സൗദിയുമായി ശക്തമായ ബന്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നു -ചോലെറ്റ്

റിയാദ് - സൗദി അറേബ്യയുമായി ശക്തമായ ബന്ധം നിലനിർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കൻ വിദേശ മന്ത്രാലയ ഉപദേഷ്ടാവ് ഡെറിക് ചോലെറ്റ് പറഞ്ഞു. സൗദി അറേബ്യയുടെയും അമേരിക്കൻ ഭരണകൂടത്തിന്റെയും നയം ഇറാന്റെ ഭീഷണികളെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ചോലെറ്റ് പറഞ്ഞു. രാഷ്ട്രീയവും നയതന്ത്രവുമായ തലങ്ങളിൽ ഇറാൻ ഭരണകൂടവുമായി കൂടുതൽ കർക്കശമായ ഇടപെടലുകൾ ആവശ്യപ്പെടുന്ന പ്രമേയത്തിൽ യൂറോപ്യൻ പാർലമെന്റിൽ വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിലാണ് ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ സൗദി അറേബ്യയുമായി ശക്തമായ ബന്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായി ഡെറിക് ചോലെറ്റ് വ്യക്തമാക്കിയത്.
പ്രതിഷേധക്കാർക്കെതിരെ ഇറാൻ അധികാരികൾ നടത്തുന്ന അടിച്ചമർത്തലുകളെയും യൂറോപ്യന്മാരെ ബന്ദികളായി പിടിക്കുന്നതിനെയും യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ അപലപിച്ചു. ഇറാൻ റെവല്യൂഷനറി ഗാർഡിനെയും അർധ സൈനിക വിഭാഗമായ ബാസിജ് മിലീഷ്യയും ഖുദ്‌സ് ഫോഴ്‌സും ഉൾപ്പെടെയുള്ള അനുബന്ധ സേനകളെയും യൂറോപ്യൻ യൂനിയന്റെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
 

Tags

Latest News