റിയാദിൽ സംഗീതമഴ പെയ്തിറങ്ങിയ കേളി മെഗാഷോ

റിയാദ്- കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാർഷികം 'കേളിദിനം 2023' ന്റെ ഭാഗമായി സംഘടിപ്പിച്ച 'കൊക്കകോള കേളി മെഗാ ഷോ' ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അൽ ഹയർ അൽ ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ കാണികൾക്കു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും സംഗീത വിരുന്നൊരുക്കി. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖിൽ രാജ് തുടങ്ങിയവരും  സംഗീത നിശയിൽ അണിനിരന്നു. സൗദി അറേബ്യയിലെ  മാറ്റങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും,  ആദ്യ സന്ദർശനം കേളിയോടൊപ്പമായതിൽ വളരെയേറെ സന്തോഷമുണ്ടെന്നും റിമി ടോമി അഭിപ്രായപ്പെട്ടു.
കേളിയുടെ 22 വർഷത്തെ ചരിത്രം, ഹ്രസ്വ ചിത്രമായി പ്രൊഫസർ അലിയാരുടെ ശബ്ദത്തിൽ വേദിയിൽ പ്രദർശിപ്പിച്ചു.  കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെപിഎം സാദിഖ്,  പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. പുതുവത്സരത്തിൽ കേരളത്തിലെ തെരഞ്ഞെടുത്ത ജില്ലകളിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക്  ഊർജം നൽകുന്ന കേളിയുടെ പുതിയ പദ്ധതി പ്രഖ്യാപനം സാദിഖ് നടത്തി.
കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, രക്ഷാധികാരി കമ്മിറ്റി അംഗവും സംഘാടക സമിതി ചെയർമാനുമായ ഗീവർഗീസ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ടി.ആർ സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, സെക്രട്ടറിയേറ്റ് അംഗവും പരിപാടിയുടെ കൺവീനറുമായ സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനിൽ സുകുമാരൻ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, മധു ബാലുശ്ശേരി, കാഹിം ചേളാരി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഉത്സവ പ്രതീതി ജനിപ്പിക്കുമാറ് ഒരുക്കിയ കുട്ടികളുടെ പാർക്ക്, കേളി ചരിത്രങ്ങൾ വിളിച്ചോതുന്ന ചിത്ര പ്രദർശനം, വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, ഭക്ഷണശാലകൾ എന്നിവയെല്ലാം റിയാദിലെ പ്രവാസി സമൂഹത്തിന് പുത്തൻ അനുഭവമായി. റിമിടോമിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും, മറ്റു ഗായകർക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങളും മെമന്റോ നൽകി.
പരിപാടിയുമായി സഹകരിച്ച് വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളെ റിമി ടോമിയും കേളി ഭാരവാഹികളും  സംഘാടക സമിതി അംഗങ്ങളും മെമന്റോ നൽകി ആദരിച്ചു.  
സംഘാടകസമിതി കൺവീനർ സുനിൽ കുമാർ നന്ദി പറഞ്ഞു.
പബ്ലിസിറ്റി കൺവീനർ നൗഫൽ പൂവ്വക്കുർശ്ശി അവതാരകനായിരുന്നു. കേളിയുടെ നാനൂറിൽപരം വളണ്ടിയർമാർ പൊതുജനത്തിന് വേണ്ട നിർേദശങ്ങൾ നൽകി, കേളി സൈബർവിങ് കൺവീനർ സിജിൻ കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ടീം മെഗാഷോ സംവിധാനം നിർവഹിച്ചു. റിയാസ് പള്ളത്തിന്റെ നേതൃത്വത്തിൽ സ്‌റ്റേജ് ആന്റ് ഡക്കറേഷൻ, നസീർ മുള്ളൂർക്കരയുടെ നേതൃത്വത്തിൽ ഗതാഗതം, ബിജു തായമ്പത്ത്, ഫൈസൽ നിലമ്പൂർ ക്യാമറ എന്നിങ്ങനെ മെഗാഷോയുടെ സർവ്വ മേഖലകളുടെയും നിയന്ത്രണം കേളി പ്രവർത്തകരായിരുന്നു.

Tags

Latest News