Sorry, you need to enable JavaScript to visit this website.

രോഗാവധി നിഷേധിക്കാൻ സൗദിയിൽ സ്ഥാപനങ്ങൾക്ക് അവകാശമില്ല

റിയാദ് - ജീവനക്കാരന് രോഗാവധി നിഷേധിക്കാൻ സ്ഥാപനത്തിന് അവകാശമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്ന തൊഴിലാളിക്ക് വേതനത്തോടു കൂടി രോഗാവധി ലഭിക്കാൻ അവകാശമുണ്ടെന്ന് തൊഴിൽ നിയമത്തിലെ 117-ാം വകുപ്പ് അനുശാസിക്കുന്നു. രോഗാവധി നിഷേധിക്കാൻ സ്ഥാപനത്തിന് അവകാശമില്ലെങ്കിലും രോഗം സ്ഥിരീകരിക്കുന്ന അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ തേടാൻ സ്ഥാപനങ്ങൾക്ക് അവകാശമുണ്ട്. വാർഷിക വേതന വർധന തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന കരാറിനും സ്ഥാപനം അംഗീകരിച്ച നിയമാവലിക്കും വിധേയമാണെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
അതേസമയം, നിയമങ്ങൾ പതിവായി പുനഃപരിശോധിച്ചുവരികയാണെന്ന് സ്വകാര്യ മേഖലാ ജീവനക്കാരുരെ വാരാന്ത അവധി ഒരു ദിവസത്തിൽ നിന്ന് രണ്ടു ദിവസമായി ഉയർത്തുമോയെന്ന അന്വേഷണത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു. തൊഴിലവസരങ്ങൾ വർധിപ്പിക്കാനും പ്രാദേശിക വിപണിയുടെ നിക്ഷേപ ആകർഷണീയത ഉയർത്താനും ലക്ഷ്യമിട്ട് തൊഴിൽ നിയമം മന്ത്രാലയം പതിവായി പുനഃപരിശോധിക്കുന്നുണ്ട്. കരടു തൊഴിൽ നിയമം പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
 

Tags

Latest News