VIDEO - സൗദി മരുഭൂമിയിലെ പൂക്കാലം കാണാനെത്തുന്നവർ കരുതിയിരിക്കുക, അപകടം പതിയിരിക്കുന്നു

ജിദ്ദ-സൗദിയിലെ വിവിധ പ്രദേശങ്ങളിൽ പെയ്ത കനത്ത മഴക്കുശേഷം മരുഭൂമിയിൽ മുളച്ച പുല്ലുകളും പൂക്കളും കാണാൻ എത്തുന്നവരെ കാത്തിരിക്കുന്നത് വൻ അപകടം. മരുഭൂമിയിൽ പുതുതായി മുളച്ച പുല്ലിനിടയിൽ ഉഗ്രവിഷമുള്ള ഒട്ടനേകം പാമ്പുകളുണ്ട്. മരുഭൂമിയിലെ അപൂർവ്വ കാഴ്ചകൾ നേരിൽ കാണാനും ആസ്വദിക്കാനും എത്തുന്നവർ പുല്ലിനിടയിൽ മറിഞ്ഞിരിക്കുന്ന അപകടത്തെ പറ്റി ഓർക്കാറില്ല. നിരവധി തരത്തിലുള്ള പാമ്പുകൾ മരുഭൂമിയിൽ നേരത്തെ തന്നെയുണ്ട്.

പുല്ലിനിടയിൽ പതുങ്ങിക്കിടക്കുന്ന ഇവ ദിവസങ്ങളോളം ഒരിടത്ത് തന്നെ ഒരേ കിടപ്പ് കിടക്കും. അബദ്ധത്തിലോ അല്ലാതെയോ ശല്യപ്പെടുത്താൻ ശ്രമിച്ചാൽ കൂടുതൽ ആക്രമകാരികളാകുന്ന പാമ്പുകളാണ് ഏറെയും. ഇതിൽ ഏറെ പാമ്പുകൾക്കും മാരക വിഷങ്ങൾ ഉള്ളതാണ്. ഡെസേർട്ട് കോബ്ര അടക്കമുള്ളവയുടെ സാന്നിധ്യം സൗദിയിലെ മരുഭൂമികളിലുണ്ട്. സാധാരണ ഗതിയിൽ തീരെ മനുഷ്യസാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലെല്ലാം ആളുകൾ മരുഭൂമിയിലെ പൂക്കാലം ആസ്വദിക്കാനായി ഇപ്പോൾ യാത്ര ചെയ്യുന്നുണ്ട്. റോഡുകളിൽനിന്ന് ഏറെ ദൂരം യാത്ര ചെയ്താണ് പലരും എത്തുന്നത്. പുല്ലുകൾക്കിടയിലൂടെ യാതൊരു ശ്രദ്ധയുമില്ലാതെയുള്ള നടത്തം അവസാനിക്കുന്നത് വൻ അപകടങ്ങളിലേക്കും. പുല്ലുകൾക്കിടയിൽ പതിഞ്ഞു കിടക്കുന്ന പാമ്പുകൾ പലപ്പോഴും ശ്രദ്ധയിൽ പെടുകയേ ഇല്ല. ഇതിന് പുറമെ, വൈകുന്നേരങ്ങളിലാണ് പലരും യാത്ര ചെയ്യുന്നത് എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. മതിയായ വെളിച്ചമില്ലാതെയുള്ള നടത്തം വഴി വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. പാമ്പുകൾ അധികവും ഇര തേടുന്നത് രാത്രിയിലാണ്. തവളകളെയും പല്ലികളെയുമാണ് ഇവ പിടികൂടുന്നത്. മരുഭൂമിയിലെ പാമ്പുകൾക്ക് വലിയ തോതിൽ വെള്ളവും ആവശ്യമില്ല. മരുഭൂമിയിലെ ഊഷ്മാവ് മുതലെടുത്ത് ശരീരോഷ്മാവ് നിയന്ത്രിക്കാൻ കഴിയും. പ്രത്യേക സമയത്ത് മാത്രമേ ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുകയുള്ളൂ. 
ഒരു തരത്തിലുമുള്ള മുൻ കരുതലുകളില്ലാതെ ആരും മരുഭൂമിയിലേക്ക് ഈ അവസരത്തിൽ യാത്ര ചെയ്യരുത്. മലയുടെ മുകളിൽ ആകർഷകമായ രീതിയിൽ പച്ചപ്പുകളുണ്ടെങ്കിലും വൻ അപകടങ്ങളാണ് പതിയിരിക്കുന്നത്.
 

Tags

Latest News