ഈജിപ്തില്‍ പോലീസ് അതിക്രമം ചോദ്യം ചെയ്ത ബ്ലോഗര്‍ അറസ്റ്റില്‍

കയ്‌റോ- ഈജിപ്തില്‍ പോലീസ് അതിക്രമങ്ങളെ വിമര്‍ശിച്ച് രംഗത്തുവന്ന ബ്ലോഗറും ജേണലിസ്റ്റുമായ വാഇല്‍ അബ്ബാസ് അറസ്റ്റിലായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കയ്‌റോയിലെ വസതിയില്‍നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകന്‍ ഗമാല്‍ ഈദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുകയാണെന്ന് ചൊവ്വാഴ്ച രാത്രി വാഇല്‍ അബ്ബാസ് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. 
ഇതൊരു അറസ്റ്റല്ലെന്നും തട്ടിക്കൊണ്ടുപോകലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. വാഇല്‍ അബ്ബാസിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് അതിക്രമം, പീഡനം, അഴിമതി എന്നിവക്കെതിരെ വാഇല്‍ അബ്ബാസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പത്ത് വര്‍ഷത്തിലേറെയായി യുട്യൂബിലും ട്വിറ്ററിലും ഇദ്ദേഹം സജീവമാണ്. ഹുസ്്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ 2011 ലെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുമുണ്ടായിരുന്നു. 2017 ല്‍ വാഇലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. നിരോധിത മുസ്്‌ലിം ബ്രദര്‍ഹുഡിനു പുറമെ, ഇടതു, മതേതര പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിനെതിരെ 2013 മുതല്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നുണ്ട്. 
ഈ മാസം ആദ്യം ബ്ലോഗര്‍മാരായ ശരീഫ് ഗാബര്‍, ശാദി അബുസെയിദ് എന്നിവരെ ഈജിപ്ത് പോലീസ് അറസ്റ്റ് ചെയ്്തിരുന്നു. യുട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ഹാസ്യ വീഡിയോകളുടെ പേരിലാണ് അബുസൈദ് അറസ്റ്റിലായത്. ഇയാളെ കയ്‌റോയില്‍ സുരക്ഷാ പ്രോസിക്യൂട്ടറുടെ ആസ്ഥാനത്തിനു കൈമാറിയിരിക്കയാണ്. സിനായി ഉപദ്വീപിലെ തീവ്രവാദത്തെ കുറിച്ച് പഠിച്ചിരുന്ന അലക്‌സണ്ട്രാനിയെ 2015 നവംബറില്‍ മുസ്്‌ലിം ബ്രദര്‍ഹുഡ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരടക്കം 330 യുവ തടവുകാര്‍ക്ക് മാപ്പ് നല്‍കിയതായി സീസി കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. 

Latest News