Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ ഭീതിവേണ്ട; മെകുനു ചുഴലിക്കാറ്റ് വഴിമാറും

ദുബായ്- ഒമാന്‍ തീരത്തു നിന്നും 475 കിലോമീറ്റര്‍ അകലെ കടലില്‍ ശക്തിപ്രാപിച്ച മെകുനു ചുഴലിക്കൊടുങ്കാറ്റ് യുഎഇയില്‍ ആഞ്ഞുവീശില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി അറിയിച്ചു. ഈ ചുഴലിക്കാറ്റിപ്പോള്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ വടക്കോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചയോടെ ഒമാന്‍ തീരത്തു ശക്തിയോടെ ആഞ്ഞുവിശുമെന്നാണ് പ്രവചനം. ഈ ചുഴലിക്കാറ്റ് യുഎഇ തീരത്തെത്തില്ലെന്നും എന്നാല്‍ തെക്ക്, കിഴക്ക് മേഖലകളില്‍ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. യുഎഇയെ പൊതുവെ മെകുനു ബാധിക്കില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.

ആധികാരികമല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ നിന്നും അഭ്യൂഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ശരിയായ കാലാവസ്ഥാ വിവരങ്ങളും റിപ്പോര്‍ട്ടുകളും പ്രവചനങ്ങള്‍ അപ്പപ്പോള്‍ നല്‍കുമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്ററോളജി അറിയിച്ചു.

അതേസമയം ഒമാന്‍ തീരത്ത് മെകുനു അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 155 മുതല്‍ 165 വരെ കിലോമീറ്റര്‍ വേഗത കൈവരിക്കും. വടക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് ഒമാന്റെ തെക്കന്‍ തീരദേശ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്.
 

Latest News