Sorry, you need to enable JavaScript to visit this website.

സംവാദ സംസ്‌കാരത്തിലൂടെ മനുഷ്യരെ ഐക്യപ്പെടുത്തണം -സി.ഐ.സി സമ്മേളനം

ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹ്യദ നാളുകൾ കാമ്പയിന്റെ തുമാമ മേഖല പ്രഖ്യാപന സമ്മേളനം ആർഎസ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു.

ദോഹ- വെറുപ്പ് വളർത്തി മനുഷ്യർക്കിടയിൽ വിഭജനം തീർക്കുന്ന കാലത്ത് സമുദായാന്തര ബന്ധങ്ങളുടെ പാലങ്ങൾ പണിത് വെറുപ്പിനെ പ്രതിരോധിക്കണമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സിഐസി ഖത്തർ  കാമ്പയിൻ തുമാമ മേഖല പ്രഖ്യാപന സമ്മേളനം ആഹ്വാനം ചെയ്തു. 'ഇസ്‌ലാം  ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിന്റെ തുമാമ സോണൽതല പ്രഖ്യാപന സമ്മേളനം അബു ഹമൂർ അൽ ഖമർ ഹാളിൽ സി.ഐ.സി കേന്ദ്ര സമിതിയംഗം ആർഎസ് ജലീൽ  ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ സൗഹാർദപരമായ സംവാദ വേദികൾ കൊണ്ട്  പ്രതിരോധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  നവ ലിബറലുകളും സർവമത സത്യവാദികളും കമ്യൂണിസ്റ്റുകളും തീർക്കുന്ന ധാർമികതക്കെതിരായ നീക്കങ്ങളെ യുക്തിബന്ധമായ സംവാദങ്ങൾ കൊണ്ടു മാത്രമേ മുനയൊടിക്കാൻ ആവുകയുള്ളൂ എന്ന് ജലീൽ പറഞ്ഞു. 
സോണൽ ജനറൽ സെക്രട്ടറി എം.ടി അൻവർ ഷമീം (സർവമത സത്യവാദം), ഗേൾസ് ഇന്ത്യ ഖത്തർ പ്രതിനിധി സഫ സലീം (ലിബറലിസം), സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ പ്രസിഡന്റ് സഅദ് അമാനുല്ല (വംശീയ നാസ്തികത), വിമൻ ഇന്ത്യ സോണൽ വൈസ് പ്രസിഡന്റ് ജെഫ്‌ല ഹമീദുദ്ദീൻ (ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ 75 വർഷങ്ങൾ), വിമൻ ഇന്ത്യ തുമാമ സോണൽ പ്രസിഡന്റ് റഹ്മത്ത് അബ്ദുല്ലത്തീഫ് (സ്ത്രീശാക്തീകരണ രംഗത്തെ ഇസ്‌ലാമിക ഇടപെടലുകൾ) എന്നിവർ പ്രസംഗിച്ചു. പ്രമേയത്തിന്റെ വിവിധ വശങ്ങൾ അനാവരണം ചെയ്ത് മലർവാടി, തനിമ പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു.  സമൂഹത്തിന്റെ വർത്തമാനകാല സാഹചര്യത്തെ ആക്ഷേപ ഹാസ്യത്തിലൂടെ വേദിയിൽ എത്തിച്ച ചാക്യാർകൂത്തിന് ലത്തീഫ് വടക്കേക്കാട് നേതൃത്വം നൽകി. 
സോണൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ കീഴിശ്ശേരി ഉപസംഹാര പ്രഭാഷണം നിർവഹിച്ചു. മാനിഹ് മുജീബിന്റെ ഖുർആൻ പാരായണത്തിന് മെഹജബിൻ ഫാത്തിമ കാവ്യാവിഷ്‌കാരം നടത്തി.  നബീൽ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ നൗഫൽ വി.കെ നന്ദി പറഞ്ഞു. ബിലാൽ ഹരിപ്പാട്, നാസർ വേളം, എൻ.പി അശ്‌റഫ്, റഷീദ് മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.

 


 

Tags

Latest News