വിളമ്പുന്ന ഭക്ഷണത്തിനൊപ്പം സ്‌നേഹവും കരുതലും ചേർത്തു നൽകുന്ന സംസ് കാരം വളർന്നു വരേണ്ടതുണ്ട്. അങ്ങിനെയൊരു ഭക്ഷണ വിതരണ സംസ്‌കാരം നിലവിലുണ്ടായിരുന്ന നാടാണ് കേരളം. ഈ പറഞ്ഞ ശ്രദ്ധയുടെ ഫലമായാണ് കേരളത്തിന്റെ ഭക്ഷണപ്പെരുമ ലോകത്തെങ്ങും പരന്നത്.
ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾക്ക് കേരളത്തിൽ നിരോധനം നിലവിൽ വന്നുകഴിഞ്ഞു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം എന്നാണ് പുതിയ നിർദേശം.
ഫുഡ്സേഫ്റ്റി സ്റ്റാന്റേർഡ്സ് റെഗുലേഷൻസ് പ്രകാരം ഹൈറിസ്‌ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. മയൊണൈസും മറ്റും ചേർത്ത ഭക്ഷണം തൊട്ടടുത്ത ദിവസത്തേക്ക് ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. ബാക്ടീരിയ പെരുകി ഇവ അപകടകാരിയാകും. ഫ്രീസറിന് പുറത്ത് സൂക്ഷിച്ച ശേഷം ചൂടാക്കാതെ ഉപയോഗിക്കുന്നത് റിസ്‌കാണ്. കല്യാണത്തിനും മറ്റും ഓഡിറ്റോറിയങ്ങളിൽ വിളമ്പുന്ന ഭക്ഷണവും 60 ഡിഗ്രി താപനിലയിൽ സൂക്ഷിക്കേണ്ടിവരും. ഹൈറിസ്‌ക് ഭക്ഷണം എത്തിക്കുവാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിർത്താൻ സംവിധാനം വേണം. അധിക സൂക്ഷ്മത ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ സാധാരണ ഊഷ്മാവിൽ 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രീയ നിഗമനം. അതിനാൽ ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് സർക്കാർ വിശദീകരിക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ആദ്യഘട്ടത്തിൽ നോട്ടീസ് നൽകാനാണ് തീരുമാനമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ വി.ആർ. വിനോദ് അറിയിച്ചിട്ടുണ്ട്. തെറ്റ് ആവർത്തിച്ചാൽ പിഴ, പ്രവർത്തനം നിർത്തിവെക്കുന്നതടക്കമുള്ള നടപടികളാണ് പരിഗണനയിലുള്ളത്. കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജി.ജയപാൽ അറിയിച്ചു. അസോസിയേഷനിലെ അംഗങ്ങളെയെല്ലാം സംഘടന വിവരം അറിയിച്ചു കഴിഞ്ഞു.
പൊതിക്കെട്ടുകളായി വിതരണം ചെയ്യുന്ന പാർസൽ ഭക്ഷണം മാത്രമല്ല ഭക്ഷ്യ വിഷബാധയുടെ ഇടം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എത്രയോ മേഖലകളിൾ ശ്രദ്ധ പതിയേണ്ട കാര്യമാണ് ഭക്ഷണ നിർമിതിയും വിതരണവുമെന്ന് ആർക്കും അറിയാത്തതല്ല. ജീവിതത്തിരക്കുകളും മറ്റു സാഹചര്യങ്ങളും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലെ ശുചിത്വവും ഗുണനിലവാരവും അവഗണിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു. താമസ സ്ഥലത്തേക്ക് ഓർഡർ ചെയ്ത് വരുത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആലോചിക്കാനുള്ള നേരമൊന്നും ഉപഭോക്താവിനുണ്ടാകില്ല. എന്തിന് ഈ പറയുന്ന തീയതി പരിശോധിക്കാൻ പോലും ആളുകൾക്ക് നേരമുണ്ടായിക്കൊള്ളണമെന്നില്ല. വല്ല പ്രശ്‌നവുമുണ്ടായാൽ കേസാക്കാൻ ഈ പറഞ്ഞ സ്റ്റിക്കറും സ്ലിപ്പുമൊക്കെ ബലമാകുമെന്ന് മാത്രം. ഈ ബോധം സ്ഥാപന നടത്തിപ്പുകാരിൽ ഇത്തിരി ഭയം ജനിപ്പിക്കുമെങ്കിൽ നല്ല കാര്യം. സുരക്ഷിത ഭക്ഷണത്തിന്റെ കാര്യത്തിൽ ലോകത്തെങ്ങുമുള്ള നാടുകൾ കർശന നിയമമാണ് നടപ്പാക്കുന്നത്. ഹോട്ടലുകളിലെ ഭക്ഷണം ബാക്കി വരികയാണെങ്കിൽ നിശ്ചിത സമയം കഴിഞ്ഞാൽ നശിപ്പിച്ചു കളയണമെന്ന നിയമമാണ് സമ്പന്ന രാജ്യങ്ങളിൽ നിലവിലുള്ളത്. ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരിക്കുന്ന മനുഷ്യരുള്ള നാട്ടിൽ പഴകിയ ഭക്ഷണം നശിപ്പിക്കലൊക്കെ വലിയ സാമൂഹ്യ പ്രശ്‌നം സൃഷ്ടിച്ചേക്കാം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വൃത്തിയുള്ള അന്തരീക്ഷത്തിൽ ഭക്ഷണമുണ്ടാക്കുക എന്നതാണ് സ്വീകരിക്കാൻ കഴിയുന്ന ഒരു പ്രധാന കാര്യം. കേരളത്തിലെ ഭൂരിപക്ഷം ഭക്ഷണ ശാലകളിലെയും നിർമാണ കേന്ദ്രങ്ങൾ മിനിമം വൃത്തി പോലും പാലിക്കാൻ കഴിയാത്തവയാണ്. ദോശ, ചപ്പാത്തി, പൊറോട്ട എന്നിവ ഉണ്ടാക്കുന്ന മേശയുടെ പ്രതലമൊക്കെ എന്തു മാത്രം ശ്രദ്ധയോടെയാണ് ഗൾഫ് നാടുകളിലും മറ്റും വൃത്തിയാക്കുന്നതെന്ന് അവിടെ പോയവർക്കറിയാം. കേരളത്തിലെ മിക്ക ഹോട്ടലുകളിലെയും മിക്‌സി, ഫ്രിഡ്ജ് എന്നിവ അശ്രദ്ധമായാണ് കൈകാര്യം ചെയ്യുന്നത്. ദിവസങ്ങളായി വൃത്തിയാക്കാത്ത ഫ്രിഡ്ജും മിക്‌സിയും ഭക്ഷണ സുരക്ഷക്ക് കടുത്ത വെല്ലുവിളിയാണ്. നല്ല വൃത്തി ബോധത്തോടെ കഴുകുന്ന ഭക്ഷണ നിർമാണ ഉപകരണങ്ങൾ അണു മുക്തമാണെന്ന് കണ്ടുനിൽക്കുന്നവർക്കും ഉറപ്പാക്കാനാകും.
കുറ്റമറ്റ പരിശോധന സംവിധാനം പോലും സാധ്യമാകുന്ന രീതിയിലുള്ളതല്ല കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ രംഗം. അഞ്ച് ലക്ഷത്തിന് മുകളിലാണ് കേരളത്തിലെ ഹോട്ടലുകളുടെ എണ്ണം. ഹോട്ടലും ഭക്ഷണവുമൊക്കെ പരിശോധിച്ച് നടപടിയെടുക്കാൻ അധികാരമുള്ള ഫുഡ് ഇൻസെപ്കടർമാരാകട്ടെ കേവലം 150 ന് താഴെയും. ആയിരക്കണക്കിന് വരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് പരിശോധിക്കാനും നടപടി എടുക്കാനുമുളള അധികാരം തിരിച്ചു നൽകാതിരിക്കാൻ കാരണം അനാവശ്യമായ ഇടപെടൽ ഭയന്നാണോ എന്നറിയില്ല. കാസർകോട്ട് ഒരു പെൺകുട്ടി ഷവർമ കഴിച്ച് മരിച്ചപ്പോഴായിരുന്നു അടുത്ത കാലത്ത് ഭക്ഷണ കേന്ദ്രങ്ങളുടെ വൃത്തിയുടെ കാര്യത്തിൽ കേരളത്തിന്റെ സാമൂഹ്യ ബോധം ഉണർന്നത്. ഭക്ഷ്യ വിഷബാധയും മരണങ്ങളും ഉണ്ടാകുമ്പോൾ ഉണരുന്ന സാമൂഹ്യ ബോധം മെല്ലെ മെല്ലെ അപ്രത്യക്ഷമാകും. പിന്നെ എല്ലാം പഴയ പടിയാകും.
ഒരുക്കുന്നത് ഭക്ഷണമാണെന്ന ബോധം ഹോട്ടലുകാർക്കും ഭക്ഷണ വിതരണക്കാർക്കുമെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നു. ലാഭക്കൊതി മാത്രമുള്ളവർ നടത്തുന്ന സ്ഥാപനങ്ങളാണ് നല്ല നിലക്ക് സ്ഥാപനം നടത്തുന്നവർക്കും ബാധ്യതയായി മാറുന്നത്. വിളമ്പുന്ന ഭക്ഷണത്തിനൊപ്പം സ്‌നേഹവും കരുതലും ചേർത്ത് നൽകുന്ന സംസ്‌കാരം വളർന്നു വരേണ്ടതുണ്ട്. അങ്ങനെയൊരു ഭക്ഷണ വിതരണ സംസ്‌കാരം നിലവിലുണ്ടായിരുന്ന നാടാണ് കേരളം. ഈ പറഞ്ഞ ശ്രദ്ധയുടെ ഫലമായാണ് കേരളത്തിന്റെ ഭക്ഷണപ്പെരുമ ലോകത്തെങ്ങും പരന്നത്.






