തിരുവനന്തപുരം - സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധപോലുള്ള അടിയന്തര സാഹചര്യത്തില്‍ അതിന്റെ അന്വേഷണം, തുടര്‍നടപടികള്‍, റിപ്പോര്‍ട്ടിംഗ് എന്നിവ നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഉത്തരവാദിത്തമായിരിക്കും.
ഭക്ഷ്യവിഷബാധയുടെ ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികളെടുക്കുന്നതിനും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുന്‍പായിത്തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്‌സ്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാര്‍ അവരവരുടെ പ്രവര്‍ത്തനം അതീവ ഗൗരവത്തോടെയും കൂട്ടുത്തരവാദിത്വത്തോടുകൂടിയും രഹസ്യസ്വഭാവത്തോടുകൂടിയും നിറവേറ്റണം. ഭക്ഷ്യവിഷബാധയുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടും കാലതാമസം വരുത്താതെ കമ്മിഷണര്‍ ഓഫീസില്‍ അയക്കണം. ആറുമാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലകള്‍: ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് അവയുണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കല്‍.
ഭക്ഷ്യവിഷബാധയുണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവ.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദേശം നല്‍കല്‍, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദേശം നല്‍കല്‍, വ്യാജ ഓര്‍ഗാനിക്ക് ഉത്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍, വില്‍പന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കല്‍, ഹെല്‍ത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിര്‍മാണ രീതികളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടികളെടുക്കുകയും ആവശ്യമായ വിവരങ്ങള്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോര്‍ട്ടും നല്‍കല്‍, കമ്മിഷണര്‍ നിര്‍ദേശിക്കുന്ന മറ്റ് ചുമതലകള്‍ വഹിക്കല്‍ എന്നിവ.
നിയമം നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ തടസം നിന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.