Sorry, you need to enable JavaScript to visit this website.

കണ്ണീരില്‍ കുതിര്‍ന്ന തുണ്ടുകടലാസ്; കോവിഡ് തട്ടിയെടുത്ത പ്രവാസിയുടെ ഖബറിടം തേടി സൗദിയിലെത്തിയ കുടുംബം

മക്ക- കോവിഡ് തട്ടിയെടുത്ത പ്രവാസിയുടെ ഖബറിടം കാണാനെത്തിയ മലയാളി കുടുബത്തിന്റെ നൊമ്പരം പങ്കുവെച്ച് മക്കയിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ മുജീബ് പൂക്കോട്ടൂര്‍.
കോവിഡ് മഹാമാരി കാലത്ത് സൗദിയില്‍ മരിച്ച വേങ്ങര കണ്ണമംഗലം വാളകുട സ്വദേശി മേക്കറുമ്പില്‍ അലിഹസ്സന്റെ അന്ത്യവിശ്രമ സ്ഥലം കാണാനാണ് വറ്റാത്ത കണ്ണീരുമായി അവര്‍ എത്തിയത്.  
കോവിഡ് കാലത്തും അല്ലാതെയുമായി നിരവധി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലും ശറായയിലുള്ള രണ്ട് ഖബര്‍സ്ഥാനിലും മറവു ചെയ്യുന്നതിന് നേതൃത്വം നല്‍കിയ മുജീബിനോട് ഉറ്റവരുടെ ഖബറിടം കാണണമെന്ന ആഗ്രഹം പലരും പങ്കുവെക്കാറുണ്ട്.
ഖബറടക്കി കഴിഞ്ഞാല്‍ ബുന്ധുക്കള്‍ക്ക് ഖബര്‍സ്ഥാന്റെ പേരും ബ്ലോക്ക് നമ്പറും ഖബര്‍ നമ്പറും കൊടുക്കാറാണ് പതിവ്. ബന്ധപ്പെട്ടവര്‍ ഹജ്ജിനോ, ഉംറക്കോ വിശുദ്ധഭൂമിയില്‍ എത്തിയാല്‍ അവര്‍ക്ക് ഉറ്റവരുടെ ഖബറിടത്തിലെത്തി പ്രാര്‍ത്ഥിക്കാന്‍ ഇത് അവസരമൊരുക്കുന്നു.
മൃതദേഹം മറവുചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും പലരും തന്നെ വിളിച്ച് ഖബര്‍ കാണിച്ച് തരാന്‍ പറയാറണ്ടെന്ന് മുജീബ് പറയുന്നു. അങ്ങനെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഖബറിടത്തിലേക്ക് കൊണ്ട്‌പോകാറുമുണ്ട്. അത്തരം സന്ദര്‍ഭങ്ങള്‍ വിവരിക്കാന്‍ കഴിയാത്ത മണിക്കുറുകളാണ് സമ്മാനിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.     കോവിഡ് മഹാമാരി കാലത്ത് മരിച്ച അലിഹസ്സന്റെ മൃതദേഹം അറഫയിലുഉള്ള കോവിഡ് സെന്ററില്‍ നിന്ന് ഏറ്റുവാങ്ങിയാണ് മറവു ചെയ്തിരുന്നത്. ശറായയിലുള്ള പുതിയ ഖബര്‍സ്ഥാനില്‍ മറവ് ചെയ്ത ശേഷം ബന്ധുക്കളെ ഇക്കാര്യം അറിയിച്ച് ഖബര്‍ നമ്പറും കൊടുത്തിരുന്നു.   


അലിഹസ്സന്റെ ഭാര്യയും മക്കളും നാഷണല്‍ പൊളിറ്റിക്ക്‌സ് ഗ്രൂപ്പിന്റെ  സഹായത്തോടെയാണ് ഉംറ നിര്‍വ്വഹിക്കാനെത്തിയത്. ഇവര്‍ക്ക് അലിഹസ്സന്റെ ഖബറിടം കാണിച്ച് കൊടുക്കണമെന്ന് സുഹൃത്തും വേങ്ങര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയും നാഷണല്‍പൊളിറ്റിക്‌സ് ഗ്രൂപ്പിന്റെ ചീഫ് അഡ്മിനുമായ  പുള്ളാട്ട് ഷംസു ആവശ്യപ്പെട്ടിരുന്നു.    മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ച ശേഷമാണ്     ഉപ്പയുടെ ഖബറിടം ഒന്ന് കാണണമെന്ന ആവശ്യപ്പെട്ട്  അലി ഹിസ്സന്റെ മക്കളുടെ വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചത്.  ഖബറടക്കിയ സ്ഥലവും ഖബറിന്റെ നമ്പറും ഒരു ചെറിയ കടലാസില്‍ എഴുതിയിന്റെ ഫോട്ടോയും അയച്ചു. ആ വാട്‌സ്ആപ്പ് മെസേജിലേക്ക് കുറെസമയം നോക്കിനിന്നുപോയെന്നും  പ്രവാസികളായ നമുടെ ആകെ ബാലന്‍സ് ആ തുണ്ടുകടലാസാണെന്നും ഓര്‍ത്തുപോയെന്ന് മുജീബ്.  
ഉടന്‍ തന്നെ ഹറമിന് അടുത്തുള്ള താമസ്ഥലത്ത് പോയി ആ കുടുംബത്തെ വാഹനത്തില്‍ കയറ്റി നേരേ ശറായ ഖബര്‍സ്ഥാനിലേക്ക് പോയി.... ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനും.
ഖബര്‍സ്ഥാന്റെ കവാടത്തിനടത്തു കൊണ്ടുപോയി വാഹനം നിര്‍ത്തിയപ്പോള്‍ തന്നെ പിന്‍ സീറ്റില്‍നിന്ന് തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പെണ്‍ മക്കളെയും ഭാര്യയെയും ഖബര്‍ കാണാവുന്ന രീതിയില്‍ ചുറ്റുമതിലിന് പുറത്തു നിര്‍ത്തിയ ശേഷം മകനെയും കൂട്ടി ഖബറിന്റെ അടുത്തേക്ക് പോയി.
ബ്ലോക്ക് അഞ്ചില്‍ 721 മത്തെ ഖബര്‍ മകന്‍ ദുല്‍കിഫ്‌ലിക്ക് കാണിച്ചു കൊടുത്തു.   മകന്‍ ഏറെസമയം ഖബറിനടുത്ത് ചെലവഴിച്ചു. വേദനകള്‍ കടിച്ചമര്‍ത്തി കണ്ണീരില്‍ കുതിര്‍ന്ന മകനെ ഖബര്‍സ്ഥാനില്‍നിന്ന് പുറത്തേക്ക് കൊണ്ടു വന്നു. നിയന്ത്രണം വിട്ട് വാവിട്ട് കരഞ്ഞ ഉമ്മയെയും മക്കളേയും സമാധാനിപ്പിക്കാന്‍ ഏറെ പാടുപെട്ടു. ഉപ്പയുടെയുടെ അടുത്തേക്ക് വീണ്ടും കൊണ്ടുവരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് അവരെ ഒരു വിധം വാഹനത്തില്‍ കയറ്റിയത്. വല്ലാത്ത ഒരവസ്ഥയിലായിരുന്നു ആ മണിക്കൂറുകളെന്ന് മുജീബ് പൂക്കോട്ടൂര്‍  പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News