Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബിനാമി പരിശോധന ശക്തം; 20 വകുപ്പുകള്‍ സഹകരിച്ച് റെയ്ഡ്

റിയാദ് - ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ അടങ്ങിയ സംഘങ്ങള്‍ ശക്തമായ പരിശോധനകള്‍ നടത്തി. ജ്വല്ലറികളും റെഡിമെയ്ഡ് ഷോപ്പുകളും ലേഡീസ് സ്ഥാപനങ്ങളും അത്തര്‍ കടകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഏതാനും സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും ലൈസന്‍സുകളും തൊഴിലാളികളുമായുണ്ടാക്കിയ കരാറുകളും തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. റെയ്ഡ് ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സും പുറത്തുവിട്ടു. ബിനാമി ബിസിനസുകാരെ പിടികൂടാന്‍ നടത്തുന്ന റെയ്ഡുകളില്‍ 20 ലേറെ സര്‍ക്കാര്‍ വകുപ്പുകള്‍ പങ്കാളിത്തം വഹിക്കുന്നു.
സുസ്ഥിര രീതിയില്‍ ബിനാമി ബിസിനസ് പ്രവണതക്ക് തടയിടാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ച പ്രധാനപ്പെട്ട വിപണി നിയമങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കണമെന്ന് ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം പറഞ്ഞു. കാലാവധിയുള്ള, വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, ആവശ്യമായ ലൈസന്‍സ്, സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കല്‍, വാണിജ്യ ഇടപാടുകള്‍ക്ക് വ്യക്തിഗത അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരിക്കല്‍, ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിലാസങ്ങള്‍ പുതുക്കല്‍, വേതന സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യല്‍, തൊഴിലാളികളുടെ വേതന വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍, തൊഴില്‍ കരാറുകള്‍ ഡിജിറ്റലൈസ് ചെയ്യല്‍, നിയമ വിരുദ്ധ തൊഴിലാളികളെ ജോലിക്കു വെക്കാതിരിക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കണം.
സ്ഥാപനങ്ങളുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തിവെക്കല്‍, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കല്‍, സ്ഥാപന നടത്തിപ്പിന്റെ പൂര്‍ണ അധികാരം വിദേശികള്‍ക്ക് നല്‍കാതിരിക്കല്‍, ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഇന്‍വോയ്‌സുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ ഇഷ്യു ചെയ്യല്‍, സൂക്ഷിക്കല്‍ എന്നീ മാനദണ്ഡങ്ങളും പാലിക്കണം. ആവശ്യമായ വായ്പകള്‍ നിയമാനുസൃത രീതിയില്‍ നേടേണ്ടതും അനിവാര്യമാണ്. വായ്പകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും രേഖപ്പെടുത്തിവെക്കണം. ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ബിനാമി ബിസിനസ് വിരുദ്ധ നടപടികളുടെ പുതിയ ഘട്ടത്തിന് തുടക്കമായിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെയും ഡാറ്റ അനലിസിസിന്റെയും സഹായത്തോടെ ഇരുപതു സര്‍ക്കാര്‍ വകുപ്പുകള്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്നു. ബിനാമി ബിസിനസ് നിയമ ലംഘകരെ കണ്ടെത്താനുള്ള നിരീക്ഷണ ശൈലി മുമ്പത്തെ അപേക്ഷിച്ച് ഏറെ മാറിയിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. മുമ്പ് സ്ഥാപനങ്ങളില്‍ നേരിട്ട് പരിശോധനകള്‍ നടത്തിയും പരാതികളില്‍ അന്വേഷണം നടത്തിയും മാത്രമാണ് ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തിയിരുന്നത്.
നിലവില്‍ ബിനാമി ബിസിനസ് വിരുദ്ധ നടപടികള്‍ക്ക് ഇരുപതു സര്‍ക്കാര്‍ വകുപ്പുകളെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ബിനാമി ബിസിനസുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന 120 ലേറെ സൂചനകള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. ഇലക്‌ട്രോണിക് റീഡിംഗിനും ഡാറ്റ അനലിസിസിനും ശേഷം നിയമ ലംഘനം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയാണ് ചെയ്യുതെന്നും അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.

 

Latest News