ദമാം- എഫ്.സി.ഡി ദമാമിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ട മുപ്പത്തിയേഴാമത് തെക്കേപ്പുറം ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. ഫൈനൽ ദിനത്തിൽ പെയ്ത മഴയെയും തണുപ്പിനെയും അവഗണിച്ചെത്തിയ കുടുംബിനികളടക്കമുള്ള നൂറുകണക്കിന് കാണികളെ സാക്ഷി നിർത്തി തോപ്പിൽ ടീമിനെ പരാജയപ്പെടുത്തി ആസ്പെയർ സൊല്യൂഷൻ ടീം ജേതാക്കളായി.
മുഴുസമയവും എക്സ്ട്രാ ടൈമും ഗോൾരഹിത സമനിലയിൽ കലാശിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഫദലുറഹ്മാനെയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫഹീം ഫൈസലിനെയും തെരഞ്ഞെടുത്തു. ഹാസിം അൽത്താഫ് (പുതുമുഖ കളിക്കാരൻ), റയാൻ നാസർ (ടോപ് സ്കോറർ), കോയസ്സൻ കോയ (ഗോൾ കീപ്പർ) എന്നിവരെയും തെരഞ്ഞെടുത്തു.
മാസ്റ്റേഴ്സ് വിഭാഗത്തിൽ തോപ്പിൽ ടീം രണ്ടു ഗോളുകൾക്ക് ഓയിൽ കെമിസ്ട്രിയെ പരാജയപ്പെടുത്തി ജേതാക്കളായി. മാമുക്കോയയെ ഫൈനലിലെ മികച്ച കളിക്കാരനായും, കെ.വി. അക്ബറിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോറർ ആയും തെരഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിൽ ഓയിൽ കെമിസ്ട്രിയും സബ് ജൂനിയർ വിഭാഗത്തിൽ ഐഡിയ ലിങ്കും ജേതാക്കളായി. വിജയികൾക്ക് മുഹമ്മദ് റാസി, ശകീബ്, ഹാഷിം, ഫൈസൽ, നുസൂൽ, ഹാദി, ഹംദാൻ, ബുക്ഷൻ, ബാസിത്, ഉമ്മർകോയ, മുഹമ്മദാലി, കോയസ്സൻ കോയ, ഇൻസാഫ് എന്നിവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.






