Sorry, you need to enable JavaScript to visit this website.

മോദിയെ തുറന്നുകാട്ടി വീണ്ടും; വിവാദങ്ങൾക്കിടെ ഡോക്യുമെൻററിയുടെ രണ്ടാംഭാഗവും സംപ്രേഷണം ചെയ്ത് ബി.ബി.സി

ന്യൂദൽഹി - ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുടെ വിവാദങ്ങൾക്കിടെ രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ടരക്കായിരുന്നു സംപ്രേഷണം. 
 2019ൽ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ശേഷമുള്ള നരേന്ദ്ര മോദി സർക്കാറിന്റെ ഭരണം പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. വിവാദ നയങ്ങളുടെ ഒരു പരമ്പര തന്നെ ഡോക്യുമെന്ററിയിലുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളും മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും ഡോക്യൂമെന്ററിയിലുണ്ട്. ആംനെസ്റ്റി ഇന്റർനാഷനൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതുൾപ്പെടെ യു.കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററിയിൽ പങ്കുവെക്കുന്നത്.
 കേന്ദ്രസർക്കാറിന്റെ എതിർപ്പുകൾ മറികടന്നാണ് ബി.ബി.സി രണ്ടാം ഭാഗം പുറത്തിറക്കിയത്. ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ആദ്യഭാഗത്തിന്റെ ലിങ്കുകൾ യുട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും പിൻവലിക്കാൻ കേന്ദ്രസർക്കർ ഉത്തരവിട്ടിരുന്നു. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടുകൾ ആവർത്തിച്ചു. ഇത് മോദി സർക്കാറിന് കടുത്ത പ്രഹരമാണ്. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന് ബി.ബി.സിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ ഡോക്യുമെന്ററി വിലക്കിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനവും അരങ്ങ് തതകർക്കുകയാണ്. എന്നാൽ ഇത് തടയാനുള്ള സംഘപരിവാർ പ്രകോപനം പലേടത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
 

Latest News