Sorry, you need to enable JavaScript to visit this website.

കളഞ്ഞുപോയ പാസ്‌പോര്‍ട്ട് സക്കറിയക്ക് തിരിച്ചുകിട്ടിയതെങ്ങനെ, നല്ലതും നമുക്ക് പറയാമെന്ന് എഴുത്തുകാരന്‍

തിരുവനന്തപുരം- കളഞ്ഞുപോയ പാസ്‌പോര്‍ട്ട് തിരികെയെത്തിച്ച പോലീസിന് എഴുത്തുകാരന്‍ സക്കറിയയുടെ നന്ദി. പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാന്‍ കാരണക്കാരായ പോലീസിനും ഓട്ടോ ഡ്രൈവവര്‍ക്കും നന്ദിപറഞ്ഞ് ദീര്‍ഘമായ കുറിപ്പാണ് സക്കറിയ എഴുതിയത്. തിരുവനന്തപുരത്ത് വെച്ചാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്.

പോലീസിനെപ്പറ്റി അഭിമാനം തോന്നുന്നുവെന്നു അദ്ദേഹം കുറിപ്പില്‍ പറയുന്നു. ഓട്ടോ ഡ്രൈവറായ ചന്തു എന്നയാളാണ് കളഞ്ഞു കിട്ടിയ പാസ്‌പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്.

നവോത്ഥാനം നേടിത്തന്ന ചിന്താശക്തിയുടെയും ലോകവിവരത്തിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും ഇനിയും മരിച്ചിട്ടില്ലാത്ത പാരമ്പര്യത്തിന്റെ മക്കളായ ലക്ഷക്കണക്കിന് സാധാരണ മലയാളി പൗരന്മാരുടെ പ്രതിനിധിയാണ് ചന്തുവെന്നും സക്കറിയ ഫെയ്‌സ്ബുക്കുല്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്. എന്നാല്‍ ഒരു തരത്തില്‍ എനിക്കത് പ്രയോജനപ്പെട്ടു. കാരണം അതെന്നെ ചില പുതിയ അനുഭവങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും നയിച്ചു.

രാഷ്ട്രീയാധികാരികള്‍ ദുരുപയോഗപ്പെടുത്തുന്ന ജനാധിപത്യ സംവിധാനമായ പോലീസിനെ ഞാന്‍ മറ്റനവധി നിസ്സഹായരായ പൗരന്മാരെ പോലെ വിമര്‍ശന മനോഭാവത്തോടെയാണ് കാണുന്നത്. ഭരണകൂടത്തിന്റെ എല്ലാ മേഖലകളിലുമെന്നപോലെ പോലീസിലുമുള്ള പുകഞ്ഞ കൊള്ളികളെപ്പറ്റി എനിക്കും അമര്‍ഷമുണ്ട്. ഈ അവസ്ഥാവിശേഷത്തിനു പോലീസിനെയല്ല പഴിക്കേണ്ടത് അവരെ നിയന്ത്രിക്കുന്ന ഭരണ പ്രമാണിമാരെയാണ് എന്നും ഞാന്‍ മനസിലാക്കുന്നു. പക്ഷെ ദുരനുഭവമുണ്ടാകുമ്പോള്‍ പഴി പോലീസിനല്ലാതെ മറ്റാര്‍ക്കാണ് ലഭിക്കുക. എനിക്കുണ്ടായ അനുഭവം പോലീസിനെപ്പറ്റിയുള്ള എന്റെ നല്ല തിരിച്ചറിവുകളെ ബലപ്പെടുത്തുകയും പൗരന്‍ എന്ന നിലയില്‍ പോലീസിനെപ്പറ്റി അഭിമാനം തോന്നിപ്പിക്കുകയും ചെയ്തു. ആ അനുഭവം അളവുകോലാക്കിക്കൊണ്ട് പോലീസ് സംവിധാനത്തെ ഒന്നടങ്കം ബാലിശമായി പുകഴ്ത്തുകയല്ല. പോലീസുകാര്‍ തന്നെയത് വിശ്വസിക്കുമെന്നും തോന്നുന്നില്ല. ഞാന്‍ വസ്തുതകള്‍ മാത്രം കുറിക്കുന്നു. മറ്റൊന്നും കൊണ്ടല്ല, നല്ല കാര്യങ്ങള്‍ക്കും നമ്മുടെ സൂര്യന് കീഴില്‍ വല്ലപ്പോഴും ഇടം കിട്ടട്ടെ.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച് (തിരുവനന്തപുരത്തെ) തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മി. പ്രകാശില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും എനിക്ക് ലഭിച്ച സഹായസഹകരണങ്ങള്‍ അകമഴിഞ്ഞ നന്ദിയോടെയേ എനിക്ക് സ്മരിക്കാനാകൂ. ആ പെരുമാറ്റം ഒറ്റപ്പെട്ടതല്ല എന്ന് എന്റെ സാമാന്യബുദ്ധിക്ക് മനസ്സിലാക്കാന്‍ കഴിയും. ആകാശത്തില്‍നിന്ന് കെട്ടിയിറക്കിയത് പോലെ അങ്ങനെ ഒരു പോലീസ് സ്‌റ്റേഷന്‍ ഉണ്ടാവാന്‍ വഴിയില്ല. അവരെ പോലെയുള്ള പോലീസുകാരും പോലീസ് സ്‌റ്റേഷനുകളും വേറെയും ഉണ്ടാവും എന്ന് തീര്‍ച്ച. എന്നാല്‍ വിവിധ കാരണങ്ങളാല്‍ കൂടുതല്‍ സമയവും വാര്‍ത്തകളില്‍ ഇടം നേടുന്നത് പോലീസിന്റെ വീഴ്ചകളാണ്. അഴിമതിയിലും ജനവിരുദ്ധ മനോഭാവത്തിലും പങ്കുചേരാത്ത എത്രയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഉണ്ട്. അവരെപ്പറ്റി ആരറിയുന്നു?

ജനുവരി 19ന് ഓട്ടോയില്‍ വച്ച് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടി എന്നറിയിക്കാന്‍ ഇന്നലെ  തമ്പാനൂര്‍ സി.ഐ. മി. പ്രകാശ് എന്നെ വിളിക്കുമ്പോള്‍ ഈ അഞ്ച് ദിവസങ്ങളിലൂടെ അവര്‍ നടത്തിയ പരിശ്രമങ്ങളെ ഞാന്‍ നന്ദിപൂര്‍വം ഓര്‍മ്മിച്ചു. സംസാരിച്ചിരിക്കെ അദ്ദേഹം എന്നോട് പറഞ്ഞു, 'ഒരു എഴുത്തുകാരന് വേണ്ടി ഞങ്ങള്‍ പ്രത്യേകം നല്‍കിയതല്ല ഈ സേവനം. ഏറ്റവും അറിയപ്പെടാത്ത പൗരന് വേണ്ടിയും ഞങ്ങള്‍ ഇത് പോലെ തന്നെ പ്രവര്‍ത്തിക്കും.' പ്രസന്നവദനരായ ചെറുപ്പക്കാരുടെ ഒരു ടീമിനെ ആണ് തമ്പാനൂര്‍ സ്‌റ്റേഷനില്‍ ഞാന്‍ കണ്ടത്. അത് അങ്ങനെ തന്നെ തുടരാന്‍ ഇടവരട്ടെ! മാനുഷികതയും ജനാധിപത്യബോധവും ജനസൗഹൃദവും ഉള്ള അംഗങ്ങള്‍ ഇനിയും കേരളപോലീസില്‍ നിറയട്ടെ.

എന്റെ പാസ്‌പോര്‍ട്ട് പാതയില്‍ വീണുപോയിരിക്കുകയായിരുന്നു എന്നാണു സൂചന. ഞാന്‍ യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവറല്ല മറ്റൊന്നിന്റെ ഡ്രൈവറാണ് അത് കണ്ടെത്തി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്. കോവളംകാരനായ യുവ ഓട്ടോ െ്രെഡവര്‍ ചന്തു. അദ്ദേഹം ചെയ്യുന്ന ജോലി കടകളില്‍നിന്ന് വേസ്റ്റ് പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യലാണ്. ശരാശരി മലയാളി എല്ലാ മസ്തിഷ്‌ക്കപ്രക്ഷാളനങ്ങളോടും മല്ലിട്ടു നേടിയെടുത്തിട്ടുള്ള നാം ജീവിക്കുന്ന ലോകത്തെ പറ്റിയുള്ള യാഥാര്‍ഥ്യ ബോധത്തിന്റെ ഒന്നാംതരം ഉദാഹരണമാണ്. ചന്തു എന്നോട് പറഞ്ഞ ഒരു കാര്യം. അദ്ദേഹത്തിന്റെ സഹായി ഭായി ആണ് പാസ്‌പോര്‍ട്ട് നിലത്തു കിടക്കുന്നതു കണ്ടത്. ഒരു ഡയറി കിട്ടി എന്ന് പറഞ്ഞു സഹായി അതെടുത്തു ചന്തുവിന് കൊടുത്തു. ചന്തു എന്നോട് പറഞ്ഞു, 'ഞാന്‍ അത് തുറന്നു നോക്കി. പാസ്‌പോര്‍ട്ട് ആണെന്ന് മനസ്സിലായി. ഞാന്‍ അതിന്റെ expiry date നോക്കി. 2027 ആണെന്ന് കണ്ടു. ഉപയോഗത്തിലുള്ളതാണെന്നു മനസ്സിലായി. മറിച്ചു നോക്കി. കുറെ യാത്രകള്‍ പോയിട്ടുള്ളതാണെന്നു മനസ്സിലായി. ഉപേക്ഷിച്ചതല്ല കളഞ്ഞു പോയതാണെന്ന് വ്യക്തമായി. ഞാന്‍ ഉടനെ അതുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയി.' ഒരിക്കല്‍ നവോത്ഥാനം നമുക്ക് നേടിത്തന്ന ചിന്താശക്തിയുടെയും ലോകവിവരത്തിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും ഇനിയും മരിച്ചിട്ടില്ലാത്ത പാരമ്പര്യത്തിന്റെ മക്കളായ ലക്ഷക്കണക്കിന് സാധാരണ മലയാളി പൗരരുടെ പ്രതിനിധിയാണ് ചന്തു എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ കര്‍ത്തവ്യബോധത്തിനും സഹായമനസ്ഥിതിക്കും പൗരബോധത്തിനും മുമ്പില്‍ ഞാന്‍ നമിക്കുന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വാര്‍ത്ത പൊതുജനസമക്ഷം എത്തിക്കാന്‍ എന്റെ മാധ്യമ സുഹൃത്തുക്കള്‍ എന്നെ വളരെ സഹായിച്ചു. അവര്‍ക്കു എന്റെ ഹൃദയപൂര്‍വമായ നന്ദി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News