റിയാദ്- മനുഷ്യനും ബഹിരാകാശവും എന്ന ശീർഷകത്തിൽ കിംഗ് സൽമാൻ സയൻസ് ഒയാസിസിൽ റിയാദ് എക്‌സിബിഷൻ ഫോർ സ്‌പേസ് ബഹിരാകാശ പ്രദർശനത്തിന് തുടക്കമായി. റിയാദ് സിറ്റി റോയൽ കമ്മീഷൻ, വിദ്യാഭ്യാസ മന്ത്രാലയം, സൗദി സ്‌പേസ് അതോറിറ്റി, കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം. ഫെബ്രുവരി അവസാന വാരം വരെ നീളും.
ബഹിരാകാശത്തെ കുറിച്ച് അറിയേണ്ടതെല്ലാം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിയാദ് റോയൽ കമ്മീഷൻ സൂപ്പർവൈസർ എൻജിനീയർ ഖാലിദ് ബിൻ അബ്ദുല്ല അൽഹസനി പറഞ്ഞു.
വിവിധ കാലഘട്ടങ്ങളിൽ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്കുള്ള മനുഷ്യന്റെ ഇടപെടൽ, പ്രപഞ്ചത്തെ കുറിച്ച് ഇന്നുവരെ ലഭ്യമായ അറിവുകൾ, ചിത്രങ്ങൾ, ബഹിരാകാശ സഞ്ചാരം, ഗോളശാസ്ത്ര കണ്ടെത്തലുകൾ എന്നിവയെല്ലാം ഇവിടെ പ്രദർശനത്തിനുണ്ട്.
സസ്‌പെൻസ് നിറഞ്ഞ എട്ട് കേന്ദ്രങ്ങളായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ചൊവ്വയിലെ നടത്തം, ടെലസ്‌കോപ്, കൃത്രിമ ഉപഗ്രഹങ്ങൾ എന്നിവ അടുത്തറിയാനുള്ള അവസരം, വിവിധ തരം ബഹിരാകാശ ഗെയിമുകൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
റിയാദ് പ്ലാറ്റിനം വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റെടുക്കേണ്ടത്. 37 റിയാൽ മുതലാണ് ടിക്കറ്റ് ചാർജ്. അഞ്ചു വയസ്സിന് മുകളിലുള്ളവർക്കാണ് പ്രദർശനമെങ്കിലും എല്ലാവർക്കും പ്രവേശിക്കാം.






