മൂത്രമൊഴിക്കലും പിഴശിക്ഷയും എയര്‍ ഇന്ത്യയുടെ കണ്ണു തുറപ്പിച്ചു, മാറ്റങ്ങള്‍ വരുന്നു

മുംബൈ- യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ മദ്യപിച്ച് മൂത്രമൊഴിച്ച രണ്ട്  സംഭവങ്ങള്‍ രാജ്യത്ത് കോളിളക്കമുണ്ടാക്കിയതിനു പിന്നാലെ വിമാനത്തിനകത്തെ മദ്യസേവയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.
നവംബര്‍ 26 ന് ന്യൂയോര്‍ക്ക്-ദല്‍ഹി വിമാനത്തില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ യാത്രക്കാരിയുടെ മേലും ഡിസംബര്‍ 10 ന് പാരീസില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ മറ്റൊരു യാത്രക്കാരന്‍ സ്ത്രീയുടെ പുതപ്പിലും മൂത്രമൊഴിച്ചതാണ് വിവാദമായത്.
രണ്ട് സംഭവങ്ങളിലുമായി എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷന്‍ അതോറിറ്റി  40 ലക്ഷം രൂപ പിഴ ചുമത്തി. ശങ്കര്‍ മിശ്ര സംഭവത്തില്‍ 30 ലക്ഷം രൂപയും  ഡിസംബര്‍ 10 ലെ സംഭവത്തില്‍ 10 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്..
കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി  ഇന്‍ഫ് ളൈറ്റ് ആല്‍ക്കഹോള്‍ സേവന നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
കുടിച്ച് പൂസായവരെ തിരിച്ചറിയാനും നിയന്ത്രിക്കാനും വിമാന ജോലിക്കാരെ സഹായിക്കുന്നതിന് യുഎസ് നാഷണല്‍ റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്റെ ട്രാഫിക് ലൈറ്റ് സിസ്റ്റം ഉള്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
മദ്യ വിതരണവുമായി ബന്ധപ്പെട്ട് ക്യാബിന്‍ ക്രൂ പിന്തുടരേണ്ട പുതിയ പ്രോട്ടോക്കോളും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യപാനീയങ്ങളുടെ വിതരണം ന്യായമായും സുരക്ഷിതമായും നടത്തണം. ലക്കുകെട്ട യാത്രക്കാര്‍ക്ക് കൂടുതല്‍ മദ്യം നിഷേധിക്കുന്നതും ഇതില്‍ ഉള്‍പ്പെടുമെന്ന് എയര്‍ ഇന്ത്യ വ്യ്കതമാക്കി.
അതിനിടെ, നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ദല്‍ഹി വിമാനം പറത്തിയ പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത ഡിജിസിഎയുടെ തീരുമാനത്തെ എയര്‍ ഇന്ത്യ അപലപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News