മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കാണൂ... അടൂരിന് ധര്‍മജന്റെ ഉപദേശം

മോഹന്‍ലാലിനെ 'നല്ല റൗഡി' എന്നുവിശേഷിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിനെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം അടൂര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കാണാത്തതുകൊണ്ടാണെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് ധര്‍മജന്റെ വിമര്‍ശനം.

അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണെന്നും അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം എഴുതി.

'മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷേ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്' എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖ പരിപാടിയായ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കവേയാണ് അടൂര്‍ പരാമര്‍ശം നടത്തിയത്. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തത് എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ 'നല്ല റൗഡി' പ്രതിച്ഛായ തനിക്ക് പ്രശ്‌നമായിരുന്നുവെന്നായിരുന്നു അടൂരിന്റെ ഉത്തരം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് താന്‍ എതിരാണെന്നും ഇതേ അഭിമുഖത്തില്‍ അടൂര്‍ പറഞ്ഞിരുന്നു.

 

Latest News