Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയുടെ സുരക്ഷാവീഴ്ചയിൽ പരസ്പരം പഴിച്ച് കോൺഗ്രസും പോലീസും; യാത്ര നാളെ പുനരാരംഭിക്കും

- ദിവസം കഴിയും തോറും കേന്ദ്ര സർക്കാറിനും സംഘപരിവാർ കേന്ദ്രങ്ങൾക്കും കനത്ത വെല്ലുവിളിയാണ് രാഹുലിന്റെ യാത്ര ഉയർത്തുന്നത്. അപ്രതീക്ഷിത സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽനിന്നും പാർട്ടികളിൽനിന്നും ലഭിക്കുന്നത്. ഇത് ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും സൂചനയാകുമോ എന്ന ഭയത്തിലാണ് കേന്ദ്ര സർക്കാർ

ന്യൂദൽഹി - ആർത്തലച്ചുവന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ സുരക്ഷാ പ്രശ്‌നം കാരണം ഇന്ന് രാവിലെ നിർത്തിവെച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ രാവിലെ പുനരാരംഭിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ. ശനിയാഴ്ച രാവിലെ ഒൻപതിന് അനന്ത്‌നാഗിൽ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 
 അതിനിടെ, സുരക്ഷാ വീഴ്ചയെന്ന കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീർ പോലീസ് രംഗത്തെത്തി. സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സി.ആർ.പി.എഫിനെയും പത്ത് കമ്പനി ജമ്മു കശ്മീർ പോലീസിനെയും വിന്യസിച്ചിരുന്നുവെന്നാണ് പോലീസ് വിശദീകരണം. വലിയ ആൾക്കൂട്ടത്തെയാണ് യാത്രയിൽ ഉൾപ്പെടുത്തിയത്. ഇക്കാര്യം മുൻകൂട്ടി  പോലീസിനെ അറിയിച്ചില്ല. യാത്ര നിർത്തുന്നതിന് മുമ്പ് ചർച്ച ചെയ്തില്ലെന്നും ജമ്മുകശ്മീർ പോലീസ് പറയുന്നു.
 എന്നാൽ, സി.ആർ.പി.എഫിനെ പിൻവലിച്ചത് മുന്നറിയിപ്പില്ലാതെയാണെന്നും യാത്ര തുടരരുതെന്ന് നിർദ്ദേശം ലഭിച്ചതായും രാഹുൽ ഗാന്ധി പ്രതികരിച്ചു. സുരക്ഷാപാളിച്ചകൾ കാരണമാണ് ജോഡോ യാത്രയുടെ ഇന്നത്തെ പരിപാടികൾ നിർത്തേണ്ടിവന്നത്. തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വിശദീകരിച്ചു. 
 വെള്ളിയാഴ്ച രാവിലെ ബനിഹാളിൽ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ബനിഹാൾ തുരങ്കം കഴിഞ്ഞതോടെ വലിയ ആൾക്കൂട്ടമാണ് രാഹുലിന്റെ അടുത്തേക്ക് ഒഴുകിയത്. അവരെ നിയന്ത്രിക്കേണ്ട പോലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോൺഗ്രസ് ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥർ പിൻവാങ്ങിയതോടെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നടുവിൽ അര മണിക്കൂറോളം നേരം രാഹുലിന് അനങ്ങാനായില്ല. പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയത്.
 സുരക്ഷക്ക് വെല്ലുവിളിയുണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ച് അവസാന ഘട്ടം യാത്ര തടയാനുള്ള ശ്രമമാണെന്ന ആക്ഷേപവും ചിലർ ഉന്നയിക്കുന്നുണ്ട്. പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നത്. ദിവസം കഴിയും തോറും കേന്ദ്ര സർക്കാറിനും സംഘപരിവാർ കേന്ദ്രങ്ങൾക്കും കനത്ത വെല്ലുവിളിയാണ് രാഹുലിന്റെ യാത്ര ഉയർത്തുന്നത്. അപ്രതീക്ഷിതമായ സ്വീകരണമാണ് രാഹുലിന് വിവിധ കേന്ദ്രങ്ങളിൽനിന്നും പാർട്ടികളിൽനിന്നും ലഭിക്കുന്നത്. ഇത് ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും സൂചനയാകുമോ എന്ന ഭയത്തിലാണ് കേന്ദ്ര സർക്കാർ.

Latest News