പ്രധാനമന്ത്രി മത്സരിക്കുന്നത് തമിഴ്‌നാട്ടിലെ രാമനാഥപുരത്ത്? ദക്ഷിണേന്ത്യ പിടിക്കാനോ? അഭ്യൂഹങ്ങള്‍ ശക്തമാകുന്നു

ചെന്നൈ :  അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലായിരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നരേന്ദ്ര മോഡി മത്സരിക്കുമെന്നാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള സീറ്റുകള്‍ വളരെ നിര്‍ണ്ണായകമായിരിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നത്. പ്രധാനമന്ത്രിയെ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിപ്പിച്ച്  കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ശ്രമം ബി.ജെ.പി നടത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.

 ഈ പ്രചാരണങ്ങള്‍ക്ക്  ശക്തിപകരുന്ന തരത്തിലുള്ള പ്രതികരണമാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി മേഖല അതിര്‍ത്തികള്‍ ഭേദിച്ചു. ഇപ്പോള്‍ 'അകത്തുള്ള'യാളാണെന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. 'പുറത്തെ ആളെന്ന' നിലയില്‍ അല്ലെന്നും അണ്ണാമലൈ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയുടെ പോഡ്കാസ്റ്റിലാണ് അണ്ണാമലൈയുടെ പ്രതികരണം. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍നിന്ന് ജനവിധി തേടണം. മോദി തമിഴ്‌നാട്ടില്‍നിന്ന് മല്‍സരിക്കുമെന്ന അഭ്യൂഹം എങ്ങനെയോ മാധ്യമങ്ങളിലൂടെ പടര്‍ന്നു. താന്‍ പലയിടങ്ങളിലും ചെല്ലുമ്പോള്‍ ജനങ്ങള്‍ ഇക്കാര്യമാണ് തന്നോട് ചോദിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.

നരേന്ദ്ര മോഡി തമിഴ്‌നാട്ടില്‍നിന്ന് മല്‍സരിക്കുകയാണെങ്കില്‍ തമിഴ് ജനതയില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൂത്തുക്കുടിയിലെ ചായക്കടകളില്‍ പോലും മോദി രാമനാഥപുരത്ത് നിന്ന് മത്സരിക്കുന്നതിനെ പറ്റിയുള്ള  ചര്‍ച്ചകള്‍ സജീവമാണെന്ന് അണ്ണാമലൈ പറഞ്ഞു. തമിഴകത്ത് സാധാരണയായി തെരഞ്ഞെടുപ്പ് കാലത്ത് ജാതി, തമിഴ് വികാരം എന്നിവയെല്ലാം വോട്ടെടുപ്പില്‍ നിര്‍ണായകമാകാറുണ്ട്. എന്നാല്‍ മോഡി  മല്‍സരിക്കാനെത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം അപ്രസക്തമാകുമെന്നുമാണ്  ബി ജെ പി പ്രാദേശിക നേതൃത്വത്തിന്റെ  വിലയിരുത്തല്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു പിയിലെ വാരാണസി, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളില്‍ നിന്നാണ് നരേന്ദ്ര മോഡി ജനവിധി തേടിയത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച അദ്ദഹം വരാണാസിയുടെ ജനപ്രതിനിധിയായാണ് സഭയില്‍ എത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

 

 

 

Latest News