Sorry, you need to enable JavaScript to visit this website.

ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം: ജാമിയ മില്ലിയയിലും സംഘർഷം, വിദ്യാർഥികൾ കസ്റ്റഡിയിൽ

മുദ്രാവാക്യം മുഴക്കുന്നതിനിടെ ഫ്രറ്റേണിറ്റി നേതാവ് ലുബൈബിനെ പോലീസ് പിടികൂടുന്നു.
ജാമിയ മില്ലിയയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ദൽഹി പോലീസ് കസ്റ്റഡിയിലെടുക്കുന്നു.

ന്യൂദൽഹി - ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരിട്ടുള്ള പങ്കിനെക്കുറിച്ച് ഉറക്കെ വിളിച്ചുപറയുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം തടയാനുള്ള ശ്രമത്തിൽ വിദ്യാർഥികളുമായി ഏറ്റുമുട്ടി ദൽഹി പോലീസ്. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നിരവധി വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.എഫ്.ഐ, എൻ.എസ്.യു, ഫ്രറ്റേണിറ്റി നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


കാമ്പസിൽ സംഘർഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ഇതിന്റെ ഭാഗമായി കാമ്പസിൽ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്നാണ് അറിയിച്ചത്. പിന്നാലെ കാമ്പസിൽ അനാവശ്യ ഒത്തുചേരലുകൾ വിലക്കി അധികൃതർ രംഗത്തെത്തി.
സർവകലാശാലയുടെ നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാമ്പസിനകത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് വിദ്യാർഥി സംഘടനകൾ നടത്തുന്നതെന്ന് സർവകലാശാലാ അധികൃതർ കുറ്റപ്പെടുത്തി. ജാമിയയുടെ ഗേറ്റ് പൂട്ടി വിദ്യാർഥികളെ കരുതൽ തടങ്കലിൽവെച്ചതിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. വിദ്യാർഥികൾ പ്രകോപനം കൂടാതെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു.


പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നീക്കി. യൂണിവേഴ്‌സിറ്റിയിലെ എല്ലാ ഗേറ്റുകളും ഇതിനോടകം അടച്ചിട്ടുണ്ട്. സർവകലാശാലയിലെ നാല് എസ്.എഫ്.ഐ നേതാക്കളെയും എൻ.എസ്.യു നേതാവ് അബ്ദുൽ ഹമീദിനെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറി ലുബൈബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാമ്പസിന് അകത്തുള്ളവരെ പുറത്തിറങ്ങാനും പോലീസ് അനുവദിച്ചിരുന്നില്ല. കാമ്പസിനടുത്ത് നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്.


ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി അപ്‌ലോഡ് ചെയ്ത സാമൂഹിക മാധ്യമ ലിങ്കുകൾ  കേന്ദ്രസർക്കാർ നീക്കിയിരുന്നു. എന്നാൽ പ്രദർശനത്തിന് ഔദ്യോ ഗിക വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല. ദൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാല കാമ്പസിൽ ചിത്രം പ്രദർശിപ്പിക്കാനുള്ള ശ്രമം അധികൃതർ തടഞ്ഞിരുന്നു. കാമ്പസിലെ വൈദ്യുതി വിച്ഛേദിച്ചതോടെ പ്രദർശനം അസാധ്യമായപ്പോൾ മൊബൈലിലും ലാപ്‌ടോപിലും ചിത്രം കണ്ട കുട്ടികളെ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചു. പരാതി നൽകിയെങ്കിലും എ.ബി.വി.പിക്കാർക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. 
കേരളത്തിലടക്കം രാജ്യത്തെ വിവിധ സർവകലാശാലകളിൽ ചിത്രം വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കാമ്പസിന് പുറത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. വിദ്യാർഥി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത പശ്ചാത്തലത്തിൽ ദൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിലെ പ്രദർശനം മാറ്റിവെച്ചു. കാമ്പസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു.

 

കോഴിക്കോട്ട് എട്ട് ഫ്രറ്റേണിറ്റി നേതാക്കൾ അറസ്റ്റിൽ 

കോഴിക്കോട് - ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ' കോഴിക്കോട് കടപ്പുറത്ത് പ്രദർശിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കൾ  അറസ്റ്റിൽ. അനുമതിയില്ലാതെ പ്രദർശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തത്.  
പരിപാടിക്ക് ഉപയോഗിച്ച  സൗണ്ട് ബോക്‌സും പോലീസ്  കസ്റ്റഡിയിലെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂർ, മുബഷീർ ചെറുവണ്ണൂർ, റഈസ് കുണ്ടുങ്ങൽ, ജില്ല കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി ഊട്ടേരി, റാഷിദ് കോട്ടക്കൽ, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം സമീർ ഊട്ടേരി, പന്നിയങ്കരയിലെ പ്രവർത്തകനായ അബ്ദുല്ല എന്നിവരാണ്  അറസ്റ്റിലായത്.   ബീച്ചിൽ ബുധനാഴ്ച വൈകിട്ടോടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിക്കുകയും ഇതിനുവേണ്ട സംവിധാനങ്ങളുമായി എത്തുകയുമായിരുന്നു. എന്നാൽ ടൂറിസം വകുപ്പ് നവീകരിച്ച ഭാഗത്ത് പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പോലീസ് വിലക്കിയതോടെ പ്രദർശനം സമീപത്തേക്ക് മാറ്റി. സ്‌ക്രീൻ ഒഴിവാക്കി ലാപ്‌ടോപ്പിലായിരുന്നു പ്രദർശനം. പ്രദർശനം കഴിഞ്ഞതിനുപിന്നാലെ നേതാക്കൾ പ്രസംഗിക്കാനുപയോഗിച്ച സൗണ്ട് ബോക്‌സ് പോലീസ് പിടിച്ചെടുത്ത് ജീപ്പിലേക്ക് കയറ്റിവെച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് നേരിയ സംഘർഷവുമുണ്ടായതോടെയാണ് അറസ്റ്റ്. 

Tags

Latest News