 65 കോടി ഡോളറിന്റെ കരാറിലാണ് ഫോർമുല വൺ കാറോട്ട മത്സരങ്ങൾ 10 വർഷത്തേക്ക് സൗദി സംഘടിപ്പിക്കുക. എന്റർെടയ്ൻമെന്റ് ഗുസ്തി ഡബ്ല്യൂ.ഡബ്ല്യൂ.ഇക്ക് അടുത്ത പത്തു വർഷമെങ്കിലും സൗദി വേദിയൊരുക്കും, 650 കോടി ഡോളറാണ് അതിന് ചെലവ്. സാഹസിക വാഹന റാലിയായ ദകാർ സൗദി മരുഭൂമികളുടെ മനോഹര ദൃശ്യങ്ങളാണ് ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുന്നത്. 
ഇതെല്ലാം വലിയ സംഖ്യകളാണെന്നു തോന്നും. പക്ഷേ മഹാസമുദ്രത്തിലെ വെള്ളത്തുള്ളികൾ മാത്രമാണെന്നതാണ് യാഥാർഥ്യം. എം.എൽ.ബിയുമായും (മേജർ ലീഗ് ബെയ്‌സ്‌ബോൾ) എൻ.ബി.എയുമായും (നാഷനൽ ബാസ്‌കറ്റ് ബോൾ അസോസിയേഷൻ) ചർച്ചകൾ പുരോഗമിക്കുകയാണ്. രാജ്യങ്ങളുടെ സമ്പദ്‌ശേഖരത്തിൽ നിന്ന് നിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായി കഴിഞ്ഞ ഡിസംബറിൽ എൻ.ബി.എ ഭരണ സമിതി വോട്ട് ചെയ്തു കഴിഞ്ഞു. എൻ.എഫ്.എല്ലുമായി (നാഷനൽ ഫുട്‌ബോൾ ലീഗ്-അമേരിക്കൻ ഫുട്‌ബോൾ) 2021 ൽ സൗദി സ്‌പോർട്‌സ് കമ്പനി മൂന്നു വർഷത്തെ കരാറിലെത്തിക്കഴിഞ്ഞു. 37 കോടി ഡോളർ ചെലവിട്ട് 2021 ൽ സ്വന്തമാക്കിയ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂകാസിൽ അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് കളിക്കുമെന്ന് ഏതാണ്ടുറപ്പാണ്. മാഞ്ചസ്റ്റർ യുനൈറ്റഡും ലിവർപൂളും ഏറ്റെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് വാർത്തകൾ. റൊണാൾഡൊ അന്നസ്‌റിലേക്ക് വന്നത് വർഷം 20 കോടി ഡോളറിന്റെ കരാറിലാണ്. അതുവഴി ചരിത്രത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ഫുട്‌ബോളറായി പോർചുഗീസ് താരം. സ്പാനിഷ് സൂപ്പർ കപ്പ് നടത്താനുള്ള കരാർ വർഷം നാലു കോടി ഡോളറിന്റേതാണ്. 2029 വരെ ഇറ്റാലിയൻ സൂപ്പർ കപ്പ് സൗദിയിലായിരിക്കും -13.8 കോടി ഡോളറാണ് അതിന് ചെലവ് കണക്കാക്കുന്നത്.  
സൗദിയിലെ മൂന്നരക്കോടി ജനങ്ങളിൽ 80 ശതമാനവും ഫുട്‌ബോൾ കളിക്കുകയോ അതിൽ താൽപര്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഉന്നത നിലവാരമുള്ള ലീഗും അതിനൊത്ത ദേശീയ ടീമും ഉണ്ടാവണമെന്നാണ് സൗദി ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ സി.ഇ.ഒ ഗാരി കുക്കിനെ സൗദി ലീഗിന്റെ സി.ഇ.ഒയായി നിയമിച്ചിട്ടുണ്ട്. ലിയണൽ മെസ്സിയെ ആകർഷിക്കാൻ എല്ലാ വഴിയും തേടുന്നുണ്ട്. അതോടെ മറ്റു സൂപ്പർ താരങ്ങളും തോമസ് ടുഹേലിനെയും മൗറിസിയൊ പോകറ്റീനോയെയും പോലുള്ള കോച്ചുമാരും എത്തുമെന്നാണ് കണക്കുകൂട്ടൽ. ഉന്നത നിലവാരമുള്ള നിരവധി അക്കാദമികൾ സ്ഥാപിക്കപ്പെടുമെന്ന് സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിലെ സ്ട്രാറ്റജിക് പ്ലാനിംഗ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ഹമദ് അൽബലാവി കരുതുന്നു. 
മെസ്സി ഇപ്പോൾ തന്നെ സൗദിയുടെ ടൂറിസം അംബാസഡറാണ്. 2030 ലെ ലോകകപ്പിനായി അർജന്റീനയും ശ്രമിക്കുന്നുണ്ട്. മെസ്സി ഏത് രാജ്യം തെരഞ്ഞെടുക്കുമെന്നത് ചോദ്യചിഹ്നമാണ്. ഗ്രീസും ഈജിപ്തുമായി ചേർന്ന് സംയുക്തമായി ലോകകപ്പ് നടത്താനാണ് സൗദിയുടെ നീക്കം. 2027 ലെ ഏഷ്യൻ കപ്പ് സൗദിയിലാണ്. വനിത ഫുട്‌ബോൾ ടീമിന് സൗദി രൂപം നൽകിക്കഴിഞ്ഞു. 2030 ൽ ലോകകപ്പ് നടത്താൻ മാത്രമല്ല സൗദി ആലോചിക്കുന്നത്, അപ്പോഴേക്കും ദേശീയ ടീം ഫിഫ റാങ്കിംഗിൽ ആദ്യ ഇരുപതിലെത്തണമെന്നു കൂടിയാണ്. ഇപ്പോൾ നാൽപത്തൊമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെങ്കിലും അർജന്റീനയെ തോൽപിച്ചു. ഖത്തറിൽ ചാമ്പ്യന്മാരെ തോൽപിച്ച ഏക ടീമാണ് സൗദി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു അത്.

Latest News