Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രൂപസാദൃശ്യമില്ല; നായനാർ  പ്രതിമയുടെ മുഖം മിനുക്കുന്നു 

ഇ.കെ. നായനാരുടെ പ്രതിമ നേരെയുള്ള വീക്ഷണത്തിൽ.

കണ്ണൂർ - ഇ.കെ. നായനാർ അക്കാദമിയിൽ സ്ഥാപിച്ച നായനാരുടെ പ്രതിമക്കു അദ്ദേഹവുമായി സാമ്യമില്ലെന്ന പരാതിയെത്തുടർന്ന് പ്രതിമയുടെ മുഖം മിനുക്കൽ നടപടി തുടങ്ങി. സംഭവം വൻ വിവാദമാവുകയും ജില്ലാ കമ്മിറ്റിയിലടക്കം ചർച്ചയാവുകയും ചെയ്തതിനെത്തുടർന്നാണ് ശിൽപ്പം നിർമ്മിച്ച ആളെ കൊണ്ടു തന്നെ ഇതിന്റെ മിനുക്കു പണികൾ നടത്താൻ തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായി പ്രതിമ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി. 
നായനാരുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂരിലെ നായനാർ അക്കാദമിയുടെയും ശിൽപ്പത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചത്. അന്നു തന്നെ ഈ ശിൽപ്പത്തിന് നായനാരുമായി സാദൃശ്യമില്ലെന്ന് ആരോപണം ഉയർന്നിരുന്നു. നായനാരുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ഈ സംശയം പങ്കിടുകയും സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം നേതാക്കൾ ഗൗരവമായി എടുത്തത്.  
ജയ്പ്പൂരിൽ വെച്ചാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. തിരുവല്ല സ്വദേശിയും ശിൽപ്പകലാ വിഭാഗം അധ്യാപകനുമായ തോമസ് ജോൺ കോവൂരിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ സർവകലാശാലയില ശിൽപ്പ വിഭാഗമാണ് നായനാരുടെ പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഒമ്പതര അടി ഉയരവും 800 കിലോ ഭാരവുമുള്ള വെങ്കല പ്രതിമയാണ് തയാറാക്കിയത്. സ്‌കെച്ച് നൽകിയതനുസരിച്ച് പ്രതിമ കളിമണ്ണിൽ തീർക്കുകയും കണ്ണൂരിൽനിന്നുള്ള നേതാക്കളായ പി. ജയരാജൻ, കെ.കെ.രാഗേഷ് എന്നിവരും നായനാരുടെ മകൻ കൃഷ്ണകുമാറും ജയ്പൂരിലെത്തി പ്രതിമ കാണുകയും ചെയ്തിരുന്നു. 
നേതാക്കളുടെ നിർദ്ദേശം ലഭിച്ച ശേഷമാണ് വെങ്കലത്തിൽ തീർത്തതെന്നാണ് ശിൽപ്പി പറയുന്നത്. എന്നാൽ പ്രതിമയ്ക്കു നായനാരുമായി രൂപസാദൃശ്യം കുറവാണെന്ന കാര്യം മകൻ ചൂണ്ടിക്കാണിച്ചിരുന്നുവെന്നാണ് പറയുന്നത്. പ്രതിമയിലെ നായനാരുടെ മുഖം ചീർത്ത നിലയിലാണ്. മാത്രമല്ല, ഒരു ഭാഗത്തു നിന്നു നോക്കുമ്പോൾ യാതൊരു ഛായയും തോന്നുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ വളരെ ഉയരത്തിലായതിനാൽ പ്രതിമയുടെ യഥാർഥ കാഴ്ച കിട്ടാത്തതാണ് ഇത്തരം സംശയത്തിനു കാരണമെന്നാണ് മറുവാദം. താഴെനിന്നു മുകളിലേക്കു നോക്കുമ്പോഴാണ് രൂപ സാദൃശ്യമില്ലായ്മ പ്രകടമാവുന്നതെന്നാണ് പറയുന്നത്. ഇത് സ്ഥാപിച്ച സ്ഥലത്തു ലഭിക്കുന്ന വെളിച്ചത്തിന്റെ വ്യതിയാനവും പ്രശ്‌നമാവുന്നുണ്ട്. കണ്ണൂർ ജില്ലയിൽ തന്നെ പ്രഗൽഭ ശിൽപ്പികളുള്ളപ്പോൾ പ്രതിമ നിർമ്മാണത്തിനു ജയ്പ്പൂരിൽ ഏൽപ്പിക്കേണ്ടതുണ്ടായിരുന്നോ എന്ന വിമർശവും പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. 
പ്രതിമ  നിർമ്മാണത്തിനു മേൽനോട്ടം വഹിച്ച തോമസ് ജോൺ കോവൂർ കണ്ണൂരിലെത്തി പരിശോധിച്ച ശേഷമാണ് പ്രതിമയുടെ മിനുക്കു പണികൾക്കു നിർദ്ദേശം നൽകിയത്. പ്രതിമ സ്ഥാപിച്ച പീഠത്തിന്റെ ഉയരം അഞ്ച് അടിയോളം കുറക്കാനും മുഖത്തെ ചില വ്യത്യാസങ്ങൾ മിനുക്കി നേരെയാക്കാനും മുഖത്തേക്കു സ്‌പോട് ലൈറ്റ് സ്ഥാപിക്കാനുമാണ് തീരുമാനം. രണ്ടാഴ്ചക്കകം പ്രവൃത്തി പൂർത്തിയാക്കും. ഇതോടെ വിവാദങ്ങൾക്കു തിരശ്ശീല വീഴുമെന്നാണ് കരുതുന്നത്. 

Latest News