Sorry, you need to enable JavaScript to visit this website.

സ്വന്തം കോട്ട് ഊരി വെക്കുമോ; ചെന്നിത്തലക്ക് മിണ്ടാട്ടമില്ല

'അമ്മാ, നല്ല കാലം വന്താച്ച്, നല്ല കാലം വന്താച്ച്' എന്നു പറഞ്ഞ് കൂട്ടിലിട്ട തത്തയെയും കൊണ്ടുനടക്കുന്ന കുറത്തിയെ സിനിമയിലെങ്കിലും കാണാത്തവർ ചുരുക്കം. ആരെങ്കിലും അവശേഷിക്കുന്നുണ്ടങ്കിൽ ഇതാ 138 ചലഞ്ചുമായി കോൺഗ്രസിന്റെ നേതാക്കൾ ഭവന  സന്ദർശനത്തിനെത്തുന്നു. ജീവനിൽ കൊതിയുള്ളവർ വീടു പൂട്ടി പിന്നിലൂടെ കടന്നുകൊൾക, അവരുടെ കൈവശം ഇന്ദിരാഭവൻ വെടിഞ്ഞ് പുറത്തിറങ്ങുന്നത് സ്വന്തം ജീവനു വേണ്ടിത്തന്നെ. 
കടുവയും പുലിയും ആനയുമൊക്കെ വയനാട്ടിലും മൂന്നാറിലും ഇറങ്ങിയാൽ പേടിക്കണം. ഖദർവാലകളെ കണ്ട് അത്തരമൊരു ഭയം വേണ്ട. രസീതു ബുക്കില്ലാത്തവരെ കണ്ടാൽ വ്യാജന്മാരാണെന്നു കരുതിയാൽ മതി. ബുക്കില്ലാതെ പാർട്ടിക്ക് ഇനി ഒരടി മുന്നോട്ടോ പിന്നോട്ടോ ചലിക്കാൻ കഴിയില്ല. കഴിഞ്ഞ 137 ചലഞ്ചിൽ പോഷക സംഘടന മേളപ്പെരുക്കത്തിൽ കൊട്ടിക്കയറി. പക്ഷേ ഒരു കാഷ്വാലിറ്റിയുണ്ടായി- ഖജാൻജി പ്രതാപ ചന്ദ്രന്റെ മരണം. ഇനി 'പോഷക'ക്കാർ പിരിവിനെ പോഷിപ്പിക്കണ്ട.
138 ചലഞ്ച് പ്രഖ്യാപിച്ചതിനാൽ മെയ് മാസം 4 ന് സെക്രട്ടറിയേറ്റ് വളയാൻ ആളെ കിട്ടും. സർക്കാർ 144 പ്രഖ്യാപിക്കാതെ നോക്കിയാൽ മതി. യഥാർഥ ഭരണ കേന്ദ്രം ഒരു കിലോമീറ്റർ അകലെയുള്ള എ.കെ.ജി സെന്ററാകയാൽ, അത്രേടം പോയി ഒന്നു വളഞ്ഞു നോക്കുന്നതും നന്നാകും. ഇടതു പാർട്ടിക്കെതിരെ ഭരണകൂട ഗുണ്ടായിസമോ ഫാസിസമോ ആരോപിക്കാൻ ഇതിലും വലിയൊരു അവസരം കിട്ടുകയില്ല. റിപ്പബ്ലിക് ദിനത്തിൽ തുടങ്ങുന്ന ഫണ്ടു പിരിവ് കൊണ്ട് ഗുണം രണ്ടുണ്ട്. ഒന്ന്, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള 'കോട്ട്' വിവാദം ഒന്നു തണുപ്പിക്കാം. രണ്ട്, ആ ചിന്തയിൽ തന്നെ ലയിച്ച് അകാലത്തിൽ 'സിദ്ധി കൂട്ടാനുള്ള' ചിലരുടെ ദുര്യോഗത്തെയും ഒഴിവാക്കാം.
പണ്ട് പണ്ട് ജവാഹർലാൽ നെഹ്‌റു ബിലാത്തിയിൽ പോയി പഠിച്ചപ്പോഴും പിന്നീട് പ്രധാൻ മന്ത്രിജി ആയപ്പോഴും അദ്ദേഹത്തിന്റെ 'കോട്ട്' തയ്പിച്ചിരുന്നതു ഇംഗ്ലണ്ടിലും പാരീസിലുമൊക്കെ ആയിരുന്നുവെന്നാണ് കേൾവി(?) വിദ്യാഭ്യാസ കാലത്തു തന്നെ അദ്ദേഹം പ്രധാനമന്ത്രിക്കുള്ള കോട്ട് തയ്പിച്ചു സൂക്ഷിച്ചിരുന്നോ എന്നു വ്യക്തമല്ല. എന്നാൽ ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് - അവർ ബ്ലോക്കുതലം മുതൽക്കേ- മന്ത്രിസ്ഥാനം സ്വപ്‌നം കാണാതെ ഉറങ്ങാൻ കഴിയാറില്ല. അങ്ങനെ തയ്പിച്ചിട്ടുള്ളവർ, ഇനിയൊരു അറിയിപ്പുണ്ടാകാതെ തന്നെ, മടക്കി പെട്ടിക്കുള്ളിൽ വെയ്ക്കണമെന്നാണ് ചെന്നിത്തലയുടെ  നിർദേശം. സ്വന്തം കോട്ട് ഊരി വെയ്ക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം 'കമാന്നു' മിണ്ടുന്നുമില്ല. ശശി തരൂർ, സതീശൻ, സുധാകരൻ, വേണുഗോപാൽ തുടങ്ങി തിരുവഞ്ചൂർ, വെമ്പായം മണി വരെയുള്ളവർക്ക് നിർദേശം ബാധകം. രണ്ടരക്കൊല്ലം ആ 'മോഹക്കുപ്പായം' പെട്ടിക്കകത്തിരുന്നാൽ പാറ്റ കരണ്ടുതിന്നുകൊള്ളും; അല്ലെങ്കിൽ ദ്രവിക്കും. ചെന്നിത്തല അതിൽ ആനന്ദം കണ്ടെത്തുന്നുണ്ടാകാം.

****                  ****                       ****

പൂച്ച വീണാലും നാലു കാലിലേ വീഴൂ. പിന്നെ ഇടതുമുന്നണിയോ? കെ. റെയിൽ, സിൽവർ ലൈൻ, വൈസ് ചാൻസലർ, ചാൻസലർ തുടങ്ങി സർവത്ര മേളമായിരുന്നു കുറച്ചുകാലം. ഒടുവിൽ പെരുവനം കുട്ടൻമാരാർ ഔട്ടായതുപോലെ എല്ലാം ഒടുങ്ങി; പക്ഷേ പാർട്ടി ഒതുങ്ങിയെന്നു കരുതിയവർക്കു തെറ്റി. സ്വകാര്യ കൽപിത സർവകലാശാലകളുമായി കൺവീനർ ജയരാജൻ സഖാവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാലത്തിന് അനുസരിച്ച മാറ്റം എന്നാണദ്ദേഹത്തിന്റെ മഹദ്‌വചനം. തിരുത്തൽ വാദം ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാമെന്നു പുരാണ ചരിത്രരേഖകളിൽ കാണുമായിരിക്കാം! മുമ്പ് ആ വഴിക്കു വന്നെത്തിയ എ.ഡി.ബി ഉദ്യോഗസ്ഥരെ കരിഓയിൽ ഒഴിച്ചു സ്വീകരിച്ചതും ഇതേ സഖാവിന്റെ ദൂതന്മാർ ആയിരുന്നു. മാന്യനും നിരുപദ്രവിയും ഉറക്കമില്ലാത്തവർക്ക് സുഖനിദ്ര നൽകും വിധമുള്ള പ്രഭാഷണ വിദഗ്ധനുമായ മുൻ അംബാസഡർ ടി.പി. ശ്രീനിവാസനെ ഒരു ചിന്ന വിദ്യാർഥി സഖാവ് കരണത്തടിച്ചത് എന്തിനായിരുന്നു? സ്വാശ്രയവും വിദേശമൂലധന വിദ്യഭ്യാസവും എന്നിവർ വിപത്തുകൾ ഒഴിവാക്കാൻ മാത്രം! പ്രമുഖ എയ്ഡഡ് കോളേജുകൾ ഇപ്പോഴിതാ കൽപിത സർവകലാശാലകളാകാൻ കോട്ട് തയ്ച്ച് ഇറങ്ങിത്തുടങ്ങി.
കാലത്തിനനുസരിച്ച മാറ്റം വേണം സഖാവേ! എത്ര കോടികളാണ് ഇനി.... ഓ, കേട്ടാൽ തന്നെ മധുരിക്കുന്നു.....!
മറ്റൊരു സർക്കാർ പ്രഖ്യാപനത്തിന്റെ രോമാഞ്ചം സഹിക്കാതെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്- വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡിന്റെ പണി വേഗത്തിലാക്കുമെന്ന്! മണിക്കൂറിൽ എത്ര കിലോമീറ്റർ വേഗത്തിൽ എന്നുകൂടി ചേർക്കാമായിരുന്നു; പ്രഖ്യാപനമല്ലോ, പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ! അദാനിയുടെ വിഴിഞ്ഞം തുറമുഖവുമായി മേൽപടി റോഡ് ബന്ധിക്കുമോ എന്നറിഞ്ഞാൽ അടുത്ത സമരത്തിനുള്ള വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 54 ജീവനക്കാരുള്ള മൂന്നു തഹസിൽദാർ ഓഫീസുകളാണ്  ഈയൊരു റോഡിനു വേണ്ടി തുറക്കുന്നത്. ഭൂമിയും നഷ്ടപരിഹാരവുമായി ഒരു പത്തു കൊല്ലത്തിൽ കുറഞ്ഞ് എന്തു പണിയാ ചെയ്യാനുള്ളത്? ഇതൊക്കെ ശബ്ദ വീചികൾ വഴി സ്വീകരിച്ചിട്ടാണോ വയനാട്ടിലും മറ്റും ആനയും കടുവയും നാട്ടിലിറങ്ങുന്നത് എന്നന്വേഷിക്കുന്നതും നന്ന്. 
നിയമസഭ മന്ദിരത്തിലെ പുസ്തകോത്സവത്തിന്റെ കൊടിയിറക്കം പരാതിയോടെയായി. അല്ലെങ്കിലും, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം! പ്രഭാവർമയെയും ജോർജ് ഓണക്കൂറിനെയും പ്രസംഗിക്കണ്ട എന്നു പറഞ്ഞു സംഘാടകർ വിലക്കിപോലും! അവരിനി സർവീസിൽ കാണുമോ! ഗുരുഗോപിനാഥിന്റെ ശിഷ്യയുടെ പുസ്തകം പ്രകാശിപ്പിക്കുന്നിടത്ത് പ്രസംഗത്തിനു കാര്യമില്ല. കൈമുദ്ര കാട്ടിയും കാൽച്ചിലമ്പു കിലുക്കിയും വല്ലതുമൊക്കെ ആയാൽ കാണികൾ സഹിക്കും. പിന്നെയും പ്രസംഗമാണെങ്കിൽ എന്തു സംഭവിക്കുമെന്ന് സങ്കൽപിക്കാൻ കഴിയില്ല. അല്ല, അവർ പ്രസംഗിച്ചിട്ടും വലിയ കാര്യമില്ല. ഏറെ രസകരമായ ഒരു പഴയ കാര്യം- ബാലചന്ദ്രൻ ചുള്ളിക്കാട് 'വസന്തതിലകം' വൃത്തത്തിൽ ഒരു കവിതയെഴുതി. അതിനെ മാത്രം വാഴ്ത്തി രണ്ടു പേജ് തന്റെ ഗവേഷണ പ്രബന്ധത്തിൽ മറ്റൊരാൾ വെച്ചു കാച്ചി. കക്ഷിക്കു ഡോക്ടറേറ്റ് ലഭിച്ചു. പക്ഷേ 'കേക' വൃത്തമെന്നാണ് വ്യാഖ്യാനിച്ചതെന്നു മാത്രം!
 

Latest News