ബംഗളൂരു- വധുവിന് 18 വയസ്സ് തികയാത്ത വിവാഹം അസാധുവാക്കിയ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കി കര്‍ണാകട ഹൈക്കോടതി. വധുവിന് 18 വയസ്സ് ആയില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബ കോടതി വിധിക്കെതിരെ ഷീല എന്ന യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹിന്ദു വിവാഹ നിയമത്തിലെ 11-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് വിവാഹം അസാധുവാണെന്ന് കുടുംബ കോടതി വിധിച്ചത്. എന്നാല്‍ ഈ വിധിയെ ഹൈക്കോടതി തള്ളുകയും 11-ാം വകുപ്പില്‍ അസാധു വിവാഹങ്ങളുടെ പരിധിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് വിലയിരുത്തുന്നതില്‍ കോടതിക്ക് തെറ്റ് പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു.