Sorry, you need to enable JavaScript to visit this website.

ജീവിത നേർക്കാഴ്ച കുടുംബാംഗങ്ങളോടൊപ്പം ബിഗ് സ്‌ക്രീനിൽ കണ്ട് നിലമ്പൂർ ആയിഷ

നിലമ്പൂർ- എഴുപതു വർഷത്തിലേറെയായി സിനിമ, നാടകരംഗത്തെ സാന്നിധ്യമായ നിലമ്പൂർ ആയിഷ തന്റെ പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായ 'ആയിഷ' എന്ന ചിത്രം കാണാൻ എത്തിയത് കുടുംബാംഗങ്ങൾക്കൊപ്പം. 87-ാം വയസിലും ആവേശത്തോടെയാണ് അവർ സിനിമ കണ്ടത്. ആയിഷ എന്ന സിനിമയെയും തന്റെ ജീവിതത്തെയും ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ് നിലമ്പൂരിന്റെ സ്വന്തം ആയിഷാത്ത. തന്റെ പ്രവാസ ജീവിതകാലത്തെ ദുരിത കാഴ്ച്ചയാണ് മഞ്ജുവാര്യർ എന്ന അതുല്യ പ്രതിഭയിലൂടെ ബിഗ് സ്‌ക്രീനിൽ ആയിഷയും കുടുംബങ്ങളും കണ്ടത്. മഞ്ജുവാര്യരുടെ കഥാപാത്രത്തെ നിലമ്പൂർ ആയിഷ കൈയടികളോടെ സ്വീകരിച്ചപ്പോൾ കൊച്ചുമക്കളടക്കം കണ്ണീർ തൂകിയാണ് സിനിമ കണ്ടത്. മഞ്ജുവാര്യർക്കൊപ്പം എറണാകുളത്ത് 
നിന്നു നേരത്തെ സിനിമ കണ്ടിരുന്നു. ഇപ്പോൾ സ്വന്തം നാട്ടിലെ തിയേറ്ററിൽ നിന്നും. വല്ലപ്പുഴയിലെ വീട്ടിലിരുന്നാണ് നിലമ്പൂർ ആയിഷ തന്റെ സന്തോഷം പങ്കിട്ടത്. നിലമ്പൂർ ബാലൻ, ഡോ. ഉസ്മാൻ ഉൾപ്പെടെയുള്ള വലിയ കലാകാരൻമാരുടെയും പിതാവിന്റെയും പിന്തുണയോടെയാണ് 12-ാം വയസിൽ നിലമ്പൂർ ആയിഷ നാടകത്തിലെത്തിയത്. 
കഴിഞ്ഞ 70 വർഷത്തിലേറെയായി സിനിമ, നാടകം എന്നിവയിലൂടെ വിവിധ വേഷങ്ങളിൽ നിലമ്പൂർ ആയിഷ സാന്നിധ്യമറിയിച്ചു. ഇപ്പോൾ ആയിഷയുടെ പേരിൽ ഒരു സിനിമ തന്നെ പുറത്തിറങ്ങിയിരിക്കുന്നു. നിലമ്പൂർ ഫെയറിലാൻഡ് തിയേറ്ററിൽ സിനിമ എത്തിയപ്പോൾ ദിവസേന ഒരു ഷോയായിരുന്നു പ്രദർശിപ്പിച്ചത്. ഇപ്പോൾ ദിവസേന മൂന്നു ഷോയാണ് പ്രദർശിപ്പിക്കുന്നത്. താൻ ഉൾപ്പെടെയുള്ളവർ നാടകരംഗത്തേക്ക് എത്തിയത് ധനസമ്പാദനത്തിനോ മറ്റു നേട്ടങ്ങൾക്കോ ആയിരുന്നില്ല. സമൂഹത്തിൽ നിലനിന്നിരുന്ന തെറ്റായ ചില ആചാരങ്ങൾക്കെതിരെയായിരുന്നു. അതിനാൽ തന്നെ പിന്തിരിഞ്ഞ് നോക്കുമ്പോൾ നഷ്ടബോധമില്ല. ആദ്യ നാടകത്തിലേക്കു അവസരം ഒരുക്കിയത് വീട്ടിലിരുന്ന് വെറുതെ പാടിയ പാട്ടാണെന്ന് ഓർമകൾ ചികഞ്ഞെടുത്ത് നിലമ്പൂർ ആയിഷ പറഞ്ഞു. ആ പാട്ട് പാടുകയും ചെയ്തു. 
സമ്പന്നമായ കുടുംബത്തിൽ ജനിച്ച നിലമ്പൂർ ആയിഷ പിന്നീട് ജീവിത പ്രയാസങ്ങളിലേക്ക് നീങ്ങിയതും ഗൾഫ് നാട്ടിൽ വീട്ടുവേലക്കാരിയായി ജീവിക്കേണ്ടിവന്നതുമെല്ലാം ഈ സിനിമയിലൂടെ കാണാം. ആരോടും പരിഭവമില്ലാത്ത നിലമ്പൂരിന്റെ സ്വന്തം ആയിഷാത്തയുടെ ആഗ്രഹം ജാതി മത ചിന്തകൾക്കപ്പുറം എല്ലാവരെയും നല്ല മനുഷ്യരായി കാണാനാണ്. അവാർഡുകളുടെ വലിയ പട്ടികയൊന്നും കൈവശമില്ലെങ്കിലും ഈ സിനിമ നിലമ്പൂർ ആയിഷയെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരം തന്നെയാണ്. ജീവിത സ്പർശമുള്ള കഥാപാത്രങ്ങൾ ലഭിച്ചാൽ ഇപ്പോഴും സിനിമയിൽ അഭിനയിക്കാൻ തയാറാണെന്നും നിലമ്പൂർ ആയിഷ പറയുന്നു.

Latest News