ഉന്നിന്റെ പ്രസ്താവന കടുത്തു; കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറിയെന്ന് ട്രംപ്

വാഷിങ്ടണ്‍- ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ ഭീഷണി സ്വരത്തിലുള്ള പ്രസ്താവനയില്‍ പ്രതിഷേധിച്ച് ജൂണ്‍ 12-ന് സിംഗപൂരില്‍ നടക്കാനിരുന്ന യുഎസ്-ഉത്തര കൊറിയ ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഉന്നിന് ട്രംപ് അയച്ച് കത്ത് വൈറ്റ് ഹൗസ് ട്വിറ്ററില്‍ പങ്കുവെച്ചു. ഖേദകരമെന്നു പറയട്ടെ, താങ്കളുടെ ഏറ്റവുമൊടുവിലത്തെ പ്രസ്താവനയിലെ പ്രകടമായ രോഷവും ശത്രുതയും കാരണം ഇപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ സമയമല്ലെന്നാണ് എനിക്ക് തോന്നുന്നത്- കത്തില്‍ ട്രംപ് പറയുന്നു. ഇത് പാഴായ അവസരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഭാവിയില്‍ ഉന്നുമായി കൂടിക്കാഴ്ച നടത്താനാകുമെന്ന് പ്രതീക്ഷയും ട്രംപ് പങ്കുവയ്ക്കുന്നു.

വ്യാഴാഴ്ച ഉത്തര കൊറിയ തങ്ങളുടെ ആണവ പരീക്ഷണ കേന്ദ്രങ്ങളിലൊന്ന് ബോംബിട്ട് തകര്‍ത്തതിനു തൊട്ടുപിറകെയാണ് ട്രംപിന്റെ പിന്മാറ്റം. യുഎസ് ആവശ്യം പരഗണിച്ച് ആണവ കേന്ദ്രം തകര്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ഏതാനും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഉത്തര കൊറിയ അനുമതിയും നല്‍കിയിരുന്നു. ഇതിനു പുറമെ അടുത്ത മാസം നടക്കാനിരിക്കുന്ന ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറുമെന്നും  വ്യാഴാഴ്ച ഉത്തര കൊറിയ ഭീഷണി ആവര്‍ത്തിച്ചിരുന്നു. ആവശ്യമായി വന്നാല്‍ യുഎസിനു നേരെ ആണവാക്രമണം നടത്താന്‍ തങ്ങള്‍ തയാറാണെന്നും ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഞ്ഞുരുക്കത്തിനുള്ള വഴികള്‍ ഇതോടെ ഒരിക്കല്‍ കൂടി അടഞ്ഞു.
 

Latest News