ന്യൂദല്‍ഹി- ഗുജറാത്തില്‍ 2002 ല്‍ നടന്ന വംശഹത്യയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്ക് നേരിട്ടുള്ള പങ്കുണ്ടെന്ന് കലാപകാലത്ത് ബ്രിട്ടീഷ് വിദേശ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോ. ഇതുസംബന്ധമായി ഹൈക്കമീഷന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും ദ വയറിന് വേണ്ടി കരണ്‍ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
2002 ഫെബ്രുവരി 27 ന് നരേന്ദ്രമോഡി ഉന്നത പോലീസ് ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കലാപത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കിയതായി ജാക് സ്‌ട്രോ പറഞ്ഞു. മോഡി നേരിട്ട് നേതൃത്വം നല്‍കിയതാണ് കലാപമെന്നും അതാണ് പൊതുവായുണ്ടായ ധാരണയെന്നും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. വംശീയ ഉന്മൂലനമാണ് നടന്നതെന്നും സാധാരണ കൊലപാതകങ്ങളല്ലെന്നുമാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട്. തനിക്കതില്‍ വളരെയേറെ ഉത്കണ്ഠ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.