ദമാം- ജനകീയ വിഷയങ്ങൾ ഉയർത്തി യുവജന പ്രസ്ഥാനങ്ങൾ ജനാധിപത്യ പ്രക്ഷോഭം നടത്തുമ്പോൾ പോലീസ് രാജ് കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി അഭിപ്രായപ്പെട്ടു. യുവാക്കളുടെ തൊഴിലില്ലായ്മ അടക്കമുള്ള ജനകീയ പോരാട്ടം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെയും മുപ്പതോളം വരുന്ന യൂത്ത് ലീഗ് സംസ്ഥാന, ജില്ല നേതാക്കൾക്കെതിരെ ജാമ്യമില്ല വകുപ്പ് അടക്കം ചേർത്തുള്ള കേസുകൾ തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്ന് പ്രവിശ്യ കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂർ, സിദ്ദീഖ് പാണ്ടികശാല, അഷ്‌റഫ് ഗസാൽ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
റിയാദ് കെ.എം.സി.സി പ്രതിഷേധിച്ചു
റിയാദ്- മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അന്യായമായി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്നും എതിർ ശബ്ദങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി.
ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമര പോരാട്ടത്തിൽ എക്കാലത്തും മുന്നിൽനിന്ന് നയിച്ച ചരിത്രമുള്ള യൂത്ത് ലീഗിന്റെ 28 സമരഭടന്മാരെയാണ് പോലീസ് കഴിഞ്ഞ ദിവസം നടന്ന സേവ് കേരള മാർച്ചിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്. ഇത് ഭരണകൂട ഭീകരതയാണ്. പ്രതിഷേധ സ്വരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പി.കെ ഫിറോസ് അടക്കമുള്ള സമരഭടന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.






