ജിദ്ദ- കോഴിക്കോട്ട് നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയിൽ മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് സൗദി അറേബ്യയിലും മറ്റു ഗൾഫ് നാടുകളിലും ആതുരാലയങ്ങൾ നടത്തുന്ന അബീർ മെഡിക്കൽ ഗ്രൂപ്പ് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
അബീർ പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങലാണ് പ്രഖ്യാപനം നടത്തിയത്.
ഷറഫിയ അബീർ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച നിപ്പാ വൈറസ് ബോധവൽക്കരണ പരിപാടിയിലായിരുന്നു പ്രഖ്യാപനം.
ഭൂമിയിലെ മാലാഖയാണ് നഴ്‌സ് എന്ന വാക്കിനെ അന്വർഥമാക്കിയ ജീവിതമായിരുന്നു സിസ്റ്റർ ലിനിയുടേതെന്നും അവരുടെ വേർപാട് നൽകുന്ന വേദന ചെറുതല്ലെന്നും ഡോ. അഹമ്മദ് ആലുങ്ങൽ പറഞ്ഞു.
ആ സഹോദരി ഏറ്റവും കൂടുതൽ സ്‌നേഹിച്ച അവരുടെ കുടുംബത്തിന് ഈ തുക നൽകുന്നതിന് തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിപ്പാ വൈറസ് ബാധയെക്കുറിച്ച് പ്രവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബോധവൽക്കരണ സെഷനിൽ സംസാരിച്ച ഡോ. അഹമ്മദ് കബീർ പറഞ്ഞു. നിപ്പാ അണുബാധയെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അപ്രസക്തമാണെന്നും കേരള ആരോഗ്യ മന്ത്രാലയം സ്വീകരിച്ചു വരുന്ന സമീപനങ്ങൾ തൃപ്തികരവും സ്വീകാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
നിപ്പാ വൈറസിന്റെ ഉത്ഭവം, പകർച്ച, രോഗ ലക്ഷണങ്ങൾ, ചികിത്സാ രീതി, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ച പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിദ് അഹമ്മദ്, ഡോ. അഖിൽ റഹ്മാൻ എന്നിവർ മറുപടി നൽകി. പബ്ലിക് റിലേഷൻസ് ഓഫീസർ അബ്ദുൽ ഹഖ് പരിപാടി നിയന്ത്രിച്ചു.