റിയാദ്- കഴിഞ്ഞ പത്തു ദിവസത്തിനകം റഫയിൽ രണ്ടര ലക്ഷം റിയാലിന്റെ ഫഖാ കിഴങ്ങുകൾ വിറ്റതായി കണക്ക്. രാജ്യത്തെ ഏറ്റവും വലിയ വിൽപന തോതാണിതെന്ന് വ്യാപാരികൾ പറഞ്ഞു.
വടക്കൻ അതിർത്തി പ്രദേശങ്ങളിലാണ് ഇക്കാലത്ത് ഏറ്റവും കൂടുതൽ ഫഖാ കിഴങ്ങുകൾ കാണപ്പെടാറുള്ളത്. ഈ വർഷം വളരെ നേരത്തെ തന്നെ ഇത് മരുഭൂമിയിൽ കണ്ടു തുടങ്ങി.
വിവിധയിനം ഫഖാ കിഴങ്ങുകൾക്ക് വ്യത്യസ്ത വിലകളാണ് വിപണിയിൽ ലഭിക്കുന്നത്. മഴ പെയ്‌തൊഴിഞ്ഞാൽ മരുഭൂമിയിൽ മുളയ്ക്കുന്ന പ്രത്യേക തരം കിഴങ്ങാണിത്. കിഴങ്ങ് ശേഖരിക്കാൻ നിരവധി പേർ ഈ സമയത്ത് മരുഭൂമിയിലേക്ക് പോകാറുണ്ട്.
കിലോയ്ക്ക് 350 റിയാൽ മുതലാണ് വിലയെന്ന് ഫഖാ വിൽപനക്കാരനായ ഫഹദ് ഫർവാൻ പറഞ്ഞു. ഏറ്റവും ചെറിയ കിഴങ്ങിന് തന്നെ 500 റിയാൽ മുതൽ 700 റിയാൽ വരെ വിലയുണ്ട്. ആവശ്യക്കാരേറുമ്പോൾ വില കൂടാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പ്രദേശത്തും വ്യത്യസ്ത വിലകളാണ് ഈ കിഴങ്ങിനുള്ളത്.
തുറൈഫിൽ 200 റിയാലാണ് കിലോയ്ക്ക് വില. വരും ആഴ്ചകളിൽ അറാർ, തുറൈഫ്, ഉവൈഖലിയ ഗ്രാമ പ്രദേശങ്ങളിൽ കിഴങ്ങ് കൂടുതൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഫഖാ കിഴങ്ങ് ശേഖരിക്കാൻ പോകുന്നവർ വിഷ ജന്തുക്കളെയും സസ്യങ്ങളെയും സൂക്ഷിക്കണമെന്ന് പരിസ്ഥിതി ശാസ്ത്ര വിദഗ്ധനായ ഡോ.ഫർആൻ അൽ ജദീഇ മുന്നറിയിപ്പ് നൽകി.