Sorry, you need to enable JavaScript to visit this website.

യുവർ ടിക്കറ്റ് ഈസ് എ വിസ; സൗദിയുടെ എല്ലാ കവാടങ്ങളും മലര്‍ക്കെ തുറക്കുന്നു

വിസക്കു വേണ്ടി പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ, വിദേശ മന്ത്രാലയ വെബ്‌സൈറ്റിനെ ആശ്രയിക്കുകയോ വേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതനുസരിച്ച് സൗദിയ ടിക്കറ്റ് എടുക്കുന്ന യാത്രക്കാരനോട് വിസ കൂടി വേണോ എന്ന് ടിക്കറ്റിംഗ് ബുക്കിംഗ് സിസ്റ്റം ചോദിക്കും. വിസ വേണമെന്ന് മറുപടി നൽകിയാൽ മൂന്നു മിനിറ്റിനകം സിസ്റ്റം വിസ അനുവദിക്കുന്നതാണ് പദ്ധതി.

 

വിദേശത്തു നിന്നുള്ള തീർഥാടകരെയും സഞ്ചാരികളെയും ഇരുകൈയും നീട്ടി സ്വീകരിക്കാൻ സൗദി അറേബ്യയുടെ എല്ലാ കവാടങ്ങളും മലർക്കെ തുറക്കുകയാണ്. രാജ്യത്തെത്തുന്നവർക്ക് താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനും തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം തകൃതിയായാണ് നടക്കുന്നത്. 2030 ഓടു കൂടി ഉംറ തീർഥാടകരുടെ എണ്ണം പ്രതിവർഷം മൂന്നു കോടിയായും വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടിയായും ഉയർത്തുകയാണ് ലക്ഷ്യം. അതിനു വിസ നടപടിക്രമങ്ങളും യാത്രയുമെല്ലാം എളുപ്പമാക്കുന്നതിനാവശ്യമായ നടപടികൾ അതിവേഗമാണ് സ്വീകരിച്ചു വരുന്നത്. 45 ഓളം രാജ്യങ്ങൾക്ക് ഓൺ അറൈവൽ വിസ നിലവിൽ ലഭ്യമാണെങ്കിലും അതു കുറെക്കൂടി സുതാര്യമാക്കി എല്ലാ രാജ്യക്കാർക്കും വിസ എളുപ്പം ലഭ്യമാക്കുന്ന പദ്ധതിയാണ് 'യുവർ ടിക്കറ്റ് ഈസ് എ വിസ'' .

 

ദേശീയ വിമാന കമ്പനിയുടെ സഹകരണത്തോടെ സൗദി സന്ദർശന വിസയെയും സൗദിയ ടിക്കറ്റിനെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. സൗദിയ ടിക്കറ്റ് വാങ്ങുന്നവർക്ക് 96 മണിക്കൂർ, അതായത് നാലു ദിവസം സൗദിയിൽ തങ്ങാം. ഇതിനിടെ ഉംറ നിർവഹിക്കാനും സൗദിയിലെവിടെയും സഞ്ചരിക്കാനും അനുമതി നൽകുന്നതാണ് പദ്ധതി. ഉടൻ ആരംഭിക്കുന്ന ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യുക ട്രാൻസിറ്റ് യാത്രക്കാർക്കായിരിക്കും. വിവിധയിടങ്ങളിൽനിന്ന് അവധിയിൽ നാട്ടിൽ പോകുന്നവർക്കും മറ്റു രാജ്യങ്ങളിലേക്കുള്ള വിനോദ യാത്രികർക്കും അധിക സാമ്പത്തിക ബാധ്യതകളില്ലാതെ സൗദി സന്ദർശിക്കാനും ഉംറ നിർവഹിക്കാനും ഇത് ഏറെ പ്രയോജനപ്പെടും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെങ്കിലും ഇത് സൗദിയിലെത്തുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാവും ഉണ്ടാക്കുക. 
വിസക്കു വേണ്ടി പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ, വിദേശ മന്ത്രാലയ വെബ്‌സൈറ്റിനെ ആശ്രയിക്കുകയോ വേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതനുസരിച്ച് സൗദിയ ടിക്കറ്റ് എടുക്കുന്ന യാത്രക്കാരനോട് വിസ കൂടി വേണോ എന്ന് ടിക്കറ്റിംഗ് ബുക്കിംഗ് സിസ്റ്റം ചോദിക്കും. വിസ വേണമെന്ന് മറുപടി നൽകിയാൽ മൂന്നു മിനിറ്റിനകം സിസ്റ്റം വിസ അനുവദിക്കുന്നതാണ് പദ്ധതി. വിസ നടപടികൾ അതിവേഗവും എളുപ്പവുമാക്കുന്ന ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ സൗദിയിലേക്ക് തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദ വിമാനത്താവളത്തെ സ്റ്റോപ് ഓവർ ആക്കി മാറ്റി ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾക്ക് ഉംറ നിർവഹിക്കാനുള്ള മാർഗം എളുപ്പമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

 

സൗദി സന്ദർശിക്കാൻ  ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതി ഏറെ ഗുണകരമാണ്. ജിദ്ദ വിമാനത്താവളത്തിൽ മാത്രമല്ല, സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് സൗദിയ അറിയിച്ചിട്ടുണ്ട്. ജിദ്ദയിലെത്തുന്ന തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കും ട്രെയിൻ, ബസ് മാർഗം ജിദ്ദ വിമാനത്താവളത്തിൽനിന്നു  പോകുന്നതിനും ഇതോടൊപ്പം സൗകര്യമൊരുക്കിയിട്ടുണ്ടെന്നതും യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കും. 
പദ്ധതി നടപ്പാക്കുന്നതോടെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയാണ് സൗദി എയർലൈൻസ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് കൂടുതൽ രാജ്യങ്ങളിലേക്ക് പുതിയ അന്താരാഷ്ട്ര സർവീസുകളും സൗദിയ ആരംഭിക്കും. വിദേശ സർവീസുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനക്കൊപ്പം ആഭ്യന്തര സർവീസുകളിൽ അഞ്ചു ലക്ഷം അധിക സീറ്റുകളും സൗദിയ ഈ വർഷം  ലഭ്യമാക്കും. ഇതിനായി ഈ വർഷം പത്തു പുതിയ വിമാനങ്ങൾ കൂടി സർവീസിന്റെ ഭാഗമാക്കും. ഇതിൽ ഏഴെണ്ണം എയർബസ് 321 നിയോയും മൂന്നെണ്ണം ബോയിംഗ് വിമാനങ്ങളുമായിരിക്കും. ഇതിനനുസരിച്ച് വിമാനത്താവളങ്ങളുടെ വികസനവും അതിവേഗമാണ് പുരോഗമിക്കുന്നത്. തീർഥാടകരായും വിനോദ സഞ്ചാരികളായും എത്തുന്നവർക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളും അതിവിപുലമാക്കുകയാണ്. 2030 നുള്ളിലായി രാജ്യത്ത് ഏഴു ലക്ഷം ഹോട്ടൽ മുറികൾ കൂടി നിർമിക്കും. ചെങ്കടലിൽ വിഭാവനം ചെയ്തിട്ടുള്ള റിസോർട്ട് പദ്ധതികളടക്കം നിരവധി വിനോദ സഞ്ചാര പദ്ധതികളും പൂർത്തീകരിക്കും. 2019 ൽ ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം  അതു നാലു ശതമാനമായി ഉയർന്നു. 2030 ഓടെ അതു പത്തു ശതമാനമായി ഉർത്താനാണ് ലക്ഷ്യമിടുന്നത്. അതായത് വിനോദ സഞ്ചാര മേഖലയുടെ വരുമാനം 7000 കോടി മുതൽ 8000 കോടി ഡോളർ വരെയായി ഉയരും. 


അടുത്തിടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ഇവന്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദിയിലെ നിക്ഷേപാവസരങ്ങളും സൗദിയിലേക്ക് വരുന്നവരുടെ എണ്ണവും വർധിപ്പിക്കും. സംസ്‌കാരം, ടൂറിസം, വിനോദം, സ്‌പോർട്‌സ് എന്നീ നാലു മേഖലകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനമാണ് ഫണ്ട് കൊണ്ട് ലക്ഷ്യമിടുന്നത്. ആർട്ട് ഗാലറികൾ, തിയേറ്ററുകൾ, കോൺഫറൻസ് സെന്ററുകൾ, കുതിരപ്പന്തയ ട്രാക്കുകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഓട്ടോ റേസിംഗ് തുടങ്ങിയവയുടെ നിർമാണത്തിനും വികസനത്തിനുമായി വിദേശ നിക്ഷേപം ആകർഷിക്കാൻ പദ്ധതി ഉപകരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി 35 ലേറെ കേന്ദ്രങ്ങൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. ഈ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികൾക്കും ഇവന്റുകൾക്കും ആഗോള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റാൻ ഇതു സഹായകമാവും. 


ഹജ് സേവന രംഗത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആധുനികവൽക്കരണവും പരിഷ്‌കാരങ്ങളും എത്രമാത്രമായിരിക്കുമെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രണ്ടാഴ്ച മുൻപ് ജിദ്ദയിൽ നടന്ന ഹജ് എക്‌സ്‌പോ. വിദേശത്തുനിന്ന് എത്തുന്ന ഹാജിമാരുടെ നടപടിക്രമങ്ങൾ അവരുടെ രാജ്യങ്ങളിൽനിന്നു തന്നെ പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി വിപുലപ്പെടുത്തുന്നതോടെ സമയലാഭവും ഹാജിമാരുടെ യാത്ര സുഗമവും വേഗത്തിലുമാവും. നിലവിൽ അഞ്ചു രാജ്യങ്ങളിൽ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു കൂടി പദ്ധതിയുടെ പ്രയോജനം താമസിയാതെ ലഭ്യമായേക്കും. കഴിഞ്ഞ വർഷം ഹജ് നിർവഹിച്ച പത്തു ലക്ഷം തീർഥാടകരിൽ 13 ശതമാനം ഹാജിമാർക്കും മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെട്ടു. 2019 ൽ  മലേഷ്യയിൽ പരീക്ഷണാർഥം ആരംഭിച്ച പദ്ധതി പിന്നീട് ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ കൂടി നടപ്പാക്കി. ഈ പദ്ധതി നടപ്പാക്കുന്നതിന് മറ്റു നിരവധി രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വാർത്ത വിനിമയ സൗകര്യങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മറ്റും വിലയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഹാജിമാരുടെ വിസ നടപടിക്രങ്ങളും യാത്രയുമെല്ലാം വേഗത്തിലാക്കാനാവും. ഇതോടൊപ്പം ജിദ്ദ ഹജ് ടെർമിനലിലെ തിരക്ക് കുറക്കാനും ജിദ്ദയിലെത്തുന്ന ഹാജിമാർക്ക് ഇമിഗ്രേഷൻ നടപടികൾ വളരെ എളുപ്പത്തിൽ പൂർത്തീകരിച്ച് വിമാനത്താവളത്തിൽനിന്നു പുറത്തു വരുന്നതിനും ഉപകരിക്കും. പദ്ധതിയുടെ വ്യാപനത്തോടെ വരുംവർഷങ്ങളിൽ വിദേശ ഹാജിമാരുടെ എണ്ണത്തിലും വർധനയുണ്ടാവും. ഇതോടൊപ്പം ഹാജിമാർ സൗദിയിൽ തങ്ങുന്ന ദിവസങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിശോധിച്ചു വരികയാണ്. ഇത്തരം പദ്ധതികളിലുടെ തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണം വർധിപ്പിച്ച് ലോകത്തിലെ ഏതു ഭാഗങ്ങളിൽനിന്നും എളുപ്പം എത്തിച്ചേരാവുന്ന ഒരു ആഗോള കേന്ദ്രമാക്കി സൗദിയെ മാറ്റുകയാണ് ലക്ഷ്യം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News