Sorry, you need to enable JavaScript to visit this website.

ന്യൂ ഇയറിൽ ആലപ്പുഴയിലെ കായൽ ടൂറിസം അമരത്ത്

പാതിരാമണൽ 
ശിക്കര വള്ളം 

പുതുവത്സര സീസണിൽ ആലപ്പുഴ-കോട്ടയം ജില്ലകളിലെ കായൽ ടൂറിസം മേഖലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ഓണക്കാലത്തോടെ തുടങ്ങിയ സഞ്ചാരികളുടെ പ്രവാഹം പൂജ അവധിക്കാലവും പിന്നിട്ട് ക്രിസ്മസ് - പുതുവത്സര കാലത്ത് വലിയ തിരക്കിലേക്ക് വഴി മാറുകയായിരുന്നു.
പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും പ്രതിസന്ധിയിൽനിന്ന് കായൽ ടൂറിസം ഉയിർത്തെണീറ്റെങ്കിലും കോവിഡിന്റെ തിരിച്ചുവരവ് ആശങ്കയായിരുന്നു. 
എന്നാൽ അതിനെയെല്ലാം മറികടന്നാണ് ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയുടെ ശക്തമായ തിരിച്ചുവരവ് കാണാനായത്. വിദേശികളടക്കം ആയിരങ്ങളാണ് ഹൗസ് ബോട്ട്, ശിക്കാര യാത്രകൾ നടത്തി കുട്ടനാടൻ പ്രകൃതിഭംഗി ആസ്വദിച്ചത്. 
ഇതര സംസ്ഥാന വിനോദ സഞ്ചാരികളാണ് ഇക്കുറി ഏറെയും. മൂന്നു കൊല്ലത്തോളം നിശ്ചലമായിരുന്ന കായൽ ടൂറിസവും ഏറ്റവും സജീവമായ സമയമാണിത്. 
വിശാലമായ വേമ്പനാട് കായലിന്റെ ഓളപ്പരപ്പിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നത് വിനോദ സഞ്ചാരികളെ ഏറെ ഹരം പിടിപ്പിക്കും. കോട്ടയത്തെ കുമരകത്തുനിന്നും ആലപ്പുഴയിലെ പുന്നമടയിൽ നിന്നും ഹൗസ് ബോട്ടുകൾ വേമ്പനാട് കായലിലേക്ക് എത്തും. കായലിലെ ചെറുദ്വീപായ പാതിരാമണൽ വിദേശ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. ഇവിടെ മണിക്കൂറുകളോളം നിന്ന് പ്രകൃതി രമണീയത ആസ്വദിക്കുന്ന വിദേശ സഞ്ചാരികളുണ്ട്. ഇത്തവണ പാതിരാമണൽ കാണാൻ വലിയ തിരക്കനുഭവപ്പെട്ടു. വേമ്പനാടിനും പാതിരാമണലിനും പുറമെ പുന്നമടക്കായൽ, കുട്ടനാട്ടിലെ വട്ടക്കായൽ തുടങ്ങിയ കായൽ പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം ഏവർക്കും ഏറെ ഹൃദ്യമാണ്.

സമുദ്ര നിരപ്പിൽ നിന്ന് വളരെ താഴെയുള്ള കുട്ടനാട്ടിലെ റാണി, ചിത്തിര കായലുകളിലെ നെൽകൃഷി രീതി കാണാനും പഠിക്കാനും നിരവധി സഞ്ചാരികളാണ് ഇത്തവണയും എത്തിയത്. കുട്ടനാട്ടിലെ ആറുകളിലൂടെയും ചെറുതോടുകളിലൂടെയും ചെറിയ ശിക്കാര വള്ളങ്ങളിൽ സഞ്ചരിച്ച് കുട്ടനാടിനെ അടുത്തറിയാൻ കഴിയുന്നു. ഹൗസ് ബോട്ടുകൾ സഞ്ചരിക്കാത്തയിടങ്ങളിലും ശിക്കാര വള്ളങ്ങൾ യാത്ര നടത്തും. ഇത്തവണത്തെ പുതുവൽസര സീസൺ ശിക്കാര വള്ളങ്ങൾക്കും കൊയ്ത്തുകാലമായിരുന്നു. കായലോര റിസോർട്ടുകളും ഹോം സ്റ്റേകളും ഇത്തവണ ഹൗസ് ഫുളായിരുന്നു. കുട്ടനാടൻ ഭക്ഷണ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കാനുള്ള കായലോര റസ്റ്റോറന്റുകളും ചെറുഹോട്ടലുകളും നല്ല ലാഭക്കൊയ്ത്തു നടത്തി. കുട്ടനാടൻ മീനുകളായ കരിമീനും വരാലിനുമാണ് പ്രിയമേറെയുണ്ടായിരുന്നത്. പുതുവൽസര സീസണിൽ ഒരു വള്ളംകളി കൂടി വേണമെന്നത് സഞ്ചാരികളുടെ ആഗ്രഹമാണ്. അത് കുട്ടനാട്ടിലെ കായൽ ടൂറിസം സീസണ് പുത്തനുണർവേകും.
ഇതേസമയം, ഒറ്റപ്പെട്ട അപകട വാർത്തകൾ വിനോദ സഞ്ചാര മേഖലയിൽ കരിനിഴൽ വീഴ്ത്തി. അനധികൃതമായി ഓടുന്ന ജലയാനങ്ങളാണ് ഈ രംഗത്തെയാകെ ദുഷ്‌പേര് കേൾപ്പിക്കുന്നതെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നു.


ഇപ്പോഴും ഹൗസ് ബോട്ട് മേഖലയിൽ മികച്ച ബുക്കിങ് ലഭിക്കുന്നുണ്ട്. 
ശിക്കാര വള്ളങ്ങൾക്കും നേട്ടമുണ്ടാക്കാനായി. എന്നാൽ തോന്നുംപടി യാത്ര നിരക്ക് ഈടാക്കുന്നുവെന്ന ആക്ഷേപങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. സീസണായതിനാൽ ബുക്ക് ചെയ്യാതെ എത്തിയവർക്ക് പലർക്കും ഹൗസ് ബോട്ട് യാത്ര സാധ്യമാകുന്നില്ല. പ്രതിസന്ധിയിൽനിന്ന് കരകയറാൻ ആലപ്പുഴ ടൂറിസം മേഖല സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കിയെങ്കിലും പരാതികൾ കുറവല്ല.
പുന്നമട കായലിൽ മാത്രം ആയിരത്തിലേറെ ഹൗസ് ബോട്ടുകളുണ്ട്. ഒറ്റ നിലയും ഇരുനിലയും നാലും അഞ്ചും കിടപ്പുമുറികളും ഇവയിലുണ്ട്. എല്ലാത്തിലും ശീതീകരണ സൗകര്യങ്ങളുമുണ്ട്. കുട്ടനാടൻ ഭക്ഷണമടക്കം പുരവള്ളങ്ങളിൽ തയാറാക്കി നൽകുന്നു.
യാത്രയും ഊണും ഉറക്കവും എല്ലാം പുരവള്ളങ്ങളിൽ തന്നെ. 
രാവിലെ കയറി വൈകിട്ട് തിരികെയെത്തുന്നതു മുതൽ രാത്രി കായലിൽ തങ്ങി അടുത്ത ദിവസം തിരികെയെത്തുന്ന പാക്കേജ് വരെയുണ്ട്. ലോഡ്ജുകളിൽ മുറിയെടുക്കാതെ തന്നെ ഒന്നുരണ്ട് ദിവസം കായലിൽ സഞ്ചരിക്കാം. ഹോട്ടലുകൾ, ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലും സീസൺ തിരക്ക് പ്രകടമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News