വീണ്ടും ആവേശകരമായ തുടക്കം; രാഹുലിനൊപ്പം മെഹബൂബ മുഫ്തിയും, ഭാരത് ജോഡോ യാത്രയിലേക്ക് വൻ ജനപ്രവാഹം

ശ്രീനഗർ - സുരക്ഷാ വീഴ്ച കാരണം നിർത്തിവെച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുന:രാരംഭിച്ചു. രാവിലെ ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ നിന്ന് ആരംഭിച്ച യാത്രയിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു. 
 ചുർസുവിൽ നിന്നാണ് മെഹബൂബ മുഫ്തി നിരവധി സ്ത്രീകൾക്കൊപ്പം യാത്രയിൽ പങ്കാളിയായത്. യാത്രയിലേക്ക് ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആളുകളുടെ ഒഴുക്കാണ്. ആവേശകരമായി മുന്നേറുന്ന യാത്ര നേരിടുന്ന പ്രധാന പ്രതിസന്ധി സുരക്ഷാപ്രശ്‌നം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. വഴിയിലുടനീളം ഉജ്വലമായ സ്വീകരണങ്ങളാണ് യാത്രാസംഘത്തിന് ലഭിക്കുന്നത്. ജനബാഹുല്യത്തെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരും പാർട്ടി വളണ്ടിയർമാരും പാടുപെടുന്ന കാഴ്ചയാണ് പലേടത്തുമുള്ളത്.
 പാംപോറിലെ ബിർള ഇന്റർനാഷണൽ സ്‌കൂളിന് സമീപം അൽപനേരം ഇടവേളയെടുത്തശേഷം രാത്രി ശ്രീനഗറിലെ പാന്ത ചൗക്കിലെ ട്രക്ക് യാർഡിലാണ് സമാപിക്കുക. ബൊളിവാർഡ് റോഡിലെ നെഹ്‌റു പാർക്കിലെത്തിയ ശേഷം രാഹുൽഗാന്ധി വാർത്താസമ്മേളനം നടത്തുമെന്നാണ് വിവരം.

Latest News