Sorry, you need to enable JavaScript to visit this website.

ഇന്ത്യാ ബോട്ട് ആന്റ് മറൈൻ ഷോ; അഞ്ചാം പതിപ്പിന് കൊച്ചിയിൽ തുടക്കം

കൊച്ചി- രാജ്യത്തെ ബോട്ട്, മറൈൻ വ്യവസായ രംഗത്തെ പ്രമുഖ വ്യാവസായിക പ്രദർശനമായ ഇന്ത്യാ ബോട്ട് ആന്റ് മറൈൻ ഷോയുടെ (ഐ.ബി.എം.എസ്) അഞ്ചാമത് എഡിഷന് കൊച്ചിയിലെ മറൈൻ ഡ്രൈവ് ഗ്രൗണ്ട്സിൽ തുടക്കമായി. 
വിവിധ തരം ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, എൻജിനുകൾ, കള നീക്കം ചെയ്യുന്നതിനും അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനുമുള്ള ആളാവശ്യമില്ലാത്ത റിമോട്ട് കൺട്രോൾഡ് ജല യാനങ്ങൾ, വെള്ളത്തിനടിയിൽ ആളില്ലാതെ പരിശോധന നടത്താവുന്ന ഉപകരണങ്ങൾ, നാവിഗേഷനൽ സിസ്റ്റങ്ങൾ, അനുബന്ധ സേവന ദാതാക്കൾ, വാട്ടർ സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങി ഈ രംഗത്തെ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന 65 ലേറെ സ്ഥാപനങ്ങളുടെ 115 സ്റ്റാളുകളാണ് മേളയിലുള്ളത്. രാവിലെ 11 മുതൽ 8 മണി വരെയാണ് പ്രദർശന സമയം. പായൽ നിർമാർജനം, എണ്ണ, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യൽ, 200 കിലോ വരെയുള്ള ചരക്കു ഗതാഗതം എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതും ആളില്ലാതെ പ്രവർത്തിക്കുന്നതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്ലിയർബോട് ബ്രാൻഡിലുള്ള ഇലക്ട്രിക് ബോട്ടാണ് മേളയിലെ ആകർഷണങ്ങളിലൊന്ന്. 
ബംഗളൂരുവിലെ ജിഗാനി ഇൻഡസ്ട്രിയൽ ഏരിയിൽ നിർമിക്കുന്ന ക്ലിയർ ബോട്ടുകൾക്ക് കേരളത്തിൽ വൻ സാധ്യതകളാണ് കാണുന്നതെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകനും സി.ഇ.ഒയുമായ സിദ്ധാന്ത് ഗുപ്ത പറഞ്ഞു. കോട്ടയം ചിങ്ങവനം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളചന്ദ്ര പ്രെസിഷൻ എൻജിനിയേഴ്സിന്റെ അലുമിനിയം ബോട്ടുകൾ, വഞ്ചികൾ, കാനോകൾ എന്നിവയും സിനർജി 58 എന്ന ഇലക്ട്രിക് ബോട്ടും മേളയിൽ സന്ദർശകരെ ആകർഷിക്കുന്നുണ്ട്. 25,000 രൂപ വിലയുള്ളതും മനോഹരമായി രൂപകൽപന ചെയ്തതുമായ കേളചന്ദ്രയുടെ അലൂമിനിയം വഞ്ചി കഴിഞ്ഞ ഏതാനും വർഷങ്ങളായി മേളയിലെ താരമാണ്. സംസ്ഥാന ഗതാഗത, മോട്ടോർ വാഹന, ജലഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. നേവൽ ഷിപ്പ് റിപ്പയർ യാർഡ് അഡ്മിറൽ സൂപ്രണ്ട് റെയർ അഡ്മിറൽ സുബിർ മുഖർജി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കേരള മേഖലാ ഡി.ഐ.ജി എൻ.രവി, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഫിക്കി കേരള ടാസ്‌ക് ഫോഴ്സ് എക്സ്പോർട്ട് കമ്മിറ്റി ചെയർമാൻ അലക്സ് കെ.നൈനാൻ, അഡ്വ. വി.ജെ മാത്യു, നന്ദിത ജോസഫ്, സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.  രാജ്യത്തെ ഏക ബോട്ട് ഷോ ആയ ഐ.ബി.എം.എസിന് ഇക്കുറി 5000-ത്തിലേറെ ബിസിനസ് സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ജോസഫ് കുര്യാക്കോസ് പറഞ്ഞു.

Latest News