ജഡ്ജിമാരുടെ പേരില്‍ കോഴ: അഭിഭാഷകനെ ചോദ്യം ചെയ്തു;വക്കീല്‍ ഫീസാണ് വാങ്ങിയതെന്ന് സൈബി ജോസ്

കൊച്ചി- ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ  സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നഗരത്തിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച്് ചോദ്യം ചെയ്തു. മാധ്യമ സാന്നിധ്യം ഭയന്ന് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നാണ് മറ്റൊരിടത്ത് ചോദ്യം ചെയ്യലിന് വേദിയൊരുങ്ങിയത്. സിനിമാ നിര്‍മാതാവില്‍ നിന്നും താന്‍ അഭിഭാഷക ഫീസാണ് വാങ്ങിയത് എന്ന മൊഴി ആവര്‍ത്തിക്കുകയാണ് സൈബി ജോസ് കിടങ്ങൂര്‍ ചെയ്തത്.അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ വാങ്ങിയതായും ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയിരുന്നു. നാല് അഭിഭാഷകരില്‍ നിന്നാണ് വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയത്. ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരായ കേസ് പഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അതിനിടെ, അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂരിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍ രംഗത്തെത്തി. സൈബി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ സ്ഥാനം രാജിവെക്കണമെന്ന് ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് ലോയേഴ് ആവശ്യപ്പെട്ടു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു.
അന്വേഷണം തുടരുമ്പോള്‍ സൈബി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയ കുറ്റങ്ങളുടെ പേരില്‍ ശക്തവും മാതൃകാപരവുമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അഭിഭാഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News