Sorry, you need to enable JavaScript to visit this website.

വശ്യം, മോഹനം മൂന്നാർ

മൂന്നാറിന്റെ വിണ്ണ് മുതൽ മണ്ണ് വരെ നിറയെ കാഴ്ചയും കൗതുകങ്ങളുമാണ്. മരം കോച്ചും മഞ്ഞു മുതൽ മരണം മുന്നിൽ കാണിക്കുന്ന മദയാനകൾ വരെ. സൗന്ദര്യവും സാഹസികതയും സമാസമം ചേർത്ത് മൂന്നാർ മാടിവിളിക്കുന്നു.
തണുപ്പാണ് മൂന്നാറിന്റെ മുഖ്യ ലഹരി. ക്രിസ്മസ് നാളുകളിൽ തുടങ്ങിയ  അതിശൈത്യവും മഞ്ഞുവീഴ്ചയും ഇപ്പോഴും തുടരുന്നു. പൂജ്യം മുതൽ മൈനസ് മൂന്നു വരെയാണ് താപനില. ലാക്കാടും കന്നിമലയുമാണ് മൈനസ് മൂന്നിൽ തണുത്തുറയുന്നത്. ദേവികുളം ഫാക്ടറി ഡിവിഷൻ, ചെണ്ടുവര, പെരിയവര, പാമ്പാടുംചോല എന്നിവിടങ്ങളിലെല്ലാം പൂജ്യത്തിൽ താഴെയാണ് ചൂട്. 

കാഴ്ചയുടെ വിരുന്ന്
നേര്യമംഗലം പാലം കടന്ന് കുറച്ച് ദൂരം പിന്നിടുമ്പോൾ  കാണാം വാളറ വെളളച്ചാട്ടം. അവിടെ തുടങ്ങുകയായി മൂന്നാറിന്റെ സാമ്പിൾ കാഴ്ചകൾ. അടിമാലി പിന്നിട്ട് പളളിവാസലിൽ. ഇനിയാണ്  മഞ്ഞിൻ പുതപ്പിട്ട തോട്ടങ്ങൾ, കാൻവാസ് ചിത്രം പോലെ കണ്ണെത്താ ദൂരത്തോളം മലമേടുകൾ,  കരിമ്പാറക്കെട്ടുകളുടെ അരഞ്ഞാണം പോലെ നീർച്ചാലുകൾ. പിന്നെ തുറക്കുന്നത് മൂന്നാർ അനുഭൂതികളുടെ മായാജാലകം. 

വരയാടുകളുടെ രാജമല 
മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയായി പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിലാണ് ഇരവികുളം ദേശീയ പാർക്ക്. വംശനാശ ഭീഷണി നേരിടുന്ന നീലഗിരി ടാർ എന്ന വരയാടിന്റെ കേന്ദ്രമായ രാജമല ഇതിന്റെ ഭാഗമാണ്.  കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഇരവികുളം. 97 ചതുരശ്ര കി.മീ വിസ്തൃതി. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളിലൊന്ന്.
സമുദ്ര നിരപ്പിൽ നിന്ന് 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചൊക്രമുടി കൊടുമുടി ഇരവികുളം നാഷണൽ പാർക്കിനുള്ളിലാണ്. 10 കിലോമീറ്റർ വരെ ട്രക്കിംഗും ആസ്വദിക്കാം.  

മാട്ടുപ്പെട്ടി ഡാം
മാട്ടുപ്പെട്ടി ഡാമിലേക്ക്  മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ.  മനോഹരമായ കാലാവസ്ഥയും തടാകവും.തടാകത്തിലെ നിശ്ചല ജലത്തിൽ ചുറ്റുമുള്ള പൂന്തോട്ടങ്ങളുടെ  പ്രതിഫലനം ഹൃദ്യം.സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1700 മീറ്റർ ഉയരം.കാഴ്ച സമ്പന്നമായ ഒരു ബോട്ട് യാത്രയും ഇവിടെ ആസ്വദിക്കാം. വെള്ളവും ഭക്ഷണവും തേടി വരുന്ന ആനകളും പതിവ് സന്ദർശകർ. 

കുണ്ടള തടാകം
മൂന്നാറിൽ നിന്നും 20 കി.മീ ദൂരം. ഡാമോട് കൂടിയ കൃത്രിമ തടാകമാണിത്.പെഡൽ ബോട്ടുകൾ, റോ ബോട്ടുകൾ, കശ്മീരി ഷിക്കാര തുടങ്ങിയ ബോട്ടിംഗ് അനുഭവങ്ങളിൽ ഏർപ്പെടാം. ബലൂൺ ഷൂട്ടിംഗ് ഗെയിമുകളും കുതിര സവാരികളും കുട്ടികളെയും മുതിർന്നവരെയും ഇവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുന്നു.

എക്കോ പോയന്റ്
പ്രതിധ്വനിയുടെ മഹാത്ഭുതം. അതാണ് എക്കോ പോയന്റ്. മൂന്നാർ ഹിൽ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ അകലെയുളള എക്കോ പോയന്റ് മൂന്നാറിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. ആകർഷകമായ സൗന്ദര്യത്തിനു പുറമെ സന്ദർശകർക്ക് എക്കോ രൂപീകരണത്തിന്റെ സ്വാഭാവിക പ്രതിഭാസവും ആസ്വദിക്കാം.

ടോപ് സ്റ്റേഷൻ 
മേഘങ്ങളെ ഇപ്പോൾ തൊടാം എന്ന് തോന്നിപ്പിക്കും തമിഴ്‌നാടിന്റെ ഭാഗമായ ടോപ് സ്റ്റേഷൻ. മൂന്നാറിൽ നിന്നും 40 കിലോമീറ്റർ ദൂരം. സമുദ്ര നിരപ്പിൽ നിന്നും 5500 അടി ഉയരം. പശ്ചിമഘട്ടത്തിന്റെ വശ്യതയും  തമിഴ്‌നാടൻ താഴവാരങ്ങളുടെ ഭംഗിയും നുകരാം. ട്രക്കിംഗ് സൗകര്യവുമുണ്ട്. 

പോതമേട് വ്യൂ പോയന്റ് 
സമൃദ്ധമായ പച്ചപ്പിലാണ് പോതമേട് വ്യൂ പോയന്റ്. ട്രക്കിംഗിനുള്ള മികച്ച ചോയ്സ്. മൂന്നാറിന്റെ താഴ്വരയുടെ മനോഹരമായ കാഴ്ച ആസ്വദിക്കാം. മൂന്നാർ  കുന്നുകളിലേക്ക് സൂര്യൻ മറയുന്ന വൈകുന്നേരങ്ങൾ മനസ്സിൽ തങ്ങിനിൽക്കും.  

ഫോട്ടോ പോയന്റ്
മൂന്നാറിലെ അത്ര അറിയപ്പെടാത്ത ഒരു സ്ഥലം. എന്നാൽ മനോഹരവും.മൂന്നാറിലെ ഹിൽ സ്റ്റേഷനിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഒരു വളവാണ് ഈ പോയന്റ്.ഫോട്ടോഗ്രഫി ഹരമായവരുടെ ഇഷ്ട കേന്ദ്രമായതാണ് ഈ പേരിന് കാരണം. മഴക്കാലത്ത്  ഫോട്ടോ പോയന്റ് പൂക്കളാൽ നിറയും.

ടാറ്റ ടീ മ്യൂസിയം 
മൂന്നാറിന്റെ ഇന്നലെകളിലൂടെയുളള സഞ്ചാരമാണ് ടാറ്റാ ടീ മ്യൂസിയത്തിൽ. തേയിലത്തോട്ടങ്ങളുടെ പ്രാധാന്യം,  തേയില നിർമാണത്തിന്റെ വഴികൾ, മൂന്നാറിന്റെ സംസ്‌കാരം എല്ലാം 2005 ൽ സ്ഥാപിതമായ മ്യൂസിയം പറഞ്ഞു തരും. ആരംഭ കാലത്ത് തോട്ടങ്ങളിൽ ആളുകൾ നടത്തിയ പരിശ്രമവും കഠിനാധ്വാനവും യന്ത്രങ്ങളും ഉപകരണങ്ങളും കൂടാതെ കൃഷി, ഉണക്കൽ, പറിക്കൽ, പാക്കേജിംഗ് എന്നിവയെല്ലാം മൂന്നാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ പ്രദർശിപ്പിക്കും.വ്യത്യസ്ത ചായകൾ ആസ്വദിക്കാൻ കഴിയുന്ന ഒരു മുറിയും ഇവിടെയുണ്ട്.തിങ്കളാഴ്ച അവധി. മറ്റു ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പ്രവേശനം. 

ചിന്നാർ വന്യജീവി സങ്കേതം
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസ കേന്ദ്രമാണ് ചിന്നാർ വന്യജീവി സങ്കേതം. ഇരവികുളം ദേശീയ ഉദ്യാനത്താലും ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്താലും ചുറ്റപ്പെട്ടിരിക്കുന്നു.വിസ്തീർണം 90 ചതുരശ്ര കിലോമീറ്റർ.  കേരളത്തിലെ 12 സംരക്ഷിത പ്രദേശങ്ങളിൽ ഒന്ന്.  
കുറച്ച് മഴ ലഭിക്കുന്ന മേഖല. ഇക്കാരണത്താൽ, ഉണങ്ങിയ മുൾച്ചെടികൾ, ഇലപൊഴിയും വനങ്ങൾ, കടൽതീരങ്ങൾ, പുൽമേടുകൾ, നദീതീര വനങ്ങൾ എന്നിങ്ങനെയുള്ള സവിശേഷമായ ആവാസ വ്യവസ്ഥകളാൽ അനുഗൃഹീതം.
മൂന്നാറിൽ നിന്ന് തമിഴ്‌നാട് അതിർത്തി വരെ കാഴ്ചകൾ ഇനിയുമുണ്ട്. മീശപ്പുലിമല,  മറയൂർ ചന്ദനക്കാട്, മറയൂർ ശർക്കര, വട്ടവട ശീതകാല പച്ചക്കറി, കാന്തല്ലൂർ പഴത്തോട്ടങ്ങൾ,  അങ്ങനെ പറഞ്ഞാൽ തീരില്ല. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാലം മൂന്നാറിനെ നീല മേലാപ്പ് അണിയിക്കുന്നു. 2018 ലാണ് ഒടുവിൽ നീലക്കുറിഞ്ഞി പൂവിട്ടത്.  

കാടിറങ്ങി കരിവീരൻമാർ
നാട്ടിൽ യഥേഷ്ടം വിഹരിക്കുന്ന കാട്ടാനകളാണ് സമീപകാലത്തെ മൂന്നാറിലെ പുതിയ അതിഥികളും കാഴ്ചയും. നാട്ടുകാർ ഇവർക്കെല്ലാം സ്വഭാവമനുസരിച്ച് പേരും നൽകിയിട്ടുണ്ട്. വീരശൂരൻ പടയപ്പ, ചക്ക മാത്രം തിന്നുന്ന ചക്കക്കൊമ്പൻ, റേഷൻ കട പൊളിച്ച് അരി ഭക്ഷിക്കുന്ന അരിക്കൊമ്പൻ, ചില്ലിക്കൊമ്പൻ അങ്ങനെ 33 കാട്ടാനകൾ മൂന്നാർ, ദേവികുളം മേഖലകളിൽ ജനവാസ കേന്ദ്രങ്ങളിലടക്കം ചുറ്റിത്തിരിയുന്നു എന്ന് വനം വകുപ്പ് പറയുന്നു. കരിവീരൻമാരോട് അടുക്കാൻ ശ്രമിക്കുന്നത് അപകടം വരുത്തും. രാത്രി യാത്ര മേഖലയിൽ വിലക്കിയിട്ടുണ്ട്.  
ഡിസംബർ മുതൽ ഫെബ്രുവരി വരെ ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് കുളിരുമായി മൂന്നാർ സന്ദർശകരെ കാത്തിരിക്കുന്നത്. മാർച്ചോടെ വേനൽ വരവാകും.അപ്പോൾ താപനില 19 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലെത്തും. 
ജൂൺ മുതൽ സെപ്റ്റംബർ വരെ മഴ. മൺസൂൺ ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സമയം.  
കോവിഡ് പ്രതിസന്ധിയിൽ നിന്നും മൂന്നാർ ടൂറിസം മേഖലയെ കരകയറ്റാൻ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വൻ ഹിറ്റായി മാറിയിരിക്കുകയാണ് വിവിധ ഇടങ്ങളിൽ നിന്നുളള കെ.എസ്.ആർ.ടി.സി മൂന്നാർ ട്രിപ്പ്. 

Latest News