Sorry, you need to enable JavaScript to visit this website.

കുങ്കിയാനകളുടെ കാലം

തീക്കട്ടയിൽ ഉറുമ്പരിക്കുന്നു. കണ്ണൂരിലെ സ്റ്റേഡിയത്തിൽനിന്നും വല്യേട്ടൻ പാർട്ടിയുടെ കൊടിമരം നീക്കി. എളമരം പോലും അറിഞ്ഞില്ല. പാർട്ടിക്കാർ തന്നെയാണ് കടുംകൈ ചെയ്തത്. യു.ഡി.എഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റി ആയതിനാൽ മാറ്റണമെന്ന നിർദേശം ഏതു നിമിഷവും പ്രതീക്ഷിച്ച് കണ്ണിൽ എണ്ണയും പോരാഞ്ഞ് ഇളനീർകുഴമ്പും തേച്ച് കാത്തിരിക്കുകയായിരുന്നു മാന്യ സഖാക്കൾ. പക്ഷേ, വരാനുള്ളതു വഴിയിൽ തങ്ങില്ല. അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു വിശാല സഖ്യമുണ്ടാകാൻ കേവലം ഒരു കൊടിമരം തടസ്സമാകാൻ പാടില്ല. തൽക്കാലം യെച്ചൂരി പങ്കെടുക്കുന്നില്ലെങ്കിലും ഭാരത് ജോഡോ യാത്രയുടെ സമാപനം ഗംഭീരമാക്കാൻ രണ്ടും കൽപിച്ചു തന്നെയാണ് മുൻ ദേശീയ പാർട്ടിയുടെ പുറപ്പാട്. 
ഹിമാലയം മുതൽ പാറശാല വരെ പാർട്ടിയുടെയും വേണ്ടി വന്നാൽ ഭാരതത്തിന്റെ തന്നെയും മൂവർണക്കൊടി ഉയർത്താൻ കോൺഗ്രസ് മടിക്കില്ല. വരുംവരായ്കകൾ പ്രശ്‌നമല്ല. പ്രതിപക്ഷ ഏകോപനത്തിന്റെ വേദിയാക്കാനുള്ള നീക്കം തങ്ങളുമായി ആലോചിച്ചില്ല എന്നതാണ് ഏക ഭിന്നത. അതിന് ആംഗലത്തിൽ പരിഹാരമുണ്ട്- സോറി എന്നു പറഞ്ഞാൽ മതി; കഥ കഴിഞ്ഞു. 
ഭാവിയിൽ ചേരാൻ പോകുന്ന ഐക്യവിശാല സമര ജനാധിപത്യ മുന്നണിയുടെ ഒരു ക്ഷണക്കത്തോ, കൊടിരമോ ഒന്നും പ്രശ്‌നമാകില്ല; കൊച്ചേട്ടൻ പാർട്ടി, വല്യേട്ടനോട് ആലോചിക്കാതെ കയറി അങ്ങട് തീരുമാനമെടുത്തതിൽ മാത്രം ലേശം ഗുരുതരമായ പിഴവുണ്ട്. തല ഇരിക്കുമ്പോൾ വാല് ആടരുതെന്നു പല വട്ടം പറഞ്ഞതാണ്. സാമദാനഭേദ ദണ്ഡങ്ങളിൽ ഇനിയും വകുപ്പുകൾ അവശേഷിക്കുന്നുണ്ട്. വല്യേട്ടനോടു കളിവേണ്ട. 'പാലാ'യിലെ കളി കണ്ടല്ലോ. രണ്ടരക്കൊല്ലം കഴിയുമ്പോൾ മുന്നണി മാറാൻ കാലിൽ എണ്ണയും തീരുമ്മി ഇരിക്കുന്നവർ മൂക്കുകൊണ്ട് 'ക്ഷ' എഴുതുന്നു.
*** *** ***
നയപ്രഖ്യാപനത്തിലൂടെ ഗവർണർ സ്വയം ഞെട്ടിയ ലക്ഷണമാണ്. കടമെടുത്തും കള്ളുകച്ചവടം നടത്തിയുമാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന മുൻ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തി. നാടൻ ഭാഷയിൽ ഇതിനെ 'കൊത്തിയ പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കി'യെന്നും പറയും. പിണറായി ഇത്ര കേമനായ 'വിഷഹാരി'യാണെന്ന് ആരും അറിഞ്ഞില്ല എന്ന് ഒരു കൂട്ടർ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞിരിക്കുന്നു! കിഫ്ബിക്ക് കടമെടുപ്പിനു പരിധി നിർണയിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയാണ് ഗവർണറുടെ ദുഃഖം. അതേ പ്രഖ്യാപനത്തിന് ലേശം മുമ്പ് അദ്ദേഹത്തിന്റേതായ മറ്റൊരു പ്രസ്താവനയും പുറത്തുവന്നു- മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ നടപടിയുണ്ടാകുമെന്ന്! എന്തൊരു വ്യംഗ്യം! വയനാട്ടിലെ കൽപറ്റയിലോ മാനന്തവാടിയിലോ മൂന്നാറിലോ എന്തിന് കൊച്ചിയിലോ കൊല്ലത്തോ ഒക്കെ നാട്ടിൽ കടുവാ പുലി ഗജരാജന്മാർ ഇറങ്ങി വിലസുന്നു.
നാട്ടുകാർക്കു സൈ്വരം വേണം. മൃഗങ്ങളുടെ എണ്ണം വർധിച്ചതാണ് കാരണമെന്ന് ബന്ധപ്പെട്ട മാതൃവകുപ്പ്. 2011 ൽ 2000 ഉണ്ടായിരുന്ന ആന കഴിഞ്ഞ കൊല്ലം 700 ആയതിനിനെയാണ് വർധന എന്നു പറയുന്നത്. 
മന്ത്രിയോ വകുപ്പു മേധാക്കളോ ക്ലാസിൽ പഠിക്കുന്ന കാലത്ത് കണക്കിന് എത്ര മാർക്ക് വാങ്ങിയിരുന്നു എന്ന് ഇനിയും അന്വേഷിക്കാവുന്നതാണ്. പ്രതിപക്ഷത്തിന്റെ ധനസ്ഥിതി മോശമായതിനാൽ കഴിയുന്നില്ല എന്നേയുള്ളൂ. നിരന്തരം ഫണ്ടു ചോർച്ചയാണല്ലോ!
*** *** ***
കാട്ടുകൊമ്പൻ പി.ടി-7 ജീവിച്ചിരിക്കേ തന്നെ ഇതിഹാസ നായകനായിക്കഴിഞ്ഞു. പെലെ, മാറഡോണ, മെസ്സി (ജയരാജൻ സഖാവിന്റെ ഭാഷയിൽ മെഴ്‌സി) തുടങ്ങിയ വമ്പൻ താരങ്ങളുടെ നിരയിലാണ് ഗജകേസരിയും 'ഓന് നമ്മള്' ധോണി എന്നു പേരിടുന്നു' എന്ന് വനംവകുപ്പും നിസ്സഹായത വകുപ്പും ഒന്നിച്ചു ചുമക്കുന്ന മന്ത്രി ശശീന്ദ്രൻ പ്രഖ്യാപിച്ചുവെന്നാണ് കേട്ടത്. 
അദ്ദേഹം ഇനി മണ്ഡലത്തിൽ പുതുതായി പിറക്കുന്ന കുഞ്ഞുങ്ങൾക്കു പേരിടാൻ നടക്കുന്നതാകും ഉത്തമം! പണ്ട് പുരട്ചി തലൈവർ എം.ജിയാർ ഇങ്ങനെയൊരു വിദ്യയുമായി നടന്ന് കുറേയേറെ 'മക്കളെ' പോക്കറ്റിലായി എന്ന് കേട്ടിട്ടുണ്ട്. ശശീന്ദ്രൻ മന്ത്രിക്ക് 'പാർലമെന്ററി വ്യാമോഹം' വിട്ടുമാറാനുള്ള പ്രായമൊന്നും ആയിട്ടില്ല. ഇത്തവണ മന്ത്രി എം.ബി. രാജേഷും ഒപ്പമുണ്ടായി. മന്ത്രിമാർക്ക് 'പൂര' പ്രേമവും 
ആന പ്രേമവും ഉണ്ടാകുന്നതു നന്നാണ്. ജനങ്ങളെ മാത്രമാണ് പേടി. അതും നന്ന്. അവർ, ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിച്ചു തുടങ്ങി. ധനവകുപ്പിൽ ദാരിദ്ര്യവും വണ്ടി വകുപ്പിൽ പട്ടിണിയും കെ.വി. തോമസു മാഷിന് പുത്തൻ ലാവണവുമായാൽ പിന്നെ മറ്റെന്തു തോന്നാൻ? കുടിവെള്ള നികുതിയും ജനത്തിനെ ഭ്രാന്തു പിടിപ്പിക്കും. 1700 കോടി കുടിശ്ശികയുടെ 70 ശതമാനം സർക്കാർ സ്ഥാപനങ്ങളുടെ വകയാണത്രേ! മാരാർക്കു പണവും ചെണ്ടയ്ക്കു തല്ലും എന്നു പറഞ്ഞതു പോലുള്ള അവസ്ഥ. കാലു മാറി ചെല്ലുന്നവർക്കു പറുദീസ!
*** *** ***
'കുങ്കിയാന' എന്നു പറഞ്ഞാൽ ക്ലാസിലെ 'മോണിട്ടർ' ചട്ടമ്പിയെപ്പോലെ ഒരിനം. പൂർവാശ്രമത്തിൽ ഓൻ കൊലകൊമ്പൻ. ഇപ്പോൾ സ്വസ്ഥ ജീവിതം. മൂന്നു നേരം ശാപ്പാട്. വിശ്രമം, വ്യായാമം. 'തലതിരിഞ്ഞ' മറ്റ് ആനച്ചാരെയൊക്കെ 'ചട്ടം' പഠിപ്പിക്കേണ്ട വിദ്വാൻ. മേള പ്രമാണി. സംഗതി മനസ്സിൽ ലഡു പൊട്ടിച്ചത് കെ.പി.സി.സി പ്രസിഡന്റിനും ദില്ലിയിലെ 'ഇല്ലാത്ത' ഹൈക്കമാന്റിനുമത്രേ! ശശി തരൂർജിയെ പലമുറകളും പയറ്റി കരയ്ക്കടുപ്പിക്കാനുള്ള നീക്കമാണിപ്പോൾ! അത്യാവശ്യം മയക്കുവെടിയും ആകാം. അടുത്തു കിട്ടുകയും കൂട്ടിൽ വീഴുകയും ചെയ്താൽ കോൺഗ്രസിനു നല്ലൊരു കുങ്കിയാനയെ കിട്ടി എന്നു കണക്കിലെഴുതാം. അതല്ല ഒരു കരയ്ക്കും അടുക്കുന്നില്ലെങ്കിലോ? വെള്ളത്തിൽ കിടന്നു കുളം കലക്കുക തന്നെയാണ് അജണ്ടയെങ്കിലോ?
'ചൊല്ലിക്കൊട്, തല്ലിക്കൊട്, തളളിക്കള'- എന്ന പ്രയോഗം. അതിനെന്താ? 'കുങ്കി'യാകാൻ യോഗ്യതയുള്ള ഡീൻ കുര്യാക്കോസുമാരും ഹൈബി ഈഡന്മാരും ആവശ്യം പോലെയുള്ളത്. കോൺഗ്രസിന്റെ ഏക ദാരിദ്ര്യം 'കോൺഗ്രസില്ലായ്മ' മാത്രമാണ്.
അടിയന്തര ഘട്ടത്തിൽ കെ.എസ്.യുവിൽനിന്നു പോലും കുങ്കിയാനകളെ കണ്ടെത്താം. 
അവിടെ 'ജംബോ' കമ്മിറ്റികൾ നിരോധിച്ചുകൊണ്ട് സുധാകര ഗുരു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 'വൈദ്യരേ, സ്വയം ചികിത്സക്കൂ' എന്ന് ന്യൂജെൻ പിള്ളേർ തിരിച്ചടിക്കാതിരുന്നാൽ ഗുരുവിന്റെ ഭാഗ്യം! ഇവിടെ വാർഡ് കമ്മിറ്റിക്കു പോലും പുനഃസംഘടന ഉപസമിതിയെ നിയോഗിച്ചിട്ടാണ് ഗുരു സമാധാനത്തോടെ ശീർഷാസനത്തിൽ കഴിഞ്ഞു പോരുന്നതെന്ന് ഇന്ദിരാഭവൻ അന്തേവാസികൾക്കെങ്കിലും അറിയാം!

Latest News