റിയാദ് വിമാനത്താവളത്തിൽ സ്മാർട്ട് കാർട്ടുകൾ

റിയാദ്- കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് നവ്യാനുഭവം സമ്മാനിച്ച് സ്മാർട്ട് ഷോപ്പിംഗ് കാർട്ടുകൾ. പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് കാർട്ട് സേവനം ആരംഭിച്ചതായി റിയാദ് വിമാനത്താവള കമ്പനി അറിയിച്ചു. മധ്യപൗരസ്ത്യ ദേശത്തെ ഒരു വിമാനത്താവളത്തിൽ ആദ്യമായാണ് ഈ സേവനം ആരംഭിക്കുന്നത്. നേരത്തെ അമേരിക്കയിലെയും ജർമനിയിലെയും വിമാനത്താവളങ്ങളിൽ ഈ സേവനം നടപ്പാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ റിയാദ് വിമാനത്താവളത്തിലെ അഞ്ചാം നമ്പർ ടെർമിനലിലാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. 
ടെർമിനലിൽ ലഭ്യമായ ഏതെങ്കിലും സൗകര്യങ്ങളിലേക്കോ വ്യാപാര സ്ഥാപനങ്ങളിലേക്കോ വേഗത്തിൽ എത്തിച്ചേരാൻ യാത്രക്കാരെ ഉണർത്തുന്ന ഇന്ററാക്ടീവ് മാപ്പ്, ബോർഡിംഗ് പാസ് സ്‌കാൻ ചെയ്താലും ഫ്‌ളൈറ്റ് നമ്പർ നൽകിയാലും ഫ്‌ളൈറ്റ് വിവരങ്ങൾ പ്രത്യക്ഷപ്പെടൽ, വിമാനത്തിൽ കയറാൻ ശേഷിക്കുന്ന സമയം-വിമാനത്തിൽ കയറാനുള്ള ഗെയ്റ്റ് എന്നിവ ഉണർത്തൽ, ഏറ്റവും പുതിയ ഷോപ്പിംഗ് ഓഫറുകൾ പ്രദർശിപ്പിക്കൽ എന്നീ സേവനങ്ങൾ സ്മാർട്ട് ഷോപ്പിംഗ് കാർട്ടുകൾ യാത്രക്കാർക്ക് നൽകും. 
സ്മാർട്ട് ഷോപ്പിംഗ് കാർട്ട് സേവനം സൗജന്യമാണെന്ന് റിയാദ് വിമാനത്താവള കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽമഗ്‌ലൂത്ത് പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായായും കൂടുതൽ ഡിജിറ്റൽ സേവനങ്ങളും സാങ്കേതിക ഓപ്ഷനുകളും നൽകി യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാൻ ലക്ഷ്യമിട്ടുമാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് എൻജിനീയർ മുഹമ്മദ് അൽമഗ്‌ലൂത്ത് പറഞ്ഞു. 

Tags

Latest News