കാറിന്റെ സണ്‍റൂഫ് തുറന്ന് യാത്ര; പട്ടത്തിന്റെ നൂല്‍ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം

പാല്‍ഘര്‍- മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫിലൂടെ തലപുറത്തിട്ട് കാഴ്ചകള്‍ കണ്ട എട്ടുവയസ്സുകാരന്റെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കരുങ്ങി ദാരുണാന്ത്യം. കാണ്ടിവാലിയില്‍നിന്നുള്ള കുടുംബം പാല്‍ഘറിലെ അവധിക്കാല വസതിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ദിഷാന്‍ എന്ന കുട്ടിയാണ് ദാരുണമായി മരിച്ചത്. കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി, മുത്തശ്ശി എന്നിവരും വാഹനത്തില്‍ ഉണ്ടായിരുന്നു.
കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ ചുറ്റി മാരകമായി പരിക്കേറ്റാണ് മരണം. പാല്‍ഘറിലെ നോര്‍വാഡ റോഡില്‍ ഹംരാപൂര്‍ ഗാല്‍ത്താരെ റോഡിലുള്ള വീട്ടില്‍ വാരാന്ത്യം ചെലവഴിക്കാനാണ് കുടുംബം വന്നിരുന്നത്.
മുംബൈ-അഹമ്മദാബാദ് ദേശീയ പാതയില്‍ മനോറില്‍ നിന്ന് 10-15 കിലോമീറ്റര്‍ അകലെ ദിഷാന്റെ കഴുത്തില്‍ നൂല്‍ ചുറ്റിയപ്പോള്‍ വാഹനം മിതമായ വേഗതയിലായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയില്‍ ദിഷാനെ മാതാപിതാക്കള്‍ മാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്താന്‍ ഏകദേശം 20 മിനിറ്റെടുത്തിരുന്നു. ഡോക്ടറായ ദിഷന്റെ അമ്മയും ആശുപത്രിയില്‍ നിന്നുള്ള ഡോക്ടറും ചേര്‍ന്ന് കഴുത്തില്‍നിന്ന് രക്തസ്രാവം തടയാന്‍ ശ്രമിച്ചിരുന്നു. ചികിത്സക്കായി ദിഷാനെ മുംബൈയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സിന് ക്രമീകരണങ്ങള്‍ ഒരുക്കുമ്പോഴാണ് മരണം.
ദിഷാന്റെ ജീവന്‍ അപഹരിച്ച നൂല്‍ നൈലോണ്‍ നിര്‍മിതമായിരുന്നു. പട്ടം പറത്തല്‍ സീസണില്‍ കാറുകളില്‍ സണ്‍ റൂഫ് തുറന്നുള്ള യാത്ര വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദേശീയ പാതയിലെ വൈദ്യസഹായ സൗകര്യങ്ങളെക്കുറിച്ചും ആംബുലന്‍സ് സേവനങ്ങളുടെ ലഭ്യതയെക്കുറിച്ചും ഡോ.തിവാരി തന്റെ ദുഃഖം പ്രകടിപ്പിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News