സൗദിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു; സുരക്ഷാ ആപ്പുകളുമായി ബന്ധിപ്പിക്കും

മക്ക-സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നതും നിരീക്ഷിക്കുമെന്നും  സുരക്ഷ ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കുമെന്നും ് പൊതു സുരക്ഷാ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി  പറഞ്ഞു. കുറ്റവാളികള്‍ വാഹനത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ പിടികൂടുന്ന സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന്  അദ്ദേഹം അറിയിച്ചു. ഇത്തരം സംവിധാനം പൊതുസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. നിലവിലെ സംവിധാനങ്ങളില്‍ അപ്‌ഡേഷന്‍ വരുത്തിയാണ് ഈ സേവനം ലഭ്യമാക്കുക.
കുല്ലുനാ ആമിന്‍ പ്ലാറ്റ് ഫോം നവീകരണം നടന്നുവരികയാണ്. കുറ്റവാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എല്ലാ വിവരവും അതില്‍ അപ്‌ഡേറ്റ് ചെയ്യാം. 22ാമത് ഹജ്ജ് ഉംറ ഗവേഷണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കയില്‍ തീര്‍ഥാടകരുടെ വിവരങ്ങളും പെര്‍മിറ്റുകളും പരിശോധിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. മക്ക അതിര്‍ത്തിയില്‍ വാഹനങ്ങളെയും വ്യക്തികളെയും തിരിച്ചറിയാന്‍ സഹായിക്കുന്ന സവാഹിര്‍ പ്ലാറ്റ്‌ഫോം ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ മക്കറോഡ് പദ്ധതി നടപ്പാക്കിയതായി ജവാസാത്ത് മേധാവി ലഫ് ജനറല്‍ സുലൈമാന്‍ അല്‍യഹയ അറിയിച്ചു. വിവിധ രാജ്യങ്ങള്‍ ഈ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 13 ശതമാനം ഹാജിമാര്‍ കഴിഞ്ഞ വര്‍ഷം മക്ക റോഡ് പദ്ധതിയിലുള്‍പ്പെട്ടാണ് ഹജ്ജ് കര്‍മ്മത്തിനെത്തിയത്. അതുവഴി കുറഞ്ഞ സമയം കൊണ്ട് അവരുടെ നടപടികള്‍ പൂര്‍ത്തിയാക്കാനായി.
മക്ക നഗരത്തില്‍ 30 ലധികം സ്ട്രീറ്റുകള്‍ കൂടി നവീകരിക്കുമെന്ന് മക്ക റോയല്‍ അതോറിറ്റി മേധാവി എന്‍ജി സാലിഹ് ബിന്‍ ഇബ്‌റാഹീം അല്‍റശീദ് അറിയിച്ചു. എല്ലാ സ്ട്രീറ്റിലെയും റോഡുകളും കെട്ടിടങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്ന വിധത്തില്‍ നവീകരിക്കും. അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്- അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News