ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് ഫാസിസം -സൗദി കെ.എം.സി.സി

റിയാദ്- ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന ഇടതു സർക്കാരിന്റെ ശൈലി ഫാസിസമാണെന്ന് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി. കേന്ദ്രവും കേരളവും ഭരിക്കുന്നവർ ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്.  കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾ ഉയർത്തിക്കാട്ടി സമാധാനപരമായും ജനാധിപത്യപരമായും  സമരം ചെയ്ത മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉൾപ്പെടെയുള്ള മുപ്പതോളം സംസ്ഥാന യൂത്ത് ലീഗ് നേതാക്കളെ ക്രൂരമായി ലാത്തിച്ചാർജ് നടത്തുകയും കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ച് രാഷ്ട്രീയ പ്രതികാരം തീർക്കുകയുമാണ്  സർക്കാർ. 
വളരെ ചിട്ടയോടെ പൂർത്തിയാക്കുകയായിരുന്ന മഹാറാലിയെ പ്രകോപനങ്ങളില്ലാതെ നേരിടുകയായിരുന്നു പോലീസ്. പ്രതിഷേധ സമരങ്ങൾക്കെതിരെയുള്ള ഈ അസഹിഷ്ണുത ലജ്ജാകരവും പ്രതിഷേധാർഹവുമാണെന്നും കെ.എം.സി.സി ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരുമെന്നും പ്രവാസ ലോകത്തും സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളുടെ മേൽനോട്ടത്തിൽ പ്രചാരണം നടത്തുമെന്നും കെ.എം.സി.സി നേതാക്കൾ അറിയിച്ചു.

Tags

Latest News