Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

അകക്കണ്ണ് തുറപ്പിക്കുന്ന കഥകൾ

കഥ കേൾക്കാനും വായിക്കാനും ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഇളം മനസ്സുകളെ  മൂല്യ ബോധമുള്ളവരാക്കി  വളർത്തുന്നതിൽ മികച്ച കഥകൾ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. കുചേലനയാലും കുബേരനായാലും മക്കൾ സദ്‌വൃത്തരായി വളരണമെന്ന് ആഗ്രഹിക്കാത്ത രക്ഷിതാക്കൾ ഉണ്ടാവില്ലല്ലോ?
പഠനത്തിൽ തീരെ താൽപര്യമില്ലാത്ത അലസരായ  മൂന്ന് മക്കളെ വിദ്യ നൽകി വളർത്തിയെടുക്കാൻ പാടുപെട്ട ഒരു രാജാവിന്റെ കഥ അധികമാളും കേട്ടിരിക്കാനിടയില്ല. ദുഃഖിതനായ ആ രാജാവിന്റെ വേവലാതി  തിരിച്ചറിഞ്ഞ ഒരു മന്ത്രി രാജപുത്രൻമാരെ നാട്ടിലെ പ്രായം ചെന്ന ഒരു  ഗുരുവിനടുത്തേക്ക്  വിദ്യ നേടാൻ  വിടുന്നത് നന്നായിരിക്കുമെന്ന് അറിയിച്ചു.
കേവലം ആറ് മാസം കൊണ്ട് ആ രാജകുമാരൻമാരെ മികച്ച കഥകളിലൂടെ   ആത്മവിശ്വാസവും മൂല്യബോധവും ഉള്ളവരാക്കി  വളർത്തിയെടുത്ത് മിടുക്കരാക്കി  മാറ്റിയ അദ്ദേഹത്തിന്റെ ആ കഥകൾ ഇന്ന് ലോക പ്രശസ്തങ്ങളാണ്. ഇരുന്നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആ കഥകൾ മിത്രഭേദം, മിത്രലാഭം കാകോലൂകീയം ലബ്ധപ്രണാശം അപരീക്ഷിതകാരികം എന്നീ  അഞ്ച് തന്ത്രങ്ങൾ ഉൾപ്പെടുത്തിയാണ് വിഷ്ണു ശർമ എന്ന  പണ്ഡിതൻ  തയാറാക്കിയത്.
അതിനാൽ തന്നെ അവ പഞ്ചതന്ത്രം കഥകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.
തന്റെ എൺപതാമത്തെ വയസ്സിലാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത് എന്ന് പറയപ്പെടുന്നു. മഹിളാരോപ്യം എന്ന നാട്ടിലെ അമരശക്തി രാജാവിന്റെ വസുശക്തി, ഉഗ്രശക്തി, അനേക ശക്തി എന്നീ പുത്രൻമാർക്കു വേണ്ടിയാണ്  പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളായി വരുന്ന ഈ  കഥകൾ അദ്ദേഹം പറഞ്ഞത്. ആറു മാസം കൊണ്ട് ധർമം നീതി, രാജ്യഭരണം എന്നീ വിഷയങ്ങളിൽ അവരെ പ്രാപ്തരാക്കാൻ തനിക്ക്  കഴിയുമെന്ന ഉത്തമ ബോധ്യം ആ വയോധികനായ
ഗുരുശ്രേഷ്ഠന് ഉണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞില്ലെങ്കിൽ തന്റെ പേര് മാറ്റിക്കൊള്ളാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രേ. എ.ഡി മൂന്നാം ശതകത്തിൽ രചിക്കപ്പെട്ട ഈ കഥകൾ ഇന്നും ഏറെ വായിക്കപ്പെടുന്നവയാണ്. ജീവിതത്തിൽ ഓരോരുത്തരും വിവിധ ഘട്ടങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളും പ്രശ്‌നപരിഹാര തന്ത്രങ്ങളുമാണ്
ഈ കഥകൾ പ്രകാശിപ്പിക്കുന്നത്. ശത്രുവിനെ  ഭിന്നിപ്പിച്ച് ദുർബലമാക്കി  കാര്യം നേടുന്നതിന്റെ കഥയാണ് മിത്രഭേദം എന്ന വിഭാഗത്തിലുള്ളത്. കരടകൻ, ദമനകൻ എന്നീ രണ്ട് കുറുക്കൻ മാരുടെ സംസാരത്തിലൂടെയാണ് കഥകളുടെ ചുരുൾ നിവരുന്നത്. ആമയും മാനും കാക്കയും എലിയും പ്രധാന കഥാപാത്രങ്ങളായി വരുന്ന കഥകളാണ് മിത്രലാഭം എന്ന വിഭാഗത്തിലുള്ളത്. സുഹൃത്തുക്കളെ വിവേകപൂർവം തെരഞ്ഞെടുത്തില്ലെങ്കിൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളാണ് ഈ കഥകളിലെ പ്രമേയം. ജന്മനാ ശത്രുക്കളായാവർ സുഹൃത്തുക്കളായിത്തീർന്നാൽ സംഭവിക്കുന്ന ദൂഷ്യങ്ങൾ പ്രതിപാദിക്കുന്ന കഥകളാണ് കാക്കയും മൂങ്ങയും പ്രധാന കഥാപാത്രങ്ങളായ കാകോലൂകീയം എന്ന വിഭാഗത്തിലുള്ളത്. മുഖ്യ കഥാപാത്രങ്ങളായി ചീങ്കണ്ണിയും കുരങ്ങനും പ്രത്യക്ഷപ്പെടുന്ന ലബ്ധപ്രണാശം അഥവാ നേട്ടങ്ങളുടെ നഷ്ടങ്ങൾ എന്ന വിഭാഗത്തിൽ, കൈവന്ന നേട്ടങ്ങൾ നഷ്ടപ്പെടുത്തിക്കളയാതിരിക്കാൻ പാലിക്കേണ്ട മുൻ കരുതലുകളും ബുദ്ധിപൂർവമുള്ള പെരുമാറ്റവും കണ്ണടച്ച് ഒന്നും വിശ്വാസിക്കാതിരിക്കലും അനിവാര്യമാണെന്ന് ഉണർത്തുന്നവയാണ്.
ഒരു വിഷയത്തെ സമീപിക്കുമ്പോൾ നാനാതലങ്ങളിൽ  നിന്നും ചിന്തിക്കേണ്ടതുണ്ടെന്നും അല്ലാതെ അഭിപ്രായം പറഞ്ഞാൽ പലവിധ വിഷമങ്ങളും വിപത്തുകളും  പിന്നീട് നേരിടേണ്ടി വരുമെന്നുമുള്ള പാഠമാണ് അപരീക്ഷിതകാരിതം എന്ന വിഭാഗത്തിലുള്ളത്. കുട്ടികൾക്ക് വാങ്ങിച്ച് നൽകേണ്ട പുസ്തകങ്ങൾ ഏതെന്ന്  ചോദിക്കുന്ന പല രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട പ്രധാന പുസ്‌കങ്ങളിൽ ഒന്ന് തന്നെയാണ് പഞ്ചതന്ത്രം കഥകൾ എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല.

Latest News