നാട്ടില്‍ വിലക്കയറ്റം രൂക്ഷം; ജ്വല്ലറിക്കാരന് സ്വര്‍ണത്തില്‍ തീര്‍ത്ത മോഡി പ്രതിമാ ഭ്രമം

സൂറത്ത്- രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുമ്പോഴും ഭരണാധികാരിയുടെ സ്വര്‍ണ പ്രതിമയാണ് ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്ത. റോമാ നഗരം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെന്നു ചരിത്രങ്ങളില്‍ പറയുന്നതുപോലൊരു വാര്‍ത്തയാണ് സൂറത്തില്‍ നിന്നും വരുന്നത്. 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വര്‍ണ പ്രതിമയാണ് ഒരു ജ്വല്ലറി ഉടമ തീര്‍ത്തിരിക്കുന്നത്. ഗുജറാത്തിലെ 182ല്‍ 156 സീറ്റുകള്‍ നേടിയ ബി. ജെ. പി വിജയം ആഘോഷിക്കാന്‍ മോഡിയുടെ അര്‍ധകായ പ്രതിമയുടെ തൂക്കം 156 ഗ്രാമുമാക്കി. 

സൂറത്തിലെ രാധിക ചെയിന്‍സ് ജ്വല്ലറി ഉടമയാണ് പ്രതിമയുണ്ടാക്കിയതിന് പിന്നില്‍. 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച പ്രതിമയ്ക്ക് ഇയാള്‍ മുടക്കിയത് 11 ലക്ഷം രൂപയാണ്. താന്‍ നരേന്ദ്ര മോഡിയുടെ ആരാധകനാണെന്നും അദ്ദേഹത്തോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് പ്രതിമയിലെത്തിച്ചതെന്ന് ചെയിന്‍സ് ജ്വല്ലറി ഉടമ ബസന്ത് ബോഹ്റ പറയുന്നു. 

ഇരുപതോളം സ്വര്‍ണപ്പണിക്കാര്‍ മൂന്നു മാസത്തോളം ജോലി ചെയ്താണ് പ്രതിമ നിര്‍മിച്ചത്. പ്രതിമ പലര്‍ക്കും ഇഷ്ടമായെന്നും പലരും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നതായും ബസന്ത് പറയുന്നു. എന്നാല്‍ തത്ക്കാലം വില്‍ക്കാന്‍ ഉദ്ദേശമില്ലെന്നാണ് ഇയാള്‍ പറയുന്നു. 

ഇരുപത് വര്‍ഷമായി സൂററ്റില്‍ സ്ഥിരതാമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ബസന്ത് ബോഹ്റ യു. എസിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ മാതൃകയും സ്വര്‍ണത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ആ പ്രതിമ പിന്നീട് വില്‍പ്പന നടത്തിയിരുന്നു.

Tags

Latest News